പ്രവാസത്തിനു പ്രഹരമായി കൊറോണ; പ്രതിസന്ധിയില്‍ കേരളം
Featured

പ്രവാസത്തിനു പ്രഹരമായി കൊറോണ; പ്രതിസന്ധിയില്‍ കേരളം

കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്‍റെ ഭാവിയെക്കുറിച്ചും ചോദ്യങ്ങളുയരുകയാണ്

By Harishma Vatakkinakath

Published on :

മനുഷ്യ ജീവിതത്തിന്‍റ ഒഴുക്കിനെ വഴിതിരിച്ച്, ഭാവികാര്യങ്ങള്‍ അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് കോവിഡ് 19 മഹാമാരി പടര്‍ന്നുപിടിക്കുകയാണ്. ആഗോളതലത്തില്‍ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ പ്രതിസന്ധികള്‍ ദിനംപ്രതി രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. വൈറസ് വ്യാപനത്തിന്‍റെ ആദ്യഘട്ടത്തെ നിയന്ത്രണവിധേയമാക്കിയ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന രോഗികളുടെ എണ്ണം ആശങ്കകള്‍ക്ക് വഴിവെക്കുന്നു. ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്ന പ്രവാസികളാണ് കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിന് വെല്ലുവിളിയായത്. പ്രവാസികളിലെ സിംഹഭാഗവും തിരികെ നാട്ടിലെത്തുമ്പോള്‍ കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചും അതിന്‍റെ ഭാവിയെക്കുറിച്ചും ചോദ്യങ്ങളുയരുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ സ്വദേശിവല്‍ക്കരണ നയങ്ങള്‍ അവലംബിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ ഇന്ത്യക്കാരില്‍ ഭൂരിഭാഗത്തിനും തൊഴില്‍ നഷ്ടമായിരുന്നു. ഇതിനു പിന്നാലെ വന്ന കോറോണ ഇരട്ടിപ്രഹരമാണ് പ്രവാസികള്‍ക്കു നല്‍കിയത്. പ്രത്യേകിച്ചും കേരളത്തിന്.

കേരളത്തിന്‍റെ ഗള്‍ഫ് എന്ന വികാരം

1956ല്‍ സംസ്ഥാനം രൂപീകൃതമായതുമുതല്‍ ആഭ്യന്തര-വിദേശ കുടിയേറ്റമാണ് കേരളത്തിന്‍റെ വികസനവഴിയിലെ സുപ്രധാന ഘടകം. തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്തെ കണക്കുകള്‍ പ്രാകാരം 1940കളില്‍ ജനങ്ങള്‍ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്ന സ്ഥിതിവിശേഷമാണുണ്ടായിരുന്നത്. ഇത് പിന്നീട് വിപരീതദിശയിലേക്കായി. എഴുപതുകളുടെ തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു തുടങ്ങിയ മഹാനഗരങ്ങളായിരുന്നു മലയാളികളുടെ ലക്ഷ്യസ്ഥാനം. പ്രാരാബ്ധങ്ങള്‍ നാടുകടക്കാന്‍ പ്രേരിപ്പിച്ചപ്പോള്‍ സമ്പൂര്‍ണ്ണ സാക്ഷരതയെന്ന കേരള സര്‍ട്ടിഫിക്കറ്റ്, എവിടെയും പ്രാതിനിധ്യം ലഭിക്കാന്‍ മലയാളിയെ സഹായിച്ചു.

