മലപ്പുറത്തോട് അവഗണന; കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് പഠനം സ്വപ്നം മാത്രം

ഇരുപതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ഇക്കുറി മാത്രം അലോട്മെന്റ് ലഭിക്കാതെ പുറത്താകുന്നത്
മലപ്പുറത്തോട് അവഗണന; കാൽ ലക്ഷത്തോളം വിദ്യാർത്ഥികൾക്ക്  പഠനം സ്വപ്നം മാത്രം

പതിവ് തെറ്റിക്കാതെ ഇത്തവണയും മലപ്പുറത്തെ വിദ്യാർത്ഥികളിൽ നല്ലൊരു ശതമാനത്തിനും പ്ലസ് വൺ സീറ്റ് എന്നത് സ്വപ്നം മാത്രമാകും. ഇരുപത്തിനായിരത്തിലേറെ വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിനായി ഇനിയും കാത്ത് നിൽക്കുന്നത്. സപ്പ്ളിമെന്ററി അലോട്ട്മെന്റ് വിവരങ്ങൾ പുറത്തുവന്നപ്പോൾ ജില്ലയിൽ 20825 വിദ്യാർത്ഥികൾക്കാണ് സീറ്റ് ലഭിക്കാത്ത സ്ഥിതിയുള്ളത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അതിനനുസരിച്ച് തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉള്ള ജില്ലയും. അതേസമയം തന്നെ ഏറ്റവും കൂടുതൽ വിജയശതമാനവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികളും ഉള്ളതും മലപ്പുറം ജില്ലയിലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്എസ്എൽസി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും മലപ്പുറം മുന്നിൽ തന്നെയാണ്.

എന്നാൽ എസ്എസ്എൽസിയിൽ മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് പിന്നീട് ആ വിജയം പലപ്പോഴും ആവർത്തിക്കാൻ സാധിക്കാറില്ല. ഇതിന് പ്രധാന കാരണം ഇവരെല്ലാം സീറ്റുകൾ കിട്ടാതെ യോഗ്യത കുറവുള്ള സമാന്തര സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു എന്നതാണ്. ഫീസ് കൊടുക്കാനില്ലാത്ത സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് പലപ്പോഴും ഇടക്ക് പഠനം നിർത്തേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്.

മറ്റു ജില്ലകളിൽ വിദ്യാർത്ഥികൾക്ക് ആവശ്യത്തിന് സീറ്റുകൾ ലഭ്യമാണെന്ന് ഇരിക്കെ, കേരളത്തിലെ ഒരു ജില്ലയിലെ വിദ്യാർത്ഥികളുടെ സ്ഥിതി മാത്രം ഏറെ ദയനീയമാണ്. സീറ്റുകൾ കുറവായതിനാൽ തന്നെ ഇഷ്ടമുള്ള വിഷയങ്ങൾ എടുത്ത് പഠിക്കുന്നതിനും മിക്ക വിദ്യാർത്ഥികൾക്കും സാധിക്കാറില്ല. കിട്ടിയ സീറ്റിന് പ്രവേശനം നേടുക എന്നത് മാത്രമാണ് വിദ്യാർത്ഥികളുടെ മുന്നിലുള്ള പോംവഴി. ഇഷ്ട വിഷയം പഠിക്കാൻ സാധിക്കാത്തത് പല വിദ്യാർത്ഥികളിലും മാനസിക സംഘർഷവും ഉണ്ടാക്കുന്നുണ്ട്. ഇത് ഇവരുടെ പഠനത്തെയും ഭാവിയെയും കാര്യമായി ബാധിക്കും.

ഇരുപതിനായിരത്തിലേറെ വിദ്യാർത്ഥികളാണ് ഇക്കുറി മാത്രം അലോട്മെന്റ് ലഭിക്കാതെ പുറത്താകുന്നത്. സമീപ ജില്ലകളിൽ ഉൾപ്പെടെ പ്രവേശനം നേടിയതിന് ശേഷമാണ് ഇത്രയും കുട്ടികൾ ഇനിയും മലപ്പുറത്ത് പുറത്ത് നിൽക്കുന്നത്. ജില്ലാ അതിർത്തികളിൽ ഉള്ള വിദ്യാർത്ഥികളാണ് സമീപ ജില്ലയിൽ പ്രവേശനം തേടുന്നത്. ഏതാനും വിദ്യാർത്ഥികൾ ഐടിഐ, പൊളി ടെക്നിക് വിദ്യാർത്ഥികളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ നിലവിൽ പുറത്താകുന്ന വിദ്യാർത്ഥികളെല്ലാം തന്നെ പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുന്നവരാണ്.

26585 പേരാണ് സപ്പ്ളിമെന്ററി അലോട്മെന്റിനായി അപേക്ഷ സമർപ്പിച്ചത്. ഇതിൽ 5760 പേർക്ക് മാത്രമാണ് പ്രവേശനം നേടാനായാത്. ഇതോടെ 20825 കുട്ടികളുടെ പ്രവേശനം എങ്ങിനെയെന്നത് ചോദ്യമായി മാറുകയാണ്. ഇനി ജനറൽ വിഭാഗത്തിലും ഭിന്നശേഷി വിഭാഗത്തിലും ഓരോ സീറ്റുകൾ വീതമാണ് ഒഴിവുള്ളത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പ്ലസ് വൺ സപ്പ്ളിമെന്ററി അലോട്മെന്റിന് അപേക്ഷ സമർപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുന്നതും മലപ്പുറം ജില്ലയിലാണ്. അലോട്മെന്റ് ലഭിച്ചവർക്ക് ഇന്ന് മുതൽ 23 വരെ പ്രവേശനം നേടാം. ഇതിനു ശേഷം ഒഴിവു വരുന്ന സീറ്റുകളിലേക്ക് ഒരു സപ്പ്ളിമെന്ററി അലോട്മെന്റ് കൂടി നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് നടന്നാൽ പോലും ഏതാനും വിദ്യാർത്ഥികൾക്ക് കൂടിയാകും പ്രവേശനം ലഭിക്കുക.

അടിയന്തരമായി ബാച്ച് വർധന ഇല്ലെങ്കിൽ ഈ വിദ്യാർത്ഥികൾക്ക് സമാന്തര സ്ഥാപനങ്ങളെ പഠനത്തിനായി ആശ്രയിക്കേണ്ടി വരും. പലരുടെയും പഠനം മുടങ്ങാനും സാധ്യതയുണ്ട്. കേരള ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യഭ്യാസ മന്ത്രിമാർ വന്നിട്ടുള്ള ജില്ലയാണ് മലപ്പുറം. കഴിഞ്ഞ സർക്കാരിന്റെ കാലത്തും, ഈ സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുമെല്ലാം ഈ ജില്ലക്കാരാണ്. എന്നിട്ടും ജില്ലയിലെ വിദ്യാർത്ഥികളോട് അവഗണന തുടരുകയാണ്.

Related Stories

Anweshanam
www.anweshanam.com