പ്രതിരോധത്തിനായി ധരിക്കാം N95 മാസ്‌ക്കുകള്‍

കൊറോണയെ പ്രതിരോധിക്കാനായി നാം എല്ലാ മുന്‍കരുതലുകളും എടുക്കണം.
പ്രതിരോധത്തിനായി ധരിക്കാം N95 മാസ്‌ക്കുകള്‍

കൊറോണാ അഥവാ കോവിഡ് 19 എന്ന വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായ് പോരാടുകയാണ്. 2019 ഡിസംബര്‍ അവസാനത്തോടെ വുഹാന്‍ എന്ന ചൈനീസ് പ്രവിശ്യയിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഏപ്രില്‍ 2021 ആവുംമ്പോഴും ലോകത്തെ വീഴുങ്ങാനുള്ള ശ്രമം തുടരുകയാണ്.

ലോകാരോഗ്യ സംഘടന, ലോക രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ മന്ത്രാലയം, ആരോഗ്യ വകുപ്പ് എന്നിവരുടെ ധീരമായ തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്. ഈ സാഹചര്യത്തെ കൂടുതല്‍ ഭയപ്പാടോടെ നോക്കി കാണാതെ കൊറോണയെ പ്രതിരോധിക്കാനായി നാം എല്ലാ മുന്‍കരുതലുകളും എടുക്കണം.

അതേസമയം, കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം വാക്‌സിനാണ്. എന്നാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കാന്‍ ഇനിയും ഒരുപാട് സമയമെടുക്കും. അതുകൊണ്ട് തന്നെ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. അടുത്ത മാര്‍ഗം മാസ്‌കും സാമൂഹ്യ അകലവുമാണ്. കൊറോണയെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് ആദ്യം ഓര്‍മ്മ വരുന്നത് മാസ്‌ക് വെച്ച മുഖങ്ങളാണ്. ഇന്ന് വിപണിയില്‍ പലതരം മാസ്‌കുകള്‍ ലഭ്യമാണ്. സര്‍ജിക്കല്‍ മാസ്‌ക്, N95 മാസ്‌ക്, തുണി കൊണ്ടുള്ള മാസ്‌ക്.

എന്നാല്‍ ഒട്ടുമിക്ക മാസ്‌കുകളിലും വ്യാജന്‍മാരുമുണ്ട്. പല മാസ്‌കുകളും നിരവധി തവണ ഉപയോഗിക്കാനാവില്ല. ചിലരെല്ലാം കൈയ്യിലുള്ള മാസ്‌കുകള്‍ കഴുകി ശുദ്ധിചെയ്ത് ഉപയോഗിക്കുന്നു. എന്നാല്‍, ഇങ്ങനെ ചെയ്യുമ്പോള്‍ അവയുടെ പ്രതിരോധശേഷി കുറയുന്നുവെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ മാത്രമാണ് N95 മാസ്‌ക് ഉപയോഗിച്ചിരുന്നത്. വൈറസ് ബാധ കുതിച്ചുയര്‍ന്നതോടെ ഇപ്പോള്‍ N95 മാസ്‌കുകളുടെ ആവശ്യകതയും ഏറിയിട്ടുണ്ട്.

എന്താണ് N 95 മാസ്‌ക് ?.

നിങ്ങള്‍ ശ്വസിക്കുന്ന വായുവിലെ പൊടിപടലങ്ങളില്‍ നിന്നും മലിനീകരണത്തില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും 95% പരിരക്ഷ N95 മലിനീകരണ മാസ്‌ക് ഉറപ്പാക്കുന്നു. ഫില്‍ട്ടറുകളുടെ പ്രത്യേകതയോടെയാണ് ഒരു N95 മലിനീകരണ മാസ്‌ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ മാസ്‌കുകളിലെ ശ്വസന പ്രതിരോധം മറ്റ് തരത്തിലുള്ള മലിനീകരണ വിരുദ്ധ മാസ്‌കുകളേക്കാള്‍ താരതമ്യേന കുറവാണ്. ശ്വാസംമുട്ടല്‍ അനുഭവപ്പെടാതെ ദീര്‍ഘനേരം ഇത് നിങ്ങള്‍ക്ക് ധരിക്കാവുന്നതാണ്.

N95 മാസ്‌ക് മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് എങ്ങനെ?.

N95 മാസ്‌ക് ഒരു തരം റെസ്പിറേറ്റര്‍ (respirator)ആണ്. N99, N100 എന്നിവയാണ് മറ്റുള്ളവ. 0.3 മൈക്രോണിന് മുകളില്‍ വലിപ്പമുള്ള എത്ര ശതമാനം കണികകളെ തടയാം എന്നതനുസരിച്ചാണ് ഇവയ്ക്ക് പേര് നല്‍കുന്നത്.

