കര്‍ഷക പ്രതിഷേധം; ഇനിയെന്ത്? 

കര്‍ഷക സമരത്തിന്‍റെ ഭാവി എങ്ങനെ ഭവിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
കര്‍ഷക പ്രതിഷേധം; ഇനിയെന്ത്? 

വിവാദ കാര്‍ഷിക നിയമങ്ങള്‍ പ്രതി കേന്ദ്ര സര്‍ക്കാരിനെതിരെ ഒന്നര മാസത്തോളമായി തുടരുന്ന കര്‍ഷകരുടെ പ്രതിഷേധം നിര്‍ണ്ണായകമായ വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് മരവിപ്പിക്കാനുള്ള സുപ്രീം കോടതി ഉത്തരവ്, കൊടുമ്പിരികൊള്ളുന്ന കര്‍ഷക രോഷം തണുപ്പിക്കാന്‍ കേന്ദ്രം കണ്ട പിടിവള്ളിയായി മാത്രമേ വ്യാഖ്യാനിക്കാന്‍ സാധിക്കൂ. കർഷകരും സർക്കാരുമായി ചർച്ച നടത്തി കോടതിക്കു റിപ്പോർട്ട് നൽകാൻ നിയോഗിക്കപ്പെട്ട നാലംഗ സമിതിയിലെ ഭൂരിപക്ഷ നിലപാട് ഇതിനോടകം തന്നെ വ്യക്തവുമാണ്. ഈ സമിതിയോടുള്ള അതൃപ്തി കര്‍ഷകര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മന്ത്രിമാരും 41 കർഷക ​പ്രതിനിധികളും അണിനിരന്ന്​ ജനുവരി എട്ടിന്​ നടന്ന എട്ടാം വട്ട ചര്‍ച്ചയും ഫലം കാണാതെ പിരിഞ്ഞതോടെ വെള്ളിയാഴ്ച ഒന്‍പതാം വട്ട ചര്‍ച്ച നടക്കും. നിലവിലെ സുപ്രീം കോടതി ഉത്തരവ് ഉയര്‍ത്തിക്കാട്ടി കര്‍ഷകരെ വരുതിയിലാക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമമായിരിക്കും ഈ ചര്‍ച്ചയുടെ കാതല്‍. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്യവ്യാപകമായി നടത്താന്‍ തീരുമാനിച്ച കര്‍ഷക പരേഡില്‍ നിന്നടക്കം പിന്മാറാതെ, പ്രതിഷേധാഗ്നി ഒട്ടും കെടാതെ, പതറാതെ പൊരുതാനാണ് കര്‍ഷകരുടെ തീരുമാനം. തഥവസരത്തില്‍ കര്‍ഷക പ്രതിഷേധത്തിന്‍റെ ഭാവി എങ്ങനെ ഭവിക്കുമെന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.

സ്റ്റേ; വിമര്‍ശനങ്ങള്‍ വിലയിരുത്തലുകള്‍

പാർലമെന്‍റ് പാസാക്കി, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ പ്രാബല്യത്തില്‍ വന്ന നിയമങ്ങൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കാതെ, എതിര്‍പ്പുകള്‍ തണുപ്പിക്കാനെന്നോണം കോടതി സ്റ്റേ ചെയ്യുന്നതിലെ പൊരുത്തക്കേടുകളാണ് വ്യപകമായി വിമര്‍ശിക്കപ്പെടുന്നത്. വ്യവസ്ഥകൾ സംബന്ധിച്ച് പ്രാഥമിക വാദം കേട്ട്, പ്രത്യക്ഷത്തിൽതന്നെ നിയമങ്ങള്‍ കുഴപ്പം പിടിച്ചതാണെന്ന് വിലയിരുത്തിയല്ല കോടതി നടപടിയെന്നത് അസ്വാരസ്യങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. അതേസമയം, നിയമങ്ങളെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് കഴമ്പുണ്ടെന്ന ഊഹവും കോടതി മുന്നോട്ടുവച്ചിരുന്നു. നിയമങ്ങൾ പാസാക്കുന്നതിന് മുന്നോടിയായി ഉണ്ടാകേണ്ട അനിവാര്യമായ ചര്‍ച്ചകളുടെ അഭാവം, സര്‍ക്കാര്‍ കാട്ടിയ തിടുക്കം, കര്‍ഷക പ്രതിഷേധം കണക്കിലെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലുള്ള അലംഭാവം എന്നിവ കോടതി മുഖവിലയ്‌ക്കെടുത്തിട്ടുണ്ട്.