എണ്ണ വിപണി തുറന്നിട്ട വിപുലമായ സാധ്യതകള്‍ ഗള്‍ഫ് സമ്പദ് വ്യവസ്ഥകളിലേക്ക് വിദേശ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ തുടങ്ങിയതാണ് 1971-81 കാലയളവില്‍ കേരള ചരിത്രത്തെ മാറ്റിമറിച്ചത്. ഏകദേശം 250000 പേരാണ് അക്കാലത്ത് പ്രവാസ ജീവിതം നയിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊണ്ണൂറുകളില്‍ ഈ ഒഴുക്ക് അതിന്‍റെ പാരമ്യത്തിലെത്തി. അന്താരാഷ്ട്ര കുടിയേറ്റവും വിദേശ നാണ്യത്തിന്‍റെ വരവും വര്‍ദ്ധിച്ചതിന്‍റെ ലക്ഷണങ്ങള്‍ കേരളത്തിന്റെ വികസന വഴികളില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. 1999ല്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ടായിരുന്ന കേരളത്തില്‍ ഇന്ന് നാലെണ്ണമാണുള്ളതെന്ന് ഇതോടൊപ്പം ചേര്‍ത്തു വായിക്കാം.

കേരളത്തില്‍ നിന്നുള്ള മൊത്തം പ്രവാസികളില്‍ 89.2 ശതമാനം പേരും ഗള്‍ഫ് മേഖലയിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് ഏകദേശം 18.9 ലക്ഷം ജനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളത്. യുഎഇ ആണ് മലയാളികളുടെ ഇഷ്ടലക്ഷ്യം. 2018ലെ പ്രളയത്തിനു ശേഷമാണ് വിദേശത്തേക്ക് പോകുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്. പ്രളയത്തില്‍ നഷ്ടപ്പെട്ട വീടുകളുടെയും സ്ഥാപനങ്ങളുടെയും നിര്‍മ്മാണ മേഖലയിലേക്കായിരുന്നു ഈ ഘട്ടത്തില്‍ കടല്‍ കടന്ന് പണമെത്തിയത്.

വികസന വഴിയില്‍ താങ്ങാകുന്ന പ്രവാസി നിക്ഷേപം

2019 ല്‍ ലോകബാങ്ക് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 79 ബില്യൺ ഡോളറാണ് പ്രവാസികള്‍ ഇന്ത്യയിലേക്ക് അയ്ക്കുന്നത്. ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ കൂടുതല്‍ പേരും മലയാളികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ മൊത്തം പ്രവാസ വരുമാനത്തിലെ 19 ശതമാനവും മലയാളികളുടേതാണെന്നാണ് റിസര്‍വ് ബാങ്കിന്‍റെ വിലയിരുത്തല്‍. രണ്ടാംസ്ഥാനം മഹാരാഷ്ട്രയ്ക്കാണ് .16. 7 ശതമാനാണ് മഹാരാഷ്ട്രയുടെ പ്രവാസ നിക്ഷേപം. മൂന്നാം സ്ഥാനത്ത് 15 ശതമാനവുമായി കര്‍ണാടകയാണ്. തമിഴ്നാട് എട്ട് ശതമാനവും ഡല്‍ഹി 5.9 ശതമാനവും, ആന്ധ്രപ്രദേശ് നാല് ശതമാനവും പ്രവാസ നിക്ഷേപമാണ് സംഭവാന ചെയ്യുന്നത്.

ഇന്ത്യയിലേക്ക് കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്നത് യുഎഇയില്‍ നിന്നാണ്. ലോകബാങ്കിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 13,823 മില്യണ്‍ ഡോളറാണ് ഇന്ത്യയിലേക്കൊഴുകുന്നത്. യുഎസ്, സൗദി അറേബ്യ എന്നിവയാണ് തൊട്ടുപിന്നില്‍.

