മലയാളത്തിന്‍റെ മാതൃഭാവത്തിന് വിട...

പ്രിയപ്പെട്ട സുഗതകുമാരി ടീച്ചര്‍ക്ക് മൗനാദരങ്ങള്‍.
മലയാളത്തിന്‍റെ മാതൃഭാവത്തിന് വിട...

വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങള്‍ ആവിഷ്‌കരിക്കുന്ന ഒട്ടേറെ കവിതകള്‍ മലയാളിക്ക് സമ്മാനിച്ച പ്രിയ കവയിത്രിക്ക് വിട. അരനുറ്റാണ്ടിലേറെയുണ്ടായിരുന്ന കാവ്യജീവിതത്തില്‍ യാതന അനുഭവിക്കുന്നവരിലേക്കും തെരുവിലേക്കും കടന്നുചെന്ന സുഗതകുമാരി മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ട വ്യക്തിത്വമാണ്. ജനകീയ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളിയായി നിലകൊണ്ട് കേരളത്തിന്റെ സാഹിത്യ സാംസ്‌കാരിക മേഖലകളിലെ സജീവ സാന്നിധ്യമായിരുന്നു മലയാളത്തിന്‍റെ എഴുത്തമ്മ.

പ്രശസ്ത കവിയും സ്വാതന്ത്ര്യസമരസേനാനിയുമായ ബോധേശ്വരന്റെയും തിരുവനന്തപുരം വുമന്‍സ് കോളേജില്‍ സംസ്‌കൃതം പ്രൊഫസറായിരുന്ന കാര്‍ത്യായനിയമ്മയുടേയും പുത്രിയായി 1934 ജനുവരി 22നാണ് സുഗതകുമാരി ജനിച്ചത്. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ തന്നെയാണ് സുഗതകുമാരിയെയും സ്വാധീനിച്ചത്. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്നേഹവും പില്‍ക്കാലത്ത് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടായിരുന്നു.

തത്വശാസ്ത്രത്തില്‍ എംഎ ബിരുദം നേടിയ സുഗതകുമാരി തളിര് എന്ന മാസികയുടെ പത്രാധിപരായും സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷയായും തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണ സമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌ പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു.

പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയും സാമുഹിക അനീതികള്‍ക്കെതിരായും പ്രവര്‍ത്തിക്കുകയും തൂലിക പടവാളാക്കി പൊരുതുകയും ചെയ്ത സുഗതകുമാരി അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം, അഭയഗ്രാമം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കി.

സ്വപ്നങ്ങളായിരുന്നു ആദ്യകാലത്ത് സുഗതകുമാരിയുടെ കവിതകളുടെ കാതല്‍. 1961ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയിലും 1965ല്‍ ഇറങ്ങിയ പാതിരാപ്പൂക്കള്‍, ഇരുള്‍ ചിറകുകള്‍, രാത്രിമഴ (1977) എന്നീ കവിതകളിലുമിത് കാണാന്‍ കഴിയും. എന്നാല്‍ എണ്‍പതുകള്‍ക്ക് ശേഷം സുഗതകുമാരിയുടെ കവിതാ പ്രതലം വ്യസനങ്ങളും ജാഗ്രതയും മുഴച്ചുനില്‍ക്കുന്ന മറ്റൊരു തലത്തിലേക്ക് മാറി. സൈലന്റ് വാലി പ്രക്ഷോഭവും തുടര്‍ന്നുണ്ടായ പരിസ്ഥിതി പ്രസ്ഥാനവും അവരുടെ രചനകളിലും ജീവിതത്തിലും വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. ജെസ്സി, മരത്തിനു സ്തുതി, തുടങ്ങിയ കവിതകളിലെല്ലാം പ്രകൃതിയേയും മനുഷ്യനേയും കുറിച്ചുള്ള ഖേദസ്വരങ്ങളാണ് മുഴങ്ങികേട്ടത്.

പിന്നീടൊരുഘട്ടത്തില്‍ കാലത്തെക്കുറിച്ചുള്ള ആകുലതകളും വാര്‍ദ്ധക്യത്തെ പറ്റിയുള്ള ചിന്തകളുമായിരുന്നു കവയിത്രിയെ അലട്ടിയത്. വാര്‍ദ്ധക്യമെന്ന കവിതയിലും മരുഭൂമി ഉച്ച എന്ന കവിതയിലും ഈ വ്യാകുലസംഘര്‍ഷങ്ങളാണ് പ്രതിഫലിക്കുന്നത്. തികഞ്ഞ കൃഷ്ണഭക്തയായ അവര്‍ കൃഷ്ണഭക്തി തുളുമ്പുന്ന കവിതകളും രചിച്ചിട്ടുണ്ട്. വാഴത്തേന്‍, ഒരു കുല പൂവും കൂടി തുടങ്ങിയ ബാലസാഹിത്യങ്ങളിലൂടെ കട്ടികളുടെ ഹൃദയം ജയിക്കാനും സുഗതകുമാരിക്ക് സാധിച്ചു.

സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരം (2009), സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1980-പാതിരപ്പൂക്കള്‍), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം (1982-രാത്രിമഴ), ഓടക്കുഴല്‍ പുരസ്‌കാരം (1984-അമ്പലമണി), വയലാര്‍ അവാര്‍ഡ്, ആശാന്‍ പ്രൈസ് (അമ്പലമണി), 2003ല്‍ ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, 2004ല്‍ വള്ളത്തോള്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. കുടാതെ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ്, പ്രകൃതിസംരക്ഷണ യത്‌നങ്ങള്‍ക്കുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ആദ്യത്തെ ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, സരസ്വതി സമ്മാന്‍ എന്നിവയ്ക്കും അര്‍ഹയായി. ഇവയ്ക്കുപുറമെ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

1986 ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ സുഗതകുമാരിക്ക് വൃക്ഷമിത്ര പുരസ്കാരം സമ്മാനിക്കുന്നു.
1986 ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ സുഗതകുമാരിക്ക് വൃക്ഷമിത്ര പുരസ്കാരം സമ്മാനിക്കുന്നു.

മുത്തുച്ചിപ്പി, പാതിരാപ്പൂക്കള്‍, പാവം മാനവഹൃദയം, ഇരുള്‍ ചിറകുകള്‍, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകള്‍, ദേവദാസി, വാഴത്തേന്‍, മലമുകളിലിരിക്കെ, മണലെഴുത്ത് എന്നിവയാണ് പ്രധാന കൃതികള്‍. കുടാതെ കാവു തീണ്ടല്ലെ, മേഘം വന്നുതൊട്ടപ്പോള്‍, വാരിയെല്ല് തുടങ്ങിയ ലേഖന സമാഹാരങ്ങള്‍, അമ്പലമണി, രാത്രിമഴ തുടങ്ങി പത്ത് കവിതാ സമാഹാരങ്ങള്‍, മൂന്ന് ബാലസാഹിത്യ കൃതികള്‍ എന്നിങ്ങനെ എഴുത്തമ്മ മലയാളത്തിന് നല്‍കിയത് പകരം വയ്ക്കാനില്ലാത്ത കാവ്യസൃഷ്ടികളായിരുന്നു.

വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധന്‍ നായരായിരുന്നു സുഗതകുമാരിയുടെ ഭര്‍ത്താവ്. ലക്ഷ്മി ഏകമകളാണ്. സഹോദരിമാരായ ഡോ. ഹൃദയകുമാരി, ഡോ. സുജാതാദേവി എന്നിവര്‍ സാഹിത്യ- സാംസ്‌കാരിക- വിദ്യാഭ്യാസ മേഖലയില്‍ കവയിത്രിക്കൊപ്പം തന്നെ വളര്‍ന്നവരായിരുന്നു. ഇരുവരുടെയും മരണം സുഗതകുമാരിയെ അഗാധമായ ദു:ഖത്തിലാഴ്ത്തിയിരുന്നു. രോഗബാധിതയായി സുജാതാദേവി അന്തരിച്ചപ്പോഴാണ് തന്റെ അനുജത്തിയ്ക്കുവേണ്ടി 'സുജാത' എന്ന ഹൃദയഹാരിയായ കവിത സുഗതകുമാരി എഴുതുന്നത്.

സുഗതകുമാരി സഹോദരങ്ങള്‍ക്കൊപ്പം
സുഗതകുമാരി സഹോദരങ്ങള്‍ക്കൊപ്പം

'മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം' ഇങ്ങനെ തന്റെ ഭൗതികശരീരമെന്തുചെയ്യണം എന്ന് നേരത്തേ വേണ്ടപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് സുഗതകുമാരി വിടപറയുന്നത്. എനിക്ക് ശവപുഷ്പങ്ങള്‍ വേണ്ട, മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്നേഹം തരിക. അതുമാത്രം മതി... അവര്‍ പറഞ്ഞുവെച്ചു. "സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ച്പേര്‍ക്ക്- പാവപ്പെട്ടവര്‍ക്ക്- ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട," തന്‍റെ മരണാനന്തര കര്‍മ്മങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ശാഠ്യം ഈ വാക്കുകളിലുണ്ട്.

ജീവിത സായാഹ്നത്തില്‍ പ്രിയ കവയിത്രി കൊതിച്ചത് ഒരാല്‍മരമായിരുന്നു. ചുവന്ന പഴങ്ങളുണ്ടാകുന്ന ആൽമരം. ഒരുപാട് പക്ഷികൾ അതിൽവരും. തത്തകള്‍ വന്ന് പഴങ്ങൾ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവയ്ക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവയ്ക്കരുത്. ആ ആൽമരം തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബർക്കായി അവർ പടുത്തുയർത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത് നടണമെന്നും സുഗതകുമാരി ഒസ്യത്തിൽ എഴുതിവെച്ചു. സ്നേഹത്തിനും വിശ്വാസത്തിനും മഴയ്ക്കും വെയിലിനും മണ്ണിനും തണലിനും അന്നത്തിനും ശിരസ്സിൽ കൈവെച്ച അനുഗ്രഹങ്ങള്‍ക്കും നന്ദി പറഞ്ഞാണ് പ്രിയ കവയിത്രി യാത്രയാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com