എന്നാല്‍, ഭരണഘടനാ വിരുദ്ധമായതിനാല്‍ നിയമങ്ങള്‍ റദ്ദ് ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം മറികടന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താത്കാലികമായി മരവിപ്പിക്കുകയും വിഷയം പഠിക്കുന്നതിന് നാലംഗ സമിതി രൂപവത്കരിക്കുകയുമാണ് കോടതി ചെയ്തത്. പ്രസ്തുത സ്റ്റേയ്ക്ക് ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ സ്റ്റേ എടുത്തു കളയേണ്ടി വരും. അതോടെ സര്‍ക്കാര്‍ നിയമം നടപ്പാക്കും. കോടതി നിയമിച്ച നാലംഗ സമിതി സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടിന്‍റെ രത്നചുരുക്കം ഇപ്പൊഴേ ഊഹിക്കാം. കാരണം കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന നിലപാടുകള്‍ ഈ നാംലഗ സമിതിയിലെ അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയതാണ്. ലോകത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയെ തീരുമാനിക്കാൻ കങ്കണ റണാവത്ത്, അർണബ് ഗോസ്വാമി, സംബീത് പത്ര, രജത് ശർമ എന്നിവരുടെ സമിതി രൂപീകരിക്കുന്നതു പോലെയാണിത്,' എന്നിങ്ങനെ ആക്ടിവിസ്റ്റായ ധ്രുവ് രതിയെ പോലുള്ളവരില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നത് ഈ സാഹചര്യത്തിലാണ്.

കാര്‍ഷിക മേഖലയിലെ നിയമ പരിഷ്‌കാരങ്ങളെ തുറന്ന് പിന്തുണയ്ക്കുകയും മാധ്യമ സംവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാടുകളെ ന്യായീകരിച്ച് പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് പ്രസ്തുത സമിതിയില്‍ ഉള്‍പ്പെട്ട അശോക് ഗുലാത്തി. കാര്‍ഷിക നിയമങ്ങൾ കർഷകർക്കു കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും ലഭ്യമാക്കുമെന്നായിരുന്നു കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞനായ ഗുലാത്തിയുടെ വാദം. നിയമ പരിഷ്കാരങ്ങളെ അനുകൂലിച്ച് അദ്ദേഹം ലേഖനങ്ങളും എഴുതിയിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മഹാരാഷ്ട്രയിലെങ്ങും റാലികളും മറ്റും സംഘടിപ്പിച്ച വ്യക്തിയാണ് അനില്‍ ഘന്‍വാത്. മഹാരാഷ്ട്രയിലെ ക്ഷേത്കരി സംഘാടൻ പ്രസിഡന്‍റായ അദ്ദേഹം നിയമങ്ങൾ പിൻവലിക്കരുതെന്നും ഭേദഗതികൾ മതിയെന്നും കേന്ദ്ര കൃഷി മന്ത്രിക്കു കത്തയച്ച വ്യക്തിയാണ്. ക്ഷേത്കരി സംഘാടൻ ബിജെപിയുമായി പങ്കുവയ്ക്കുന്ന നിലപാടുകളും പ്രസിദ്ധമാണ്.

ഭാരതീയ കിസാന്‍ യൂണിയന്‍ എന്ന പേരിലുള്ള കര്‍ഷക സംഘടനയുടെ നേതാവും മുന്‍ എംപിയുമായ ഭൂപീന്ദര്‍ സിങ്ങ് മനും നിയമങ്ങളെ പിന്തുണച്ച് കേന്ദ്ര കൃഷിമന്ത്രിക്ക് കത്തയച്ചവരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹം നേതൃത്വം നല്‍കുന്ന കിസാന്‍ കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് പ്രക്ഷോഭ രംഗത്തുള്ള സംഘടനകളുമായി യാതൊരു ബന്ധവുമില്ല. നിയമങ്ങൾ മൂലം വിളകൾക്കുള്ള താങ്ങുവില ഇല്ലാതാകുമെന്ന വാദം തള്ളിക്കളഞ്ഞയാളാണ് കൃഷി വിദഗ്ധന്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി. ഈ നാല്‍വര്‍ സംഘം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി തുടര്‍ നടപടികളിലേക്ക് കടക്കുന്നത് എന്നു പറയുമ്പോള്‍ ഇനി എന്ത് സംഭവിക്കുമെന്ന കാത്തിരിപ്പു തന്നെ വൃഥാവിലാണ്.

ചുരുങ്ങിയത് കുറച്ച് മാസത്തെക്കെങ്കിലും നാലംഗ കമ്മിറ്റി അതിന്റെ പ്രവർത്തനങ്ങൾ നീട്ടിക്കൊണ്ടുപോകുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മാസത്തോടെ റാബി വിളവെടുപ്പ് ആരംഭിക്കും. അപ്പോള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന നല്ലൊരു ശതമാനം കര്‍ഷകര്‍ക്കും വീടുകളിലേക്ക് തിരികെ പോകേണ്ടതായി വരും. പഞ്ചാബ്, ഹരിയാന എന്നിവിടങ്ങള്‍ക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍വലിയുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നുണ്ട്. അതായത് നിലവിലെ സാഹചര്യത്തെ കൈകാര്യം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സാവകാശം അനുവദിച്ചു എന്നതിലുപരി സുപ്രീം കോടതി നടപടിയില്‍ യാതൊരു പ്രസക്തിയുമില്ല.

