കോവിഡ് കാലത്ത് ഇന്ത്യ - പാക് അതിർത്തികളിൽ കുടുങ്ങുന്ന ജീവിതങ്ങൾ
Featured

കോവിഡ് കാലത്ത് ഇന്ത്യ - പാക് അതിർത്തികളിൽ കുടുങ്ങുന്ന ജീവിതങ്ങൾ

ജനതാ മാലിയുടെ ജീവിതത്തിൽ കോവിഡ് ഇടപെട്ടത് ഇന്ത്യ - പാക് അതിർത്തിയുടെ പേരിലാണ്

M Salavudheen

കോവിഡ് എന്ന മഹാമാരി പലരുടെയും ജീവിതത്തിൽ ഇടപെട്ടത് വിവിധ രീതിയിലാണ്. ചിലരുടെ രീതിയിൽ കോവിഡ് രോഗമായും മരണമായും ഇടപെട്ടപ്പോൾ മറ്റു പലരുടെയും ജീവിതത്തിൽ തൊഴിൽ നഷ്ടമായും സാമ്പത്തിക പ്രശ്‍നങ്ങൾ ആയും ഇടപെട്ടു. എന്നാൽ ജനതാ മാലിയുടെ ജീവിതത്തിൽ കോവിഡ് ഇടപെട്ടത് ഇന്ത്യ - പാക് അതിർത്തിയുടെ പേരിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുപ്പത്തിമൂന്ന് കാരിയായ ജനതാ മാലിയും ഭർത്താവും മൂന്ന് കുഞ്ഞുങ്ങളും കൂടി ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ എത്തിയത്. മിർപൂർ ഖാസിലുള്ള പ്രായമായ അമ്മയെ കാണാൻ ആയിരുന്നു യാത്ര. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഇവർ പാകിസ്ഥാനിൽ കുടുങ്ങി. പിന്നീട് എന്ന് തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങും എന്നറിയാതെ കഴിയുകയായിരുന്നു അവർ.

കോവിഡിനെ തുടർന്ന് ഇരു രാജ്യത്തുമായി കുടുങ്ങി കിടന്ന ആളുകൾക്ക് വേണ്ടി ജൂൺ അവസാനത്തോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ താൽകാലിക സർവീസ് നടത്താൻ ധാരണയായി. എന്നാൽ ജനതാ മാലിക്ക് ഈ ഇളവുകളും മതിയായില്ല. കാരണം അവർ 2007 മുതൽ ഇന്ത്യയിൽ ഉണ്ടെങ്കിലും ഇന്ത്യക്കാരി അല്ല. ഇന്ത്യക്കാർ ആയതിനാൽ അവരുടെ ഭർത്താവിനും മൂന്ന് മക്കൾക്കും ജോധ്‌പൂരിലെ അവരുടെ വീട്ടിലേക്ക് മടങ്ങാനായി. എന്നാൽ ജനതാ പാകിസ്ഥാനിൽ തന്നെ തുടരുകയാണ്. 2007 മുതൽ ദീർഘകാല വിസയിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന ഇവരുടെ ഇന്ത്യയിലേക്കുള്ള മടക്കം തന്നെ ഇതോടെ അനിശ്ചിതത്വത്തിലായി.

ഇവരെ പോലെ നിരവധി മറ്റു ആളുകളും പാകിസ്ഥാനിലേക്ക് പോയ പലരും അവിടെ കുടുങ്ങി കിടപ്പുണ്ട്. പാകിസ്ഥാനിലെ ബന്ധുവിനെ കാണാൻ പോയവരും രേഖകൾ പുതുക്കാൻ പോയവരും എല്ലാം ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരെല്ലാം തന്നെ 60 ദിവസത്തെ ദൈർഘ്യമുള്ള എൻ ഓ ആർ ഐ (No Objection Return to India) അനുമതിയോടെ പോയവരാണ്. എന്നാൽ ഇതിന്റെ കാലാവധി കഴിഞ്ഞിട്ട് ഇപ്പോൾ ദിവസങ്ങളായി എന്നതാണ് വസ്‌തുത. 2017 ൽ രാജസ്ഥാൻ ഹൈക്കോടതിയിൽ രജിസ്റ്റർ ചെയ്‌ത പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ഇന്ത്യയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച പരിഗണിച്ചപ്പോൾ, അമിക്കസ് ക്യൂറി സജ്ജൻ സിംഗ് റാത്തോഡ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്.

വിഷയത്തിൽ അടിയന്തിര ശ്രദ്ധ വേണമെന്ന് പാകിസ്ഥാനിലെ ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്ന് വാദിക്കുന്ന സംഘടന ഹിന്ദു സിംഗ് സോധ രംഗത്ത് വന്നിട്ടുണ്ട്. 'എൻഒആർഐ (NORI) വിസയുടെ കാലാവധി 60 ദിവസമാണ്. എൻഒആർഐ കാലാവധി തീർന്നാൽ അവർ നേരത്തെ ഇന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളുടെ കണക്ക് പിന്നീട് പൗരത്വം അംഗീകരിക്കുന്നതിന് കണക്കാക്കില്ല. അതിനാൽ അവരുടെ എൻഒആർഐ വിസ നീട്ടി നൽകുകയും അവരെ ഇന്ത്യയിലേക്ക് എത്തിക്കുകയും വേണമെന്ന് സംഘടനയുടെ തലവൻ സീമാന്ത് ലോക് സാംഗതൻ പറയുന്നു. ഇക്കാര്യം ഉന്നയിച്ച് സംഘടന കേന്ദ്ര സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.

ഇവരുടെ ഇന്ത്യയിലേക്കുള്ള മടക്കത്തിന്റെ കാര്യം പുരോഗമിക്കുന്നുണ്ടെങ്കിലും ഇവരുടെ കുടുംബം ഇപ്പോഴും ആശങ്കയിലാണ്. ജനത മാലിയുടെ മക്കളായ കുൽദീപ് (9), മോഹിത് (8), ചഞ്ചൽ (6) എന്നിവർ അമ്മയുടെ വരവിനായി കാത്തിരിക്കുകയാണ്. വീഡിയോ കോളിലൂടെ അമ്മയെ എന്നും കാണാറാറുണ്ടെങ്കിലും അമ്മയെ എന്ന് നേരെ കാണും എന്ന ആശങ്കയിലാണ് ഇവർ.

അവലംബം: ഹിന്ദുസ്ഥാൻ ടൈംസ്

Anweshanam
www.anweshanam.com