പി കെ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്‌ട്രീയത്തിൽ വീണ്ടും സജീവമാകുമ്പോൾ

ഈ 'സേഫ് സോൺ' വിട്ട് കുഞ്ഞാലികുട്ടി എന്തിന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി എന്നത് ഒരു ചോദ്യവുമായി അവശേഷിക്കുന്നു
പി കെ കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്‌ട്രീയത്തിൽ വീണ്ടും സജീവമാകുമ്പോൾ

പാണ്ടിക്കടവത്ത് കുഞ്ഞാലികുട്ടി എന്ന പി കെ കുഞ്ഞാലികുട്ടി ഒരിടവേളയ്ക്ക് ശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് മുസ്‌ലിം ലീഗ് നേതൃത്വം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയെ നയിക്കേണ്ട ചുമതല അദ്ദേഹത്തിന് നൽകി പാർട്ടി സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രസ്താവന നടത്തി.

മുസ്‌ലിം ലീഗിന്റെ അനിഷേധ്യനായ നേതാവാണ് പി കെ കുഞ്ഞാലികുട്ടി. പാണക്കാട് തങ്ങൾ കഴിഞ്ഞാൽ ഒരുപക്ഷെ മുസ്‌ലിം ലീഗിന്റെ ശബ്ദവും ആവേശവുമാണ് അണികളുടെ കുഞ്ഞാലികുട്ടി സാഹിബ്. ദേശീയ പാർട്ടിയാണെങ്കിലും മുസ്‌ലിം ലീഗ് എന്ന പാർട്ടിയുടെ ഏറ്റവും ശക്തമായ ഇടം കേരളം തന്നെയാണ്. രാജ്യത്തിന്റെ ചിലയങ്ങളിൽ നാമമാത്രമായി ഉണ്ടെങ്കിലും കേരളം തന്നെയാണ് പാർട്ടിയുടെ തട്ടകം. മുസ്‌ലിം ലീഗിനും നേതാക്കന്മാർക്കും എന്തെങ്കിലും ചെയ്യാൻ ഉണ്ടെങ്കിൽ അത് കേരളത്തിലാണ്. ഇവിടെ അവർക്കുള്ള സ്വാധീനവും പിന്തുണയും ശക്തിയും ചെറുതല്ല.

എന്നിട്ടും ഈ 'സേഫ് സോൺ' വിട്ട് കുഞ്ഞാലികുട്ടി എന്തിന് ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി എന്നത് ഒരു ചോദ്യവുമായി അവശേഷിക്കുന്നു. അതിന് ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന ഉത്തരം കുഞ്ഞാലികുട്ടി കേന്ദ്ര മന്ത്രിസഭയിൽ ഒരു സീറ്റ് സ്വപ്‌നം കണ്ടിരുന്നു എന്നതാണ്. ആദ്യ നരേന്ദ്ര മോദി സർക്കാർ തെരഞ്ഞെടുപ്പിൽ വീഴുമെന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ വരുമെന്നുമുള്ള സാധ്യത കണ്ട് കുഞ്ഞാലികുട്ടി ഒരു മുഴം നീട്ടി എറിഞ്ഞതാണെന്നാണ് വിമർശകർ അദ്ദേഹത്തിന്റെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റത്തിന് പിന്നിൽ എന്ന് ആരോപിച്ചിരുന്നു.

യുപിഎ അധികാരത്തിൽ വന്നാൽ സ്വാഭാവികമായും മുസ്‌ലിം ലീഗിന് ഒരു കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പായിരുന്നു. ഇത് നേരത്തെ യുപിഎ അധികാരത്തിലേറിയപ്പോഴെല്ലാം ഘടക കക്ഷിയായ ലീഗിന് ലഭിച്ചിരുന്നതാണ്. ആ സമയത്ത് മന്ത്രിസ്ഥാനത്ത് ഇ അഹമ്മദ് ഉണ്ടായിരുന്നു. പൊതുവിൽ എല്ലാവർക്കും സമ്മതനായ അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുന്നതിൽ ആർക്കും പ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തോടെ ആ സീറ്റ് ഒഴിഞ്ഞു കിടപ്പായി.

പാർലമെന്റിലേക്ക് ഇ അഹമ്മദിന് പിന്നാലെ പോയിരുന്ന മറ്റൊരു വ്യക്തി ഇ ടി മുഹമ്മദ് ബഷീറാണ്. പ്രത്യക്ഷത്തിൽ ലീഗിനകത്ത് ഗ്രൂപ്പ് ഇല്ലെങ്കിലും വ്യക്തിപരമായി അത് ഉണ്ടെന്നാണ് പലകുറി തെളിഞ്ഞിട്ടുള്ളത്. ഇതിന് ആക്കം കൂട്ടുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനവുമായി ഉയർന്ന മറ്റൊരു വിമർശനം. യുപിഎ അധികാരത്തിലേറിയിരുന്നെങ്കിൽ ഇ അഹമ്മദിന് പകരക്കാരനായി ഇ ടി മുഹമ്മദ് ബഷീർ അവരോധിക്കപ്പെടും. പാർലമെന്റിൽ നേരത്തെ പരിചയമുള്ള ആളെന്ന നിലക്കും ദേശീയ രാഷ്ട്രീയത്തിൽ ഏറെ നാളുകളായി തുടരുകയും ചെയ്യുന്നതിനാൽ അദ്ദേഹത്തിന് അത് സാധിക്കും. കേന്ദ്രത്തിൽ ഇ ടി മന്ത്രിയായിരിക്കുന്ന വേളയിൽ കുഞ്ഞാലികുട്ടി കേരളത്തിലെ എംഎൽഎ മാത്രമായിരിക്കും. ഇതോടെ പാർട്ടിക്കകത്ത് കുഞ്ഞാലിക്കുട്ടിയുടെ അഭ്രമാദിത്വത്തിന് മേലെയാകും ഇ ടി. ഇത് തടയിടാനാണ് കുഞ്ഞാലികുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറിയത് എന്നാണ് വിമർശനം.

മറ്റൊരു വിമർശനം, കുഞ്ഞാലികുട്ടി - മുനീർ ബന്ധവുമായി ഉള്ളതാണ്. ഏറെ നാളായി തുടരുന്ന ഈ പ്രശ്‌നത്തിന്റെ മറ്റൊരു മുഖമാണ് കുഞ്ഞാലികുട്ടിയെ പാർലമെന്റിലേക്ക് എത്തിച്ചത്. ഇ അഹമ്മദിന്റെ വിയോഗത്തോടെ ഒഴിവു വന്ന സീറ്റിലേക്ക് മുനീറും കണ്ണ് വെച്ചിരുന്നു. ഇതൊഴിവാക്കാൻ കൂടിയായിരുന്നു കുഞ്ഞാലികുട്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറാൻ ശ്രമിച്ചത് എന്നതാണ് വിമർശനം.

എന്നാൽ, ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറിയ കുഞ്ഞാലിക്കുട്ടി പ്രതീക്ഷിച്ചതിന് വിപരീതമായ ഫലമാണ് കിട്ടിയത്. മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാരിന് തുടർഭരണം ലഭിച്ചു. ഇതോടെ പ്രതിപക്ഷത്തിന്റെ ചുമതലയായി കുഞ്ഞാലിക്കുട്ടിക്ക്. മോദിയുടെ ചെയ്തികളെ പ്രതിരോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം ഉണ്ടെന്ന് പറഞ്ഞായിരുന്നു കുഞ്ഞാലികുട്ടി അന്ന് തുടങ്ങിയത്. എന്നാൽ, ഇപ്പോൾ പ്രതിരോധം പാതിവഴിക്കിട്ട് കുഞ്ഞാലികുട്ടി മടങ്ങുകയായിരുന്നു.

ദേശീയ രാഷ്ട്രീയത്തിലേക്ക് മാറിയ കുഞ്ഞാലിക്കുട്ടിക്ക് പാർലമെന്റിന് അകത്തും പുറത്തും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. ഖായിദെ മില്ലത്ത് ഇസ്മായിൽ, ഇബ്രാഹിം സുലൈമാൻ സേട്ട്, ജി എം ബനാത്ത്‌വാല, ഇ അഹമ്മദ് തുടങ്ങിയവർ മുസ്‌ലിം ലീഗിന്റെ ശബ്ദമായ പാർലമെന്റിൽ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദം ഉയർന്ന് കേട്ടില്ല. ഹിന്ദുത്വ ഫാസിസം നടപ്പാക്കുന്ന ബിജെപി ഭരിക്കുമ്പോൾ മുസ്‌ലിം, ന്യൂനപക്ഷ പാർട്ടിയുടെ വക്താവിന് കൂടുതൽ ഒന്നും പറയാൻ ഉണ്ടായില്ല എന്നത് അതിശയകരമായ കാര്യമാണ്. മറുവശത്ത് പാർലമെന്റിനകത്തെ മുസ്‌ലിം മുഖമായി മാറിയ അസദുദീൻ ഉവൈസിയും ഒരു പരിധി വരെ ഇ ടി മുഹമ്മദ് ബഷീറും പ്രതിരോധം തീർക്കുമ്പോഴായിരുന്നു ഇത്.

ഇതിനു പുറമെ, രണ്ട് ഗുരുതര വീഴ്ച്ചകളും കുഞ്ഞാലിക്കുട്ടിയുടെ ഭാഗത്ത് നിന്നും സംഭവിച്ചു. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന മുത്തലാഖ് വിഷയം പാർലമെന്റിൽ വന്നപ്പോൾ കുഞ്ഞാലികുട്ടി പാർലമെന്റിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം അന്നേദിവസം ഒരു വ്യവസായ പ്രമുഖന്റെ വീട്ടിൽ കല്യാണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി ഏറെ വിമർശനങ്ങളും അദ്ദേഹവും മുസ്‌ലിം ലീഗും നേരിടേണ്ടി വന്നു. രണ്ടാമതായി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സമയത്തായിരുന്നു അദ്ദേഹം പാർലമെന്റിൽ ഇല്ലാതിരുന്നത്. അന്ന് വിമാനത്തിന്റെ സമയത്ത് എയർപോർട്ടിൽ ഏതാണ് സാധിച്ചില്ല എന്നതായിരുന്നു കാരണം.

അതേസമയം, രാജ്യം സമീപ ഭാവിയിൽ കണ്ട ഏറ്റവും വലിയ പ്രതിഷേധം അണപൊട്ടിയ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി പ്രതിഷേധങ്ങൾക്ക് മുൻപിൽ തന്നെയുണ്ടായി. ഡൽഹിയിൽ വിദ്യാർത്ഥികളെ കാണുന്നതിനും കലാപ ഇടങ്ങൾ സന്ദർശിക്കുന്നതിനും കുഞ്ഞാലികുട്ടി ശ്രദ്ധിച്ചിരുന്നു. രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളിൽ കേരളത്തിൽ നടന്ന പ്രതിഷേധങ്ങളോടൊപ്പവും കുഞ്ഞാലികുട്ടിയുണ്ടായി.

'പച്ച' പിടിക്കാത്ത ദേശീയ രാഷ്‌ട്രീയം ഉപേക്ഷിച്ച് കുഞ്ഞാലികുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണ്. ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പും മന്ത്രിസ്ഥാനവും തന്നെയാണ്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മന്ത്രിസഭയിലെ രണ്ടാമനാണ് കുഞ്ഞാലികുട്ടി. അതിനാൽ ഉപമുഖ്യമന്ത്രി പദം തന്നെ ലഭിച്ചേക്കാം. നിലവിൽ എം പി സ്ഥാനം രാജിവെച്ചിട്ടില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പോടെ അത് രാജിവെച്ച് മത്സര രംഗത്ത് ഉണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ പറയുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വന്ന് സ്ഥാനം പിടിക്കുന്നതിനേക്കാൾ നല്ലതാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് തൊട്ട് കേരളത്തിൽ സജീവമാകുന്നത്. മാത്രമല്ല, തദ്ദേശ തെരഞ്ഞെടുപ്പിൽ ശക്തമായ വിജയം നേടാനായത് അത് കുഞ്ഞാലിക്കുട്ടിയുടെ ശക്തി ഒരിക്കൽ കൂടി തെളിയിക്കുന്നതിനുള്ള അവസരമാകും. ഫലത്തിൽ, കുഞ്ഞാലികുട്ടി ദേശീയ രാഷ്ട്രീയത്തിൽ നിന്നും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത് കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലിം ലീഗിന് ഗുണകരമാകും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com