അറേബ്യൻ മേഖലയിൽ ആണവായുധ പന്തയം
Featured

അറേബ്യൻ മേഖലയിൽ ആണവായുധ പന്തയം

യുറേനിയം യെല്ലോകേക്ക് വേർതിരിച്ചെടുക്കുന്നതിനുള്ള സൗകര്യം സൗദി അറേബ്യ വികസിപ്പിച്ചെടുത്തതായി റിപ്പോര്‍ട്ട്

K K Sreenivasan

K K Sreenivasan

അറേബ്യൻ മേഖല ആണവായുധ പന്തയത്തിന് സജ്ജമാവുന്നു. യുറേനിയം യെല്ലോകേക്ക് വേർതിരിച്ചെടുക്കുന്നതിനുള്ള സൗകര്യം സൗദി അറേബ്യ വികസിപ്പിച്ചെടുത്തതായി വാൾസ്ട്രീറ്റ് ജേണൽ ദിനപത്രം പാശ്ചാത്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടു ചെയ്തിരിക്കുന്നു. ഈ റിപ്പോർട്ടാണ് മേഖലയിലെ ആണവായുധ പന്തയത്തിലേക്ക് വെളിച്ചംവിശുന്നത്.

ആണവ റിയാക്ടറുകൾക്കായി യുറേനിയം ഇന്ധനം തയ്യാറാക്കുന്നതിനാണ് യെല്ലോകേക്ക് ഉപയോഗിക്കുന്നത്. ചൈനീസ് സഹായത്താലാണ് യെല്ലോകേക്ക് നിർമ്മാണ പ്ലാൻ്റെ ന്നാന്ന് റിപ്പോർട്ട്. സൗദി മരുഭൂമിയിലെ ഉൾപ്രദേശമായ അൾ - ഉൽഅയിലാണ് പ്ലാൻ്റ്.

പ്ലാൻ്റ് സംബന്ധിച്ച വിവരങ്ങൾ ഇനിയും പൊതുമണ്ഡലത്തിൽ ലഭ്യമാക്കിപ്പെട്ടിട്ടില്ല. രഹസ്യമായാണിത് വികസിപ്പിച്ചെടുത്തതെന്ന് പറയുന്നു. സൗദി അതിൻ്റെ പുതിയ ആണവ പദ്ധതി മുന്നോട്ട് പോവുകയാണെന്ന ശക്തമായ സൂചനകളാണിത്. റിയാദ് ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള മാർഗ്ഗം തുറന്നിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങൾ ആശങ്കയിലാണ്.

ഇറാൻ ആണവ ബോംബ് വികസിപ്പിച്ചെടുത്താൽ തങ്ങളു മത് പിന്തുടരുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ 2018 ൽ പ്രസ്താവിച്ചിരുന്നു. യെല്ലോകേക്ക് നിർമ്മിതി സൗകര്യത്തെ കിരീടാവകാശിയുടെ പ്രസ്താവനയുമായി അമേരിക്കൻ കോൺഗ്രസ് കൂട്ടി വായിക്കുകയാണ്.

രാജ്യം യുറേനിയം അയിര് വേർതിരിച്ചെടുക്കുന്ന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന പ്രചരണം സൗദി ഊർജ്ജ മന്ത്രാലയം നിഷേധിച്ചു. പക്ഷേ സൗദി അറേബ്യയ്ക്കുള്ളിൽ യുറേനിയം പര്യവേക്ഷണത്തിനായി ചൈനീസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടതായി മന്ത്രാലയം സന്മതിച്ചു - വാൾസ്ട്രീറ്റ് റിപ്പോർട്ട് പറയുന്നു.

വാൾസ്ട്രീറ്റ് ജേണലിന്റെ വെളിപ്പെടുത്തലിനോട് വാഷിംഗ്ടൺ ഡിസിയിലെ ചൈനീസ് എംബസി പ്രതികരിച്ചില്ല. ആണവായുധങ്ങൾ വികസിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് പ്രചരണം ഇറാനും നിഷേധിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വാൾസ്ട്രീറ്റ് ജേണലുമായി അഭിപ്രായം പങ്കു വയ്ക്കുവാൻ പക്ഷേ ഇറാൻ തയ്യാറായില്ല.

യെല്ലോകേക്ക് യുറേനിയം അയിരിൽ സ്വാഭാവികമായി വേർതിരിഞ്ഞുണ്ടാകുന്നതാണ്. ഇത് സമ്പുഷ്ഠികരിച്ച് ആണവോർജ്ജ നിലയങ്ങളുടെ റിയാക്ടർകൾക്കുള്ള ഇന്ധനമായി ഉപയോഗപ്പെടുത്തുന്നു. ആണവായുധ നിർമ്മിതിക്കുമിത് ഉപയോഗിക്കപ്പെടുന്നുണ്ട്.