95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാന്‍ ശേഷിയുള്ള മാസ്‌കുകളാണ് N95. N99 മാസ്‌കുകള്‍ 0.3 മൈക്രോണിന് മുകളിലുള്ള 99 ശതമാനം കണികകളെയും, N100 മാസ്‌കുകള്‍ 100% കാണികകളെയും തടഞ്ഞു വയ്ക്കും. ഫില്‍റ്ററിംഗ് ഫേസ് പീസ് എന്നൊരു പേരും റെസ്പിറേറ്ററുകള്‍ക് ഉണ്ട്. ഇതില്‍ ഫില്‍റ്ററിംഗ് ഫേസ് പീസ് 2(FFP2) N95 മാസ്‌കിനു തുല്യവും ഫില്‍റ്ററിംഗ് ഫേസ് പീസ് 3 (FFP3) N99 മാസ്‌കിനു തുല്യവും ആണ്.

N95 സ്രവകണികകളെ അരിച്ചു മാറ്റുന്ന വെറും അരിപ്പ പോലെ അല്ല പ്രവര്‍ത്തിക്കുന്നത്, ഇതിലെ പോളിപ്രോപിലിന്‍ പാളിയുടെ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് ഫില്‍റ്ററേഷനില്‍ കാര്യമായ പങ്കു വഹിക്കുന്നുണ്ട്. വെയിലും സോപ്പ് ലായനിയും ഈ ഇലക്ട്രോസ്റ്റാറ്റിക് ചാര്‍ജ് നഷ്ടപ്പെടുത്തും. അതിനാല്‍ ഇവ കഴുകാനോ വെയിലത്ത് ഉണക്കാനോ പാടില്ല. അതുപോലെ N95 മാസ്‌കിനടിയില്‍ മറ്റു മാസ്‌കുകള്‍ ഉപയോഗിക്കരുത്.N95 മാസ്‌കുകള്‍ ഉറവിടനിയന്ത്രണവും വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. അതിനാല്‍ തന്നെ, കോവിഡ് രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍, പരിചാരകര്‍ തുടങ്ങിയവരാണ് നിര്‍ബന്ധമായും N95 മാസ്‌ക് ധരിക്കണം. കൂടാതെ N95 മാസ്‌ക് മുഖത്തോട് ചേര്‍ന്ന് സീല്‍ ചെയ്ത് ധരിക്കുന്നതിനാല്‍, താടി രോമം ഉള്ളവരില്‍ ഇത് നല്‍കുന്ന സംരക്ഷണം അപൂര്‍ണമാണ്.

മാസ്‌ക്കുകളിലെ വ്യാജന്മാരെ എങ്ങനെ തിരിച്ചറിയാം?.

വ്യാജ N95 മാസ്‌ക്കുകള്‍ വിപണിയില്‍ സുലഭമാണ്. ഇവയ്ക്ക് മേല്‍പ്പറഞ്ഞ യാതൊരു ഗുണങ്ങളും ഉണ്ടാവില്ല. NIOSH, ISI, DRDO/ DRDE, SITRA തുടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇത് മാസ്‌കിന്റെ മുകളില്‍ തന്നെ രേഖപ്പെടുത്തിയിരിക്കും.

സാധാരണയായി ലഭ്യമായ n95 മാസക്കുകള്‍ പലതവണ ധരിക്കാനും ഉപയോഗിക്കാനും കഴിയുമെങ്കിലും അവയ്ക്കും ഒരു കാലയളവുണ്ട്. മാസ്‌ക് ക്ഷയിച്ചുകഴിഞ്ഞാല്‍ അല്ലെങ്കില്‍ മലിനീകരണം കാരണം ഫില്‍ട്ടര്‍ അടഞ്ഞുപോയാല്‍ ഇവ ഉപയോഗ ശൂന്യമാകുന്നു. ആ സമയം മലിനീകരണത്തില്‍ നിന്ന് നിങ്ങളെ പരിരക്ഷിക്കാന്‍ ഇത് ഫലപ്രദമാകില്ല. എത്ര കുറഞ്ഞ സമയത്തേക്കാണ് ഓരോ ഉപയോഗമെങ്കില്‍ പോലും, ഒരു N95 മാസ്‌ക് പരമാവധി 5 തവണയേ ഉപയോഗിക്കാന്‍ പാടുള്ളൂ. അതിനു ശേഷം ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന സംരക്ഷണം ലഭിക്കില്ല. ഓരോ ഉപയോഗത്തിനും ഇടയില്‍ കുറഞ്ഞത് 72 മണിക്കൂര്‍ (3 ദിവസം) ഇടവേള വേണം.