ഒരു ആശ്രിത സമ്പദ് വ്യവസ്ഥ എന്ന നിലയിൽ കോവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഗൾഫ് രാജ്യങ്ങളിലും, യൂറോപ്യൻ രാജ്യങ്ങളിലും, അമേരിക്കയിലും കടുത്ത തിരിച്ചടിയാണ് നല്‍കിയത്. വലിയൊരു വിഭാഗം മലയാളികൾ പണിയെടുക്കുന്ന ഈ രാജ്യങ്ങളിൽ പ്രതിസന്ധി രൂക്ഷമാകുമ്പോൾ തൊഴിലാളികളെ കുറച്ചു കൊണ്ടും, കൃത്രിമ ബുദ്ധി ഉൾപ്പെടെയുള്ള യന്ത്രവത്ക്കണം വ്യാപകമാക്കിക്കൊണ്ടുമാണ് അതിജീവനത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ഇത് മലയാളികളുടെ തൊഴില്‍ നഷ്ടത്തിലേക്ക് നയിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിലേയും, അമേരിക്കയിലേയും പ്രതിസന്ധി പത്തനംതിട്ട, കോട്ടയം മുതലായ ജില്ലകളെയാണ് പ്രധാനമായും ബാധിക്കുന്നതെങ്കിൽ, ഗൾഫ് പ്രതിസന്ധി മലപ്പുറം, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ് ജില്ലകളെ സാരമായി ബാധിക്കും. മറ്റു ജില്ലകളില്‍ ഇത് ഏറിയും കുറഞ്ഞും പ്രതിഫലിക്കും. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവരെ എങ്ങനെ ഉൾക്കൊള്ളും എന്ന പുതിയ വെല്ലുവിളിയാണ് കേരള സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കാൻ പോകുന്നത്. വിദേശ വരുമാനത്തേയും, ടൂറിസം പോലുള്ള വരുമാനത്തേയും നിർമ്മാണ മേഖലയേയും ആശ്രയിച്ചുള്ള കേരളത്തിന്റെ അതിജീവനം ചോദ്യചിഹ്നമാകുമെന്ന് സാരം.

ഗള്‍ഫ് യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി, സൗദി അറേബ്യയുടെ നിതാഖാത്ത് നയം എന്നിങ്ങനെ ഏറ്റവും കുറഞ്ഞത് മൂന്ന് തവണയെങ്കിലും കേരളം പ്രവാസികളുടെ തിരിച്ചുവരവിന് ദൃക്സാക്ഷിയായിട്ടുണ്ട്. ഈ മൂന്ന് സന്ദര്‍ഭങ്ങളിലും കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ അതിജീവിച്ചെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പറയാം. എന്നാല്‍ ഇത്തവണ എണ്ണവില എക്കാലത്തേയും കുറഞ്ഞ നിരക്കിലെത്തിയതടക്കമുള്ള കോവിഡ് പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ രാജ്യങ്ങളുടെ നയങ്ങള്‍ മാറുന്നതോടെ മിക്ക മേഖലകളിലും കൂടുതല്‍ തൊഴില്‍ നഷ്ടമുണ്ടാകും. അതിനാല്‍ സെപ്തംബറിനു മുമ്പ് വന്‍ തോതില്‍ പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

സമ്പാദ്യത്തിനും നിക്ഷേപത്തിനും യാതൊരുവിധ ഉലച്ചിലുമില്ലാതെ പ്രവാസികള്‍ അതത് രാജ്യങ്ങളില്‍ തുടരുമ്പോള്‍, തദ്ദേശവല്‍ക്കരണം പോലുള്ള പ്രതിസന്ധികളില്‍പ്പെട്ട് മടങ്ങിവരുന്നവര്‍ക്കായുള്ള പുനരധിവാസ സാധ്യതകള്‍ തേടുന്നത്, സര്‍ക്കാരിന് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍, കൂട്ടത്തോടെയുള്ള മടങ്ങിവരവും, ഗള്‍ഫ് നിക്ഷേപത്തില്‍ സംഭവിക്കുന്ന കാര്യമായ ഇടിവും വ്യത്യസ്തമായ മറ്റൊരു അന്തരീക്ഷമാണ് സൃഷ്ടിക്കാന്‍ പോകുന്നത്. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. കോവിഡ് അനന്തര ലോകത്തില്‍ അന്താരാഷ്ട്ര കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വ്വമായ നടപടികളാണ് ഏകോപിപ്പിക്കേണ്ടത്.

Anweshanam
www.anweshanam.com