സമാധാനപരമായ ആണവോർജ്ജ വികസനത്തിന് സഹകരിക്കുന്നതിനായി റിയാദും ബീജിംഗും 2012 ൽ കരാരിൽ ഒപ്പുവച്ചിട്ടുണ്ട്. ചൈന നാഷണൽ ന്യൂക്ലിയർ കോർപ്പറേഷനും ചൈന ന്യൂക്ലിയർ എഞ്ചിനീയറിംഗ് ഗ്രൂപ്പ് കോർപ്പറേഷനുമായാണ് സൗദി അറേബ്യ കരാറിലേർപ്പെട്ടിരിക്കുന്നത്.

ബാരാക്കയിൽ യുഎഇയുടെ നാല് ആണവ നിലയങ്ങൾ സജീവമാവുകയാണ്. ഇറാനും ആണവായുധത്തിൻ്റെ വാതിൽപ്പടിയിലാണ്. ഇവയിലൊന്നും ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടവും പരിശോധനയും അനുവദിക്കപ്പെടുന്നില്ല. അറേബ്യൻ മേഖല ഇന്ന് ആണാവുധ പന്തയത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സൗദിയും മേഖലയിലെ ആണവായുധ പന്തയത്തിൽ പങ്കാളികളാകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

ട്രമ്പ് ഭരണകൂടം സൗദി അറേബ്യക്ക് ആണവ സാങ്കേതികവിദ്യകൾ വാഗ്ദാന ചെയ്തതിനെതിരെ 2019 മെയിൽ യുഎസ് കോൺഗ്രസ് കമ്മിറ്റി റിപ്പോർട്ട് നൽകിയിരുന്നു. ആണവ നിർവ്യാപനം നിബന്ധനകൾ പാലിക്കാതെ തന്നെ സൗദിക്ക് ആണവസാങ്കേതിക വിദ്യ കൈമാറാൻ ട്രമ്പ് ഭരണകൂടം നീക്കം നടത്തിയിനെതിരെയായിരുന്നു കോൺഗ്രസ് കമ്മിറ്റി റിപ്പോർട്ട്. 2019 ഫെബ്രുവരിയിൽ സമാനമായ മുന്നറിയിപ്പ് യുഎസ് ഹൗസ് ഓഫ് റപ്രസെൻ്റീറ്റീവ് മുമ്പാകെയെത്തിയിരുന്നു. വ്യവസ്ഥകൾ മറികടന്ന് സൗദിക്ക് ആണവസാങ്കേതിക വിദ്യ കൈമാറുന്നത് പൂർവ്വേഷ്യയിൽ ആണവായുധ പന്തയത്തിന് ഊർജ്ജം നൽകുമെന്ന മുന്നറിയിപ്പുകൾ നൽകപ്പെട്ടിരുന്നു. സൗദിയുടെ യെല്ലോകേക്ക് വികസിപ്പിച്ചെടുക്കൽ യു എസ് ആണവായുധ നിയന്ത്രണ സമിതികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

2003 ൽ ഇറാഖിനുമേൽ യുഎസ് അധിനിവേശം. ഈ വേളയിൽ ഇറാഖിനെതിരെ യുഎസ് ഉന്നയിച്ച ആരോപണങ്ങളിലൊന്നായിരുന്നു സദ്ദാം ഹുസൈൻ യെല്ലോകേക്ക് കൈവശമാക്കിയിരുന്നുവെന്നത്. ഇത്തരം ഇടപാടുകൾ നടന്നിട്ടില്ലെന്ന് യു എസ് രഹസ്യാന്വേഷണ സംഘം സിഐഎ‌ സൂചിപ്പിച്ചു. എന്നിട്ടും നൈജറിൽ നിന്ന് യെല്ലോകേക്ക് വാങ്ങാൻ സദ്ദാം ശ്രമിച്ചതായി പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് ആരോപിച്ചു. സദ്ദാമിനെ അട്ടിമറിച്ചു. ഇറാഖിനെതിരെ യെല്ലോകേക്ക് ശേഖരണമെന്നത് പിന്നീട് ഇല്ലാക്കഥയെന്ന് തെളിയിക്കപ്പെട്ടുവെന്നത് ലോകം കണ്ടു.

Anweshanam
www.anweshanam.com