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുവെന്ന തോന്നല്‍ ഉണ്ടാക്കിയെങ്കിലും രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരചരിത്രത്തിന് കാരണഭൂതനായ നിയമ പരിഷ്കരണം സംബന്ധിച്ച, അവ്യക്തതകള്‍ ഇല്ലാതാക്കാനുള്ള നടപടികള്‍ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അങ്ങനെയെങ്കില്‍ ഈ മഹാമാരിക്കാലത്ത് തിരക്കുപിടിച്ച് നിയമം പാസാക്കാനുള്ള കാരണം? മിനിമം സഹായ വില നിശ്ചയിക്കുന്ന A2 + FL രീതിയോടൊപ്പം സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതെങ്ങിനെ? പുതിയ നിയമം പാസാക്കിയ പാര്‍ലമെന്‍ററി നടപടികള്‍ എന്തായിരുന്നു? എട്ടോളം തവണ ചര്‍ച്ച ചെയ്തിട്ടും നിയമത്തിന്‍റെ നേട്ടങ്ങള്‍ കര്‍ഷകരെ ബോദ്ധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതെന്തുകൊണ്ട്? തുടങ്ങി സുപ്രധാനമായ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേനേ. ഇതിനു പകരം പ്രതിഷേധച്ചൂടില്‍ വിയര്‍ക്കാന്‍ തുടങ്ങിയ അധികാരികള്‍ക്കുമേല്‍ കോടതി നന്നായി കാറ്റു പകര്‍ന്നിട്ടുണ്ട്. അത് കാണാതെ പോവുക വയ്യ.

അതേസമയം, കര്‍ഷകവിരുദ്ധങ്ങളായ കരിനിയമങ്ങള്‍ പിന്‍വലിക്കുകയെന്നതില്‍ കുറഞ്ഞ, യാതൊരു വിട്ടുവീഴ്ചകള്‍ക്കും കര്‍ഷക സംഘടനകള്‍ തയ്യാറല്ല. ഉന്നതനീതിപീഠത്തിന്‍റെ ഉത്തരവിനോടുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് തന്നെ, കോടതി വ്യവഹാരങ്ങളില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ജനുവരി 26ാം തീയതിയിലെ റിപ്പബ്ലിക് ദിന പരേഡ്, ഓരോ പൗരന്റെയും അവകാശമാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തെയും, ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും അംഗീകരിച്ച്​, ഇന്ത്യയിലെ കര്‍ഷകര്‍ റിപ്പബ്ലിക് ദിനം ആചരിക്കുമെന്നും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമിതി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിശദീകരിച്ചു കഴി‍ഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങളും കോട്ടങ്ങളും

പൗരന്മാരുടെ പ്രതിഷേധച്ചൂടറിഞ്ഞ നാളുകള്‍ കര്‍ഷക സമരത്തിനു മുമ്പും രാജ്യം കണ്ടിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് ജമ്മു കാശ്മീർ പുനഃസംഘടന നിയമവും പൗരത്വ നിയമ ഭേദഗതിയും സൃഷ്ടിച്ച പ്രക്ഷോഭങ്ങളും സമരപരമ്പരകളും. എന്നാല്‍ ആ സാഹചര്യങ്ങളിലൊന്നും സുപ്രീം കോടതി, നിയമ നടപടികള്‍ മരവിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിച്ചിട്ടില്ല. പക്ഷെ കാര്‍ഷിക നിയമങ്ങള്‍ക്ക് ഈ ആനുകൂല്യം എങ്ങനെ ലഭിച്ചു? പ്രതിഷേധം തണുപ്പിക്കുക, സമരക്കാരെ ചർച്ചയ്ക്കു പ്രേരിപ്പിക്കുക എന്നിവയാണു നിയമങ്ങൾ സ്റ്റേ ചെയ്യാനുള്ള മൂലകാരണമായി സുപ്രീം കോടതി പറഞ്ഞത്. അപ്പോള്‍ പൗരത്വ നിയമത്തിലും കാശ്മീർ വിഷയത്തിലും സ്വീകരിച്ച നിലപാടിലെ വൈരുദ്ധ്യം പരിഗണിക്കേണ്ടതല്ലേ?

