മുസ്‌ലിം ലീഗിന്റെ കോട്ടക്കൽ കോട്ട തകരുമോ ?

ദേശീയ പാതയിലെ മരണ കുരുക്ക് ആയ വട്ടപ്പാറ വളവ് മുതൽ നിളയോരം പാർക്ക് വരെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ചർച്ചാ വിഷയങ്ങളാണ്.
മുസ്‌ലിം ലീഗിന്റെ കോട്ടക്കൽ കോട്ട തകരുമോ ?

മലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയിലൊന്നാണ് കോട്ടക്കൽ നിയോജക മണ്ഡലം. 2011 ൽ കുറ്റിപ്പുറം നിയോജക മണ്ഡലം ഒഴിവാക്കി പുതുതായി സൃഷ്ടിച്ചതാണ് കോട്ടക്കൽ മണ്ഡലം. അതിന് ശേഷം രണ്ട് തെരഞ്ഞെടുപ്പിലും ലീഗ് സ്ഥാനാർത്ഥികൾ എളുപ്പത്തിൽ വിജയിച്ച് വന്ന മണ്ഡലത്തിൽ ഇക്കുറി കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ.

യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങളാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ കൂടിയായ ആബിദ് ഹുസ്സൈൻ തങ്ങൾക്ക് ഇത് രണ്ടാമൂഴമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് എൻസിപിയുടെ ദേശീയ ജനറൽ സെക്രട്ടറി എൻ എ മുഹമ്മദ്കുട്ടിയാണ്. കഴിഞ്ഞ തവണയും ഇദ്ദേഹം തന്നെയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.

2006 ൽ നടന്ന തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ നിന്നും മുസ്‌ലിം ലീഗിന്റെ നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തി എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഡോ. കെ ടി ജലീൽ വിജയിച്ചിരുന്നു. കുറ്റിപ്പുറം മണ്ഡലം കോട്ടക്കൽ മണ്ഡലമായി മാറിയതോടെ, പുതുതായി വന്ന തവനൂരിലേക്ക് കെ ടി ജലീൽ ചുവടുമാറി. അതോടെ പുതിയ മണ്ഡലമായ കോട്ടക്കൽ ലീഗിന്റെ കോട്ടയായി മാറി.

കോട്ടക്കൽ മണ്ഡലം രൂപീകരിച്ചതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ലീഗിന്റെ അബ്ദുൽ സമദ് സമദാനിയായിരുന്നു വിജയിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 58.91 ശതമാനം നേടിയ സമദാനി ആകെ നേടിയത് 69717. എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. സിപികെ ഗുരുക്കൾക്ക് ആകെ നേടാനായത് 33815 വോട്ടായിരുന്നു (28.57%). ബിജെപി സ്ഥാനാർത്ഥി കെ കെ സുരേന്ദ്രൻ നേടിയത് 7782 വോട്ടായിരുന്നു (6.85%).

2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ ലീഗ് അബ്ദുൽ സമദ് സമദാനിയെ മാറ്റി പകരം ആബിദ് ഹുസ്സൈൻ തങ്ങളെ പരീക്ഷിച്ചു. ഇത്തവണ ആബിദ് ഹുസ്സൈൻ തങ്ങൾക്ക് 2051 വോട്ട് അധികമായി നേടാൻ കഴിഞ്ഞു. ആകെ നേടിയ വോട്ടുകൾ 71768 ആയി ഉയർന്നപ്പോൾ വോട്ട് വിഹിതം 48.34 ശതമാനായി കുറഞ്ഞു. അതേസമയം എൽഡിഎഫിന്റെ വോട്ട് ശതമാനവും വോട്ടും ഉയർന്നു. 38.21 ശതമാനം വോട്ട് നേടിയപ്പോൾ ആകെ ലഭിച്ചത് 56726 വോട്ടാണ്. ഇത്തവണ എൽഡിഎഫിനായി ഇറങ്ങിയത് നിലവിൽ മത്സരിക്കുന്ന എൻ എ മുഹമ്മദ് കുട്ടി തന്നെയായിരുന്നു.

കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും എൽഡിഎഫിനായി ഇത്തവണ എൻ എ മുഹമ്മദ് കുട്ടി വീണ്ടും രംഗത്തിറങ്ങുന്നത് തികഞ്ഞ ആത്മ വിശ്വാസത്തോടെയാണ്. കഴിഞ്ഞ അഞ്ച് വർഷം മണ്ഡലത്തിൽ നിറഞ്ഞ് നിൽക്കാനും പ്രവർത്തിക്കാനും മുഹമ്മദ് കുട്ടി ശ്രദ്ധിച്ചിരുന്നു. എൻ എ എം കെ ഫൗണ്ടേഷൻ എന്ന പേരിൽ രൂപീകരിച്ച സന്നദ്ധ സംഘടന വഴിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. സമൂഹത്തിന്റെ ഓരോ മേഖലയിലും എൻ എ എം കെ ഫൗണ്ടേഷൻ എത്തി എന്നത് തന്നെയാണ് ഇത്തവണ മുഹമ്മദ് കുട്ടിക്ക് വോട്ട് ആകാൻ സാധ്യത.

അതേസമയം തന്നെ, നിലവിലെ എംഎൽഎ ആയത് കൊണ്ട് കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാണിച്ച് തന്നെയാണ് ആബിദ് ഹുസ്സൈൻ തങ്ങളുടെ പ്രചരണം. അതോടൊപ്പം എൽഡിഎഫ് സർക്കാർ വിരുദ്ധതയും കൂടിയാകുമ്പോൾ വോട്ട് ഇത്തവണയും തന്റെ പെട്ടിയിൽ വീഴുയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

ദേശീയ പാതയിലെ മരണ കുരുക്ക് ആയ വട്ടപ്പാറ വളവ് മുതൽ നിളയോരം പാർക്ക് വരെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ചർച്ചാ വിഷയങ്ങളാണ്. അത്കൊണ്ട് തന്നെ ഇത്തവണ ലീഗിന്റെ കോട്ട തകരുമോ അതോ ലീഗ് കോട്ട കാക്കുമോ എന്നത് കണ്ട് തന്നെ അറിയണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com