ശ്വസിക്കാൻ കാത്ത് ഇന്ത്യ

ശ്വസിക്കാൻ കാത്ത് ഇന്ത്യ

കൊറോണയുടെ സീസൺ 2 ൽ രാജ്യത്തെ കൊന്ന് തിന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ ദിവസം കഴിയുന്തോറും കൊറോണ മരണങ്ങൾ വർധിച്ചു വരികയാണ്. രണ്ടാം തരംഗം അതിതീവ്രമാകുന്നതിനിടയിൽ ശ്വാസം കിട്ടാതെ പിടയുന്ന ഇന്ത്യുടെ ചിത്രങ്ങൾ കരളലിയിപ്പിക്കുന്നത് തന്നെയാണ്. പ്രതിദിനം രണ്ടായിരത്തിലധികം ജീവനുകൾ കൊറോണ വൈറസ് എടുക്കുന്നു. ഓക്സിജന്റെ ലഭ്യതയില്ലായ്മയാണ് ഇത്തവണ മരണത്തിന് പ്രധാന കാരണം. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലെയും ആശുപത്രികൾ ഓക്സിജനുവേണ്ടി ക്യൂ നിൽക്കുന്ന അവസ്ഥ ഭയാനകം തന്നെയാണ്.

ഒരു ജീവൻ രക്ഷിക്കാനുള്ള ഏക മാർഗ്ഗമാണ് ഓക്സിജൻ. ടാങ്കർ എത്തിയില്ലെങ്കിൽ രോഗിയുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയായി. പ്രാദേശിക തലത്തിൽ ഓക്സിജന്റെ ലഭ്യതയില്ലായ്മയാണ് നിലവിൽ ഗുരുതര വീഴ്ച്ചയായി മാറിയത്.കഴിഞ്ഞ ഒരാഴ്ചയായി ഓക്സിജൻ ക്ഷാമത്തിന്റെ പ്രതിസന്ധിയിലായ ഡൽഹിയെ ഓക്സിജൻ നൽകി സഹായിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കൈകൂപ്പി പ്രധനമന്ത്രിയോട് അഭ്യർത്ഥിച്ചത് കൊറോണയുടെ തീവ്രത അത്രമേൽ അതിക്രമിച്ചത് കൊണ്ടാണ്.

രാജ്യത്ത് ഓക്സിജൻ ക്ഷാമം ഇത്രയും ഉയ‍ർന്നു വന്നു. രോഗികൾക്ക് ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറുകൾ കിട്ടാതായി. ഡോക്ടർമാർക്ക് പോലും ഗുരുതരമായ ഓക്സിജന്റെ കുറവ് ഉന്നയിക്കേണ്ടി വന്നു. ഓക്സിജൻ വിതരണം സംബന്ധിച്ച് തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ആദ്യ തരംഗത്തിൽ വളരെ കൃതത്തോടെ ഇന്ത്യ വൈറസിനെ നേരിട്ടു. എന്നാൽ രണ്ടാം തരംഗത്തിൽ വൈറസിന്റെ വ്യാപനം വളരെ വേഗത്തിലായിരുന്നു. ഓക്സിജന്റെ ആവശ്യകത കുത്തനെ ഉയർന്നു. ആദ്യ തരംഗത്തിൽ 1500 മെട്രിക് ടൺ കവിയാത്ത ഓക്സിജന്റെ ആവശ്യം ഇപ്പോൾ 6000 മെട്രിക് ടണ്ണായി ഉയർന്നു.

ഓക്സിജന്റെ സ്വഭാവം അതിന്റെ ഗതാഗതത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഒഴിഞ്ഞ ഓക്സിജൻ ടാങ്കറുകൾ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വ്യോമസേന വിമാനങ്ങൾക്ക് ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ കഴിയും, എന്നാൽ ഓക്സിജൻ നിറച്ച ടാങ്കറുകൾ ഇതുപോലെ കൊണ്ടുപോകാൻ കഴിയില്ല. ഗുഡ്സ് ലിക്വിഡ് മെഡിക്കൽ ഓക്സിജൻവഹിക്കുന്ന ട്രെയിൻ മണിക്കൂറിൽ 60-65 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടിക്കാൻ കഴിയില്ല. കൂടാതെ ഈ ദ്രാവകം വഹിക്കുന്ന റോഡിലൂടെ ഓടിക്കുന്ന ടാങ്കറുകൾ മണിക്കൂറിൽ 50 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ ഓടിക്കാൻ പാടില്ല. ഓക്സിജൻ ക്ഷാമം രൂക്ഷമായതോടെ വിദേശ രാജ്യങ്ങൾ ഇന്ത്യക്ക് ടൺ കണക്കിന് ഓക്സിജനുകൾ എത്തിച്ച് ഇന്ത്യയെ സഹായിച്ചിരുന്നു.

ഓക്സിജൻ പ്രതിസന്ധി രൂക്ഷമായതോടെ ഓക്സിജന്റെ വ്യാവസായിക ഉപയോഗം ആഭ്യന്തര മന്ത്രാലയം നിരോധിച്ചു. കാണ്ട്ലയിലെ ദീൻദയാൽ തുറമുഖത്ത് ഓക്സിജൻ സിലിണ്ടറുകൾ നിർമ്മിക്കുന്നതിനായി കപ്പൽ വഴി പ്രത്യേക സിലിണ്ടർ ഇരുമ്പ് ഇറക്കുമതി ചെയ്തു. സിംഗപ്പൂരിൽ നിന്ന് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിമാനത്തിൽ കൊണ്ടുവന്നു. പോർട്ടബിൾ ഓക്സിജൻ ജനറേറ്റർ ഫ്രാൻസിൽ നിന്ന് ഇറക്കുമതി ചെയ്തു. രാജ്യത്തെ എല്ലാ സ്റ്റീൽ പ്ലാന്റുകളും വ്യാവസായിക ഓക്സിജനെ യുദ്ധകാലാടിസ്ഥാനത്തിൽ മെഡിക്കൽ ഗ്രേഡ് ഓക്സിജനായി മാറ്റി വരികയാണ്. വൻകിട സ്വകാര്യ കമ്പനികൾ ഒന്നുകിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ക്രയോജനിക് ലിക്വിഡ് ഓക്സിജൻ ടാങ്കറുകൾ വേഗത്തിൽ വാങ്ങുകയോ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്ലാന്റുകളിൽ നിന്ന് ഓക്സിജൻ ടാങ്കറുകൾ അയയ്ക്കുകയോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വരും ആഴ്ച്ചകളിൽ രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്.

നിലവിലെ പ്രതിസന്ധി രാജ്യത്തിന് തന്നെ ഒരു വലിയ പാഠമാണ്. മെഡിക്കൽ ഓക്സിജന്റെ ബിസിനസ്സ് ഏറ്റവും കൂടുതൽ ഉള്ളത് സ്വകാര്യ മേഖലയിലാണ്.ഓരോ ജില്ലയിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. ഓക്സിജൻ വിതരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരുകൾ ചിന്തിക്കണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com