കാശ്മീര്‍ വിഷയത്തിലായാലും പൗരത്വ നിയമ ഭേദഗതിയിലായാലും രാഷ്ട്രീയ നേട്ടങ്ങള്‍ മാത്രമാണ് ബിജെപിക്കുണ്ടായത്. എന്നാല്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ കുറച്ചു കൂടി ഗുരുതരമാണ്. കര്‍ഷകരുടെ സമരം ബിജെപിക്കും എൻഡിഎ മുന്നണിക്കും കടുത്ത രാഷ്ട്രീയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. കാർഷികമേഖലകളേറെയുള്ള സംസ്ഥാനങ്ങളിലാണ് സമരം ശക്തം. പഞ്ചാബില്‍ ശിരോമണി അകാലിദൾ, രാജസ്ഥാനില്‍ രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എന്നീ രണ്ട് സഖ്യകക്ഷികളെ ബിജെപിക്ക് ഇതിനകം നഷ്ടമായി. പഞ്ചാബിൽ ബിജെപി ഒറ്റപ്പെട്ടു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവെക്കുകയും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നത് അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് കാത്തിരിക്കുന്ന സംസ്ഥാനത്തെ ബിജെപി ഘടകത്തിന് വന്‍ ക്ഷീണമാണ്.

ഹരിയാനയിലെ ബിജെപി- ജെജെപി(ജന്‍നായക് ജനത പാര്‍ട്ടി) സഖ്യം അനിശ്ചിതത്വത്തിലായി. അടുത്തിടെ നടന്ന നഗര തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം, കർഷകരുടെ പ്രതിഷേധം ബിജെപിയെ എങ്ങനെ ദോഷകരമായി ബാധിക്കുന്നു എന്നതിന്റെ തെളിവായിരുന്നു. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകുമെന്ന് ജെജെപി നേതാക്കൾ ബിജെപി നേതൃത്വത്തെ കഴിഞ്ഞ ദിവസം ധരിപ്പിക്കുകയും ചെയ്തു. ജെജെപിയിലെ ഒരുവിഭാഗം എംഎൽഎമാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്. കൂടാതെ ഉത്തരാഖണ്ഡ്, പടിഞ്ഞാറന്‍ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകർ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തില്‍ പങ്കുചേരുമ്പോള്‍ ബിജെപിക്ക് അത് വന്‍ ആഘാതമാണ്.

കോടതിയെ മുന്‍നിര്‍ത്തി താത്കാലികാശ്വാസം നേടുക മാത്രമല്ല, സമരത്തെ നേരിടാൻ കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കാനാണ് സർക്കാർ ശ്രമം. തീവ്രവാദി നുഴഞ്ഞുകയറ്റമെന്ന ആരോപണമാണ് ഇതിന്‍റെ ആദ്യപടി. ഇത് നിയമപരമായിത്തന്നെ സർക്കാർ ഉന്നയിച്ചുകഴിഞ്ഞു. സമരക്കാർക്കിടയിൽ ഖലിസ്ഥാൻ വാദികൾ കടന്നുകയറിയിട്ടുണ്ടെന്നും ‘സിഖ്സ് ഫോർ ജസ്റ്റിസ്’ സംഘടനയാണു സമരത്തിനു പണം നൽകുന്നതെന്നും ഇന്ത്യൻ കിസാൻ യൂണിയൻ എന്ന സംഘടന സുപ്രീം കോടതിയിൽ ആരോപിച്ചപ്പോള്‍ ഇതിനെ അറ്റോർണി ജനറൽ കെകെ വേണുഗോപാല്‍ പിന്തുണയ്ക്കുകയായിരുന്നു. ഇന്‍റലിജൻസ് ബ്യൂറോയിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശ സുരക്ഷ മുന്‍ നിര്‍ത്തി കര്‍ഷക പ്രക്ഷോഭത്തെ രാജ്യദ്രോഹപരമാക്കി തീര്‍ക്കാനുള്ള പദ്ധതികളാണ് ഇതോടെ ചുരുളഴിയുന്നത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഒറ്റപ്പെടുത്താനുള്ള നയങ്ങളും ഇതിനു പുറകിലുണ്ട്. എന്നാല്‍, ഈ നീക്കം അതീവ ഗൗരവതരമായ സംഘര്‍ഷ സാധ്യതകളാണ് തുറന്നിടുന്നത്. അതിനാല്‍ വിവേകപൂർണമായ സമീപനം സ്വീകരിക്കാൻ സർക്കാരും ബന്ധപ്പെട്ട കക്ഷികളും തയ്യാറാകണം. കോടതിവിധിയെ നിർണായകമായി കാണുന്നില്ലെന്നും സുപ്രീം കോടതി കാർഷിക നിയമങ്ങളെ ശരിവെച്ചാലും തങ്ങൾ അത് അംഗീകരിക്കാതെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷകര്‍ പറയുമ്പോള്‍ രാഷ്ട്രീയ- ഭരണപരമായ ഒരു തീരുമാനത്തിനു മാത്രമേ നിലവിലെ സ്ഥിതിഗതികള്‍ പര്യവസാനിപ്പിക്കാനാകൂ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com