കുംഭമേളയ്ക്ക് ബാധകമല്ലാത്ത 'ഇന്ത്യൻ കോവിഡ്'

തബ്‌ലീഗ് സമ്മേളനത്തെ തുടർന്ന് അടിച്ചേല്പിക്കപ്പെട്ട ചാപ്പകൾക്ക് കാരണം അവരുടെ മതം മാത്രമായിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നു. അത് ഒരിക്കൽ കൂടി വെളിവാക്കുന്നതാണ് കുംഭമേളക്ക് നൽകുന്ന സവിശേഷ പരിഗണന
കുംഭമേളയ്ക്ക് ബാധകമല്ലാത്ത 'ഇന്ത്യൻ കോവിഡ്'

ഒരു വശത്ത് രാജ്യം അതിതീവ്ര കോവിഡ് വൈറസിന്റെ രണ്ടാം പിടിയിൽ ഞെട്ടി നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ, മറു വശത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേള നടക്കുന്നു. രാജ്യത്തെ മുഴുവൻ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ചിട്ടും അതിനെതിരെ നടപടിയെടുക്കാനോ എതിർക്കാനോ ഭരണകൂടമോ പൊലീസോ മറ്റു അധികാര കേന്ദ്രങ്ങളോ ഇല്ല എന്നതാണ് വർത്തമാന ഭാരതത്തിന്റെ ഗതികേട്. ഇതേ രാജ്യത്ത് തന്നെയാണ് തബ്‌ലീഗ് സമ്മേളനം നടത്തിയവർ 'രാജ്യദ്രോഹികളും, കോവിഡ് പരത്തുന്നവരുമൊക്കെ മാറിയത് എന്നത് കൂടി ചേർത്ത് വായിച്ചാലേ ഇന്ത്യയിലെ സ്ഥിതി വിശേഷങ്ങൾ പൂർണമാകൂ.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 12 വർഷത്തിലൊരിക്കൽ നടക്കുന്ന ചടങ്ങാണ് കുംഭമേള. ലക്ഷങ്ങൾ പങ്കെടുക്കുന്ന കുംഭമേള മൂന്ന് മാസമായാണ് നടക്കാറുള്ളത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇത്തവണ ഒരു മാസമാണ് കുംഭമേള നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുമെന്ന ഉറപ്പിലായിരുന്നു കുംഭമേളയ്ക്ക് അനുമതി നൽകിയിരുന്നത്. എന്നാൽ ഇതിന്റെ തുടക്കത്തിൽ തന്നെ ഇത് അട്ടിമറിക്കപ്പെട്ടു.

കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നായ ‘ഷാഹി സ്നാ‌ന’ത്തിൽ പങ്കെടുക്കാൻ ഗംഗാതീരത്തെത്തിയത് ഏകദേശം 17.31 ലക്ഷം ഭക്തരായിരുന്നു. മാസ്ക് ആർക്കുമില്ലായിരുന്നു. സാമൂഹിക അകലം എന്നത് കണികാണാൻ പോലുമില്ലായിരുന്നു എന്നത് കുംഭമേളയുമായി ബന്ധപ്പെട്ട ഓരോ ദൃശ്യങ്ങളും കാണിച്ച് തരും. വലിയ ജനക്കൂട്ടമെത്തിയ ചടങ്ങിൽ കേന്ദ്ര സർക്കാർ നിർദേശിച്ച കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും നടപ്പാക്കാനായില്ലെന്ന് ഉത്തരാഖണ്ഡ് ഐ.ജി. സഞ്ജയ് ഗുഞ്ജ്യാൽ തന്നെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 20,000 പോലീസുകാരെയാണ് സുരക്ഷയ്ക്കും കോവിഡ് നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനുമായി നിയോഗിച്ചിട്ടുള്ളത്. എന്നിട്ടും യാതൊരു വിധ നിയന്ത്രണവുമില്ലാതെ കുംഭമേള തുടരുകയാണ്.