ഇതിനകം മാസ്‌കില്‍ വൈറസ് ഉണ്ടെങ്കില്‍ തന്നെ നശിച്ചു പോകും എന്ന അനുമാനത്തില്‍ ആണിത്. ഇത്തരത്തില്‍ ഉപയോഗിക്കാന്‍ ഒരാളുടെ പക്കല്‍ കുറഞ്ഞത് 5 മാസ്‌കുകളും വായു സഞ്ചാരമുള്ള (ഒന്ന് മുതല്‍ അഞ്ചു വരെ ലേബല്‍ ചെയ്ത) 5 പേപ്പര്‍ ബാഗുകളും വേണം. ആദ്യത്തെ ദിവസം ഉപയോഗിച്ച മാസ്‌ക് ഒന്ന് എന്ന് ലേബല്‍ ചെയ്ത പേപ്പര്‍ ബാഗില്‍ നിക്ഷേപിക്കുക, രണ്ടാമത്തെ ദിവസത്തെ മാസ്‌ക് രണ്ട് എന്ന് ലേബല്‍ ചെയ്ത ബാഗില്‍, അങ്ങനെ അഞ്ചു ദിവസം തുടരാം. ആറാം ദിവസം ഒന്നാം നമ്പര്‍ ബാഗിലെ മാസ്‌ക് വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഒരോ മാസ്‌കും അഞ്ചു പ്രാവശ്യം ഉപയോഗിക്കുന്നത് വരെ ഇത് തുടരാം. ഉപയോഗിച്ച മാസ്‌കിന്റെ മുന്‍ഭാഗത്ത് വൈറസ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചരടില്‍ പിടിച്ചു മാത്രം മാസ്‌ക് അഴിച്ചെടുക്കുക.

കുട്ടികളും മറ്റും എടുക്കാത്ത സുരക്ഷിതമായ സ്ഥലത്ത് പേപ്പര്‍ ബാഗില്‍ ഇട്ട് ഇവ സൂക്ഷിക്കുക. ഓരോ പ്രാവശ്യം ഉപയോഗിക്കുന്നതിനു മുന്‍പും മാസ്‌കിനു കേടുപാടുകള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തണം, മാസ്‌കിന്റെ ഫിറ്റ് ടെസ്റ്റ് ചെയ്യണം. ഇതിനായി മാസ്‌ക് ധരിച്ച ശേഷം കൈപ്പത്തി മാസ്‌കിന്റെ വശങ്ങളില്‍ വച്ചു വായു ചോര്‍ന്നുപോകുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കുക.

ഉപയോഗിച്ച N95 മാസ്‌കുകളുടെ നിര്‍മാര്‍ജ്ജനം

കോവിഡ്-19 ഐസൊലേഷന്‍ വാര്‍ഡ് / ടെസ്റ്റ് സെന്റര്‍ / ലബോററ്റോറീസ് ഇവിടങ്ങളിലെ മഞ്ഞ വേസ്റ്റ് ബാഗിലാണ് നിക്ഷേപിക്കേണ്ടത്. ഇതില്‍ ഇടുന്ന എല്ലാ മാലിന്യങ്ങളും ഇന്‍സിനെറേറ്റ് ചെയ്യുകയോ (incineration) ആഴത്തില്‍ കുഴിച്ചിടുകയോ (deep burial) ആണ് പതിവ്.വീടുകളിലാണെങ്കില്‍ ബ്ലീച് ലയനിയില്‍ മുക്കി വച്ചു അണുവിമുക്തമാക്കിയ ശേഷം കത്തിച്ചു കളയുകയോ ആഴത്തില്‍ കുഴിച്ചിടുകയോ ചെയ്യാം.

അതേസമയം, വിട്ടുമാറാത്ത ശ്വസന, ഹൃദയ, അല്ലെങ്കില്‍ മറ്റ് മെഡിക്കല്‍ അവസ്ഥയുള്ള ആളുകള്‍ N95 റെസ്പിറേറ്റര്‍ ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറെ കാണണം. കാരണം N95 റെസ്പിറേറ്റര്‍ ധരിക്കുന്നവര്‍ക്ക് ശ്വസിക്കാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. ചില മോഡലുകളില്‍ ശ്വസന വാല്‍വുകളുണ്ട്, അത് ശ്വസനം എളുപ്പമാക്കുകയും ചൂട് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും. അണുവിമുക്തമായ അവസ്ഥകള്‍ ആവശ്യമുള്ളപ്പോള്‍ ശ്വസന വാല്‍വുകളുള്ള N95 മാസ്‌കുകള്‍ ഉപയോഗിക്കരുത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com