ആ വിളക്ക് അണഞ്ഞപ്പോള്‍...

ഇന്ന് മഹാത്മാഗാന്ധിയുടെ 73ാം രക്തസാക്ഷി ദിനം.
ആ വിളക്ക് അണഞ്ഞപ്പോള്‍...

“നമ്മുടെ ജീവിതത്തിൽ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്‌… പ്രകാശിച്ചിരുന്നത്‌ ഒരു സാധാരണ ദീപമായിരുന്നില്ല… ഒരായിരം വർഷങ്ങൾക്കു ശേഷവും അതിവിടെ പ്രകാശം ചൊരിയും. നൂറ്റാണ്ടുകളിലൂടെ ആയിരമായിരം ഹൃദയങ്ങൾക്ക്‌ അത്‌ ആശ്വാസം പകർന്നുകൊണ്ടിരിക്കും” 1948 ജനുവരി 30ന് മഹാത്മാഗാന്ധിയുടെ മരണം അറിയിച്ചുകൊണ്ട്‌ രാഷ്ട്രത്തോടു നടത്തിയ പ്രഭാഷണത്തിൽ ജവഹർലാൽ നെഹ്‌റു പറഞ്ഞ വാക്കുകളാണിവ. ഇന്ന് ജനുവരി 30 രക്തസാക്ഷി ദിനം. നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ ചരമദിനം. ഡല്‍ഹിയിലെ ബിര്‍ല ഹൗസില്‍ ഒരു സായാഹ്ന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നതിനിടയില്‍ നാഥുറാം വിനായക് ഗോഡ്‌സെ എന്ന തീവ്രഹിന്ദുത്വവാദിയുടെ കരങ്ങളാല്‍ വെടിയേറ്റ് ഒരു യുഗം അവസാനിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിടുന്നു.

സത്യം, അഹിംസ എന്നീ തത്വങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച്, അതിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച മഹത് വ്യക്തിത്വമായിരുന്നു മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധിയുടേത്. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ശ്രദ്ധേയനായ ഗാന്ധിയെ വെറുമൊരു രാഷ്ട്രീയ നേതാവ് എന്നതിനേക്കാള്‍ ദാര്‍ശനികനായും ലോകനേതാവായുമാണ് നമ്മള്‍ കാണുന്നത്. എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ അദ്ദേഹം അത് പ്രായോഗികമാക്കി. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്‍ശിയായി നിലകൊളളാനും ഗാന്ധിജിയ്ക്ക് കഴിഞ്ഞു.

1934 മുതല്‍ അഞ്ച് തവണയാണ് ഗാന്ധിയുടെ ജീവന് നേരെ ആക്രമണം ഉണ്ടായത്. "ഒരു ഭ്രാന്തന്റെ വെടിയേറ്റ് എനിക്ക് മരിക്കേണ്ടി വരികയാണെങ്കില്‍ ഞാന്‍ അത് പുഞ്ചിരിയോടെ സ്വീകരിക്കും. എനിക്ക് ഒരു ദേഷ്യവും ഉണ്ടാവില്ല. ദൈവം എന്റെ ഹൃദയത്തിലും ചുണ്ടുകളിലുമുണ്ടാവും," മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഗാന്ധിജി പറഞ്ഞ വാക്കുകളാണിവ.

1948 ജനുവരി 30 ന് വൈകുന്നേരം തന്റെ പതിവ് പ്രാർത്ഥനായോഗത്തിൽ സംബന്ധിക്കുവാനായി മനുവിനും ആഭയ്ക്കുമൊപ്പം ബിർളാ ഹൗസിലേക്ക് പോയതായിരുന്നു ഗാന്ധി. പ്രാര്‍ഥനാമണ്ഡപത്തിലേക്കുള്ള പടികളില്‍ നാലെണ്ണം കയറിയപ്പോഴേക്കും ഏകദേശം 35 വയസ്സ് പ്രായമുള്ള ഒരു യുവാവ് ഗാന്ധിജിയുടെ മുന്‍പാകെ വന്നു. ഗാന്ധിജിയില്‍നിന്ന് ഏകദേശം രണ്ടുവാര മാത്രം അകലെനിന്ന് വണങ്ങി. ഗാന്ധിജി പ്രതിവന്ദനം ചെയ്തു. "ഇന്ന് പ്രാര്‍ഥനയ്‌ക്കെത്താന്‍ കുറേ വൈകിയല്ലോ," ആ യുവാവ് പറഞ്ഞു. "ഉവ്വ്, ഞാന്‍ വൈകി," ഗാന്ധിