അനില്‍ പനച്ചൂരാന്‍; ഹൃദയം തൊട്ട കവി

അനില്‍ പനച്ചൂരാന്‍റെ അപ്രതീക്ഷിത വിയോഗം തീരാ നഷ്ടമാകുന്നു.
അനില്‍ പനച്ചൂരാന്‍; ഹൃദയം തൊട്ട കവി

കാവ്യ കേരളത്തിന് ആഴമേറിയ ആഘാതമേല്‍പ്പിച്ചാണ് 2021ന്‍റെ തുടക്കം. കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ വിടപറയുമ്പോള്‍ മലയാളത്തിനത് തീരാനഷ്ടമാകുന്നു. ആത്മഗീത സ്വഭാവവും ഗാനാത്മകതയും വൈകാരികതയുടെ ഒഴുക്കും നാടന്‍ ശീലുകളോടുള്ള പ്രണയവുമെല്ലാം തുളുമ്പുന്ന ഒരു പിടി കവിതകളും അതിലേറെ ഓര്‍മ്മകളുമായാണ് അനില്‍ പനച്ചൂരാന്‍ യാത്രയാകുന്നത്.

തന്റെ പൂര്‍വ്വകവികളെ സ്വാംശീകരിച്ചു കൊണ്ട് കാവ്യപഥത്തില്‍ മുന്നേറിയ കവിയാണ് അനില്‍ പനച്ചൂരാന്‍. ഒഎന്‍വി കുറുപ്പ്, മധുസൂദനന്‍ നായര്‍, ചങ്ങമ്പുഴ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സുഗതകുമാരി തുടങ്ങിയവരുടെ കാവ്യപ്രേരണകള്‍ അദ്ദേഹത്തിന്‍റെ കവിതകളില്‍ വായിച്ചെടുക്കാന്‍ കഴിയും. എന്നിരുന്നാലും, മൗലികമായ ഒരു കാവ്യമാര്‍ഗം വെട്ടിത്തെളിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതാണ് മലയാള കാവ്യലോകത്ത് അദ്ദേഹത്തെ പ്രസക്തനാക്കിത്തീര്‍ക്കുന്ന ഘടകം.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ 1965 നവംബർ 20നാണ് അനില്‍ പനച്ചൂരാന്‍റെ ജനനം. അനിൽകുമാർ പിയു എന്നാണ്‌ യഥാർത്ഥനാമം. ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനാണ്. അച്ഛനു മുംബൈയിൽ ജോലിയായതിനാൽ രണ്ടാം ക്ലാസ് വരെ പഠിത്തവും അവിടെയായിരുന്നു. പിന്നീട് കേരളത്തിലേക്ക് വന്നപ്പോള്‍ കൊല്ലം ജില്ലയിലെ മൺറോ തുരുത്ത് എന്ന ഗ്രാമത്തിലെ അമ്മവീട്ടിലായിരുന്നു താമസം. അവിടെ നിന്നു വീണ്ടും അച്ഛന്റെ വീടായ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂരിലേക്കു മാറി. ശ്രീനാരായണഗുരു സംസ്കൃതം പഠിക്കാൻ വന്നു താമസിച്ച തറവാടാണു വാരണപ്പള്ളി പനച്ചൂർ.

ഗുരുമുദ്രകള്‍ പതിഞ്ഞ ആ തറവാടും സാംസ്കാരികഛായ തെളിഞ്ഞ നാടും പുസ്തകങ്ങളുമൊക്കെ അനിലിനെ അക്ഷരത്തോടും കാവ്യലോകത്തോടുമടുപ്പിച്ചു. പാരലൽ കോളജില്‍ പ്രീ‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഒരു കൊല്ലത്തോളം നോയിഡയിലായിരുന്നു. ഒഎൻജിസിയിൽ ജോലി വാങ്ങിക്കൊടുക്കാൻ കൊണ്ടുപോയതായിരുന്നു അച്ഛന്‍. എന്നാല്‍, ആ ജോലി കിട്ടിയില്ല. പട്ടാളത്തിൽ ജോലി ചെയ്തിട്ടുള്ള അച്ഛനു മകനെയും ആ വഴിക്കു വിടാന്‍ ആലോചനയുണ്ടായിരുന്നെങ്കിലും ഇതിനൊന്നും അനില്‍ പിടികൊടുത്തില്ല. അക്കാലയളവില്‍ അനില്‍ ഒരുപാട് വായിക്കുകയും എഴുതുകയും ലോകം കാണുകയും ഭാവനയുടെ ലോകത്ത് വിഹരിക്കുകയും ചെയ്തു.

പിന്നീട് അച്ഛനൊപ്പം നാട്ടിലേക്ക് മടങ്ങിവന്ന അനില്‍ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജില്‍ നിന്ന് ബിരുദം നേടി. ഈ കാലയളവിലാണ് കാല്‍പ്പനികതയും കവിതയും അനിലിനെ വിടാതെ പിടിമുറുക്കിയത്. ബിരുദം കഴിഞ്ഞുള്ള കാലം സന്യാസത്തിലേക്കും ധ്യാനത്തിലേക്കും തിരിഞ്ഞു. സെൻബുദ്ധിസം തലയ്ക്കു പിടിച്ചു. മൂന്നാലു വർഷം സഞ്ചാരിയായി. വീട്ടിൽ തിരിച്ചുവന്നു പുല്ലു മേഞ്ഞൊരു ആശ്രമമുണ്ടാക്കിയ സംഭവം വരെ ഉണ്ടായി.

അതിനിടയില്‍ തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് വക്കീല്‍ പഠനവും പൂര്‍ത്തിയാക്കി. കായംകുളം കോടതിയിൽ പ്രാക്ടീസ് തുടങ്ങാനിരിക്കുമ്പോഴാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്...’, എം മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’ എന്നീ ഗാനങ്ങളാണ് അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയത്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്ന്... എന്ന ഗാനരംഗത്ത് പാടി അഭിനയിക്കുകയായിരുന്നു.

ഒരു കൊല്ലം 16 പാട്ടുകൾവരെ അനില്‍ പനച്ചൂരാന്‍ എഴുതിയിട്ടുണ്ട്. അമ്മയ്ക്ക് അസുഖം വന്നപ്പോഴാണ് പിന്നീട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്നത്. പക്ഷേ, അപ്പോഴേക്കും നൂറിലേറെ സിനിമകളും നൂറ്റി അൻപതിലേറെ ഗാനങ്ങളും അനിൽ സംഭാവന ചെയ്തിരുന്നു. ‘അണ്ണാറക്കണ്ണാ വാ...’, ‘കുഴലൂതും പൂന്തെന്നലേ...’ (ഭ്രമരം), ‘ചെറുതിങ്കൾ തോണി...’ (സ്വ. ലേ), ‘ഒത്തൊരുമിച്ചൊരു ഗാനം പാടാൻ...’ (മകന്റെ അച്ഛൻ), ‘അരികത്തായാരോ...’ (ബോഡി ഗാർഡ്), ‘നീയാം തണലിനു താഴെ...’ (കോക്ക്ടെയിൽ), ‘എന്റടുക്കെ വന്നടുക്കും...’‘പഞ്ചാരച്ചിരികൊണ്ട്...’ ‘കുഞ്ഞാടേ കുറുമ്പനാടേ...’ (മേരിക്കുണ്ടൊരു കുഞ്ഞാട്), ‘ചെമ്പരത്തിക്കമ്മലിട്ട്...’ (മാണിക്യക്കല്ല്), ‘ചെന്താമരത്തേനോ...’ (916), ‘ഒരു കോടി താരങ്ങളേ...’ (വിക്രമാദിത്യൻ) അങ്ങനെ അങ്ങനെ മൂര്‍ച്ചയും ചേര്‍ച്ചയുമുള്ള വാക്കുകളാല്‍ ആസ്വാദക ഹൃദയങ്ങളില്‍ വിസ്മയമായി അനില്‍ പനച്ചൂരാന്‍ നിറഞ്ഞു നിന്നു.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ, അക്ഷേത്രിയുടെ ആത്മഗീതം എന്നിവയാണ് അനില്‍ പനച്ചൂരാന്‍റെ പ്രധാന കവിതാ സമാഹാരങ്ങള്‍. ഈ സമാഹാരങ്ങളിലൂടെ ഹൃദയകാരിയായ നിരവധി കവിതകള്‍ മലയാള ഭാഷയ്ക്ക് ലഭിച്ചിട്ടുണ്ട്. ആധുനികതയുടെ പ്രബലഘടകങ്ങളായ ദു:ഖാത്മകത, അരാജകബോധം, സ്വാതന്ത്ര്യകാംക്ഷ, മരണാഭിമുഖ്യം, നാഗരികതയുടെ നിരാകരണം, ഗ്രാമവിശുദ്ധിയോടുള്ള പ്രണയം ഇവയെല്ലാം പനച്ചൂരാന്റെ കവിതയില്‍ അതിശക്തമാണ്.

പുരാണകഥാസന്ദര്‍ഭങ്ങളുടെ മനോഹരങ്ങളായ പുനസൃഷ്ടികള്‍ പനച്ചൂരാന്‍ ആവിഷ്കരിച്ചിട്ടുണ്ട്. അതിലൂടെ കൃത്യവും സൗന്ദര്യാത്മകവുമായ വ്യാഖ്യാനങ്ങളാണ് കവി ചമയ്ക്കുന്നത്. ഇത് കാലോചിതമായി നിറവേറ്റുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുമുണ്ട്. കര്‍ണ്ണന്‍, യയാതി, പാര്‍വ്വതി, മഹാപ്രസ്ഥാനം, അശ്വത്ഥാമാവ് തുടങ്ങിയ കവിതകളാണ് ഇതിന് ഉദാഹരണം.

മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകവിതകള്‍ എഴുതിയ കവിയാണ് അനില്‍ പനച്ചൂരാന്‍. ചകിത കാമുകത്വത്തെക്കുറിച്ച് പനച്ചൂരാന്‍ ആവര്‍ത്തിച്ചെഴുതിയിട്ടുണ്ട്. 'വലയില്‍ വീണ കിളി'കളില്‍ പോലും നമുക്കത് കാണാം. തെരുവുജീവിതവും സന്യാസജീവിതവുമെല്ലാം കവിയെ സംബന്ധിച്ചിടത്തോളം ജീവിതാന്വേഷണ വഴികളായിരുന്നു. 'അനാഥന്‍' എന്ന കവിത ഇതിനുദാഹരണമാണ്. ലൈംഗികതയെയും അരാജകത്വത്തെയും ആഘോഷമാക്കി മാറ്റിയിട്ടുമുണ്ട് അദ്ദേഹം.

കവിതയെ പുതുതലമുറ വിസ്മരിച്ചുവെന്നത് വെറും മിഥ്യാ ധാരണ മാത്രമാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടായിരുന്നു അനില്‍ പനച്ചൂരാന്‍ കവിതകള്‍ യുവത്വം തുളുമ്പുന്ന ക്യാമ്പസ് ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചത്. കാൽപനികതയുടെ നഷ്ടവസന്തം അങ്ങനെ ഒരിക്കൽക്കൂടി മലയാളത്തിൽ പടർന്നു പന്തലിച്ചു. അനിൽ പുതുകാലത്തിന്റെ കവിയുമായി.

ഇതിനു പുറമെ രാഷ്ട്രീയ സമ്മേളനങ്ങളിലും ഉത്സവപ്പറമ്പുകളിലും കേരളത്തിന്റെ ജനകീയ വേദികളിലുമടക്കം അനിൽ പനച്ചൂരാൻ എന്ന കവിയും കവിതയും സജീവമായി. കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടു നിന്നെങ്കിലും ഒരു ചലച്ചിത്രം സ്വന്തമായി സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം. തിരക്കഥ പൂർത്തിയാക്കിയശേഷം സുഹൃത്തും കവിയുമായ മുരുകൻ കാട്ടാക്കടയോട്​ അതിനുവേണ്ടി പാ​ട്ടെഴുതണമെന്ന്​ പറഞ്ഞതി​ന്‍റെ പിറ്റേന്നാണ്​ അപ്രതീക്ഷിതമായ മരണം. അതിനാല്‍ സ്വന്തം സിനിമയെന്ന സ്വപ്​നവുമായാണ് പ്രിയകവി യാത്രയാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com