20,000 പൊലീസുകാർക്ക് പുറമെ കുംഭമേളയ്ക്ക് ആര്‍എസ്എസുകാരെ സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട് ഉത്തരാഖണ്ഡ് സർക്കാർ. 1553 ആര്‍എസ്എസുകാരെയാണ് ഇങ്ങനെ നിയമിച്ചത്. ഇവര്‍ പോലീസുകാര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. കുംഭമേളയ്ക്ക് എത്തിയവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും മറ്റും നൽകുക എന്നതാണ് ഉദ്ദേശം. ഇവരെ നാളെ നേരിട്ട് പൊലീസിൽ എടുത്ത് പുതിയ 'ആർഎസ്എസ്' വിങ് ഉണ്ടാക്കിയാൽ പോലും അത് വർത്തമാന ഇന്ത്യയിൽ സ്വാഭാവികമാണ്.

കുംഭമേളയുടെ പ്രധാന ചടങ്ങായ മൂന്ന് സ്നാനങ്ങളിലായി മൂന്ന് കോടിയോളം പേർ എത്തുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ 12ന് നടന്ന സോമാവതി അമാവാസി സ്നാനത്തിൽ മാത്രം 20 ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. എന്നാൽ പൂർണമായ കണക്ക് അല്ല ഇത്. അങ്ങനെ ഒരു കണക്ക് എടുക്കുക സാധ്യമല്ല. 14ന് നടന്ന വൈശാഖ സ്‌നാനത്തിലും ഇതിലേറെ പങ്കെടുത്തെന്നാണ് അനൗദ്യോഗിക കണക്കുകൾ. അവസാന സ്നാനമായ ഏപ്രിൽ 27ന് നടക്കുന്ന ചൈത്രപൂർണ്ണിമാ സ്‌നാനത്തിലാണ് ഏറ്റവും കൂടുതൽ പേർ എത്തുക. മുൻപ് പത്ത് കോടി പേർ എത്താറുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത് തന്നെ വ്യക്തമാക്കുന്ന കുംഭമേളയിൽ ഇത്തവണ കോവിഡ് ആയതിനാൽ മൂന്ന് കോടി പേർ എത്തുമെന്നാണ് കണക്ക്. കോവിഡ് നിയന്ത്രണം മൂലമാണ് ആളുകൾ കുറയുന്നതെന്നാണ് വിഎച്ച്പി പറയുന്നത്.

എന്നാൽ കുംഭമേളയുടെ തുടക്കത്തിൽ തന്നെ രണ്ടായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ഇതാണോ നിയന്ത്രണം എന്ന് ചോദിച്ചാൽ അതിനുള്ള മറുപടികൾ വിചിത്രമാണ്. പ്രോട്ടോകോൾ ലംഘിക്കാൻ കൂട്ട് നിൽക്കുന്നത് തന്നെ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ആകുമ്പോൾ മറുപടി എന്താകുമെന്നത് പ്രവചിക്കാവുന്നതാണ്. എന്നാൽ കോവിഡിന്റെ തുടക്കത്തിൽ, ഡൽഹിയിൽ, യാതൊരു നിയന്ത്രണവുമില്ലാത്ത സമയത്ത് നടന്ന തബ്‌ലീഗിൻ്റെ സമ്മേളനത്തെ ഭരണകൂടം നേരിട്ടത് എങ്ങിനെയാണെന്ന് രാജ്യം കണ്ടതാണ്.

കോവിഡ് ലോക്ക് ഡൗണോ, മറ്റു പ്രോട്ടോക്കോളോ ഇല്ലാത്ത സമയത്ത് നടന്ന തബ്‌ലീഗ് സമ്മേളനത്തെ തുടർന്നുണ്ടായ അറസ്റ്റും അവർക്ക് മേൽ അടിച്ചേല്പിക്കപ്പെട്ട ചാപ്പകൾക്കും കാരണം അവരുടെ മതം മാത്രമായിരുന്നു എന്നത് പകൽ പോലെ വ്യക്തമായിരുന്നു. അത് ഒരിക്കൽ കൂടി വെളിവാക്കുന്നതാണ് കുംഭമേളക്ക് നൽകുന്ന സവിശേഷ പരിഗണന. അന്ന് രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും ഭരണകൂടവും സംഘപരിവാർ ശക്തികളും അവർക്ക് മേൽ നടത്തിയ 'അക്രമം' നിസാരമല്ല, ഒട്ടു നിഷ്കളങ്കവുമല്ല. കരുതിക്കൂട്ടിയുള്ള അക്രമവുമായിരുന്നു അത്.

എന്നാൽ കുംഭമേളയുടെ വിഷയത്തിൽ വരുമ്പോൾ അവരെ അക്രമിക്കണമെന്നല്ല, മറിച്ച് സത്യം വിളിച്ച് പറയാൻ എങ്കിലും തയ്യാറാകണം. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ളവർ ഹരിദ്വാറിൽ ഉണ്ട്. ലക്ഷങ്ങൾ കോവിഡ് പരത്തിയാൽ രാജ്യത്ത് ഉണ്ടാകുന്ന സൂപ്പർ സ്പ്രെഡും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും സർക്കാരിന് പോലും നിയന്ത്രിക്കാനാവില്ല. ജനങ്ങൾ തെരുവിൽ മറിച്ച് വീഴും. ചികിത്സ കിട്ടാതെ പിടയുന്ന ജനത്തെ കാണേണ്ടി വരും. ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെ രാജ്യമായി മാറും ഇന്ത്യ. എന്നാൽ ഇത് മനസിലാക്കേണ്ട ഉത്തരവാദിത്വ പെട്ടവർ വിദ്വേഷം പരത്തുന്ന തിരക്കിലാണ് എന്നതാണ് സ്ഥിതി.

നിസാമുദ്ദീനിലെ മര്‍ക്കസില്‍ നടന്ന തബ്‌ലീഗ് ജമാഅത്തുമായി കുംഭമേളയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നാണ് വിശ്വഹിന്ദുപരിഷത്ത് വൈസ് പ്രസിഡന്‍റ് ചംപത് റായ് ദി പ്രിന്‍റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കുംഭമേളയെ മര്‍ക്കസുമായി താരതമ്യം ചെയ്യുന്നത് അഴുക്കുവെള്ളത്തോട് ഗംഗാ ജലത്തെ ഉപമിക്കുന്നത് പോലെയാണെന്നാണ് വിഎച്ച്പി ജോയിന്‍റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പ്രതികരിച്ചതെന്നാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട്.

സര്‍ക്കാരിന്‍റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കുംഭമേളയ്ക്കെത്തിയവര്‍ മാസ്ക് പോലുമില്ലാതെ ഹരിദ്വാറിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിശ്വാസികളുടെ താല്‍പര്യങ്ങളെ പിന്തുണയ്ക്കാന്‍ കാരണമെന്നാണ് ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ബിജെപി നേതാവ് ദി പ്രിന്‍റിനോട് വിശദമാക്കിയത്.

ഗംഗാ ദേവിയുടെ അനുഗ്രഹം മൂലം കുംഭമേളയില്‍ കോവിഡ് വൈറസ് പടരില്ലെന്നായിരുന്നു ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരത്ഥ് സിംഗ് റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കുംഭമേള തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മേള നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്‌ട്രേറ്റും കുംഭമേള ഓഫിസറുമായ ദീപക് റാവത്ത് വ്യക്തമാക്കുന്നു. ഇതോടെ ഒരു കാര്യം ഉറപ്പായി. മേള നിലവിലെ അവസാന ദിവസമായ ഏപ്രിൽ 30 വരെ തുടരും.

കുംഭമേളയുടെ കാര്യത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഉടൻ നടപടി എടുക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഹരിദ്വാറിൽ നിന്നും മുഴങ്ങുന്ന ശംഖൊലികൾ രാജ്യത്തെ മരണമാണിയാകും. ഇതുവരെ രണ്ടായിരത്തോളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ഏപ്രിൽ 30 ആകുമ്പോഴേക്ക് അത് എത്രയാകുമെന്ന് ഊഹിക്കാൻ കൂടിയാവില്ല. നിലവിൽ തന്നെ രാജ്യത്തെ ഒരു ദിവസം സ്ഥിരീകരിക്കുന്നത് രണ്ട് ലക്ഷത്തിലേറെ കോവിഡ് ആണെന്നതിനാൽ കുംഭമേള അതിന്റെ വർദ്ധനവിന് ആക്കം കൂട്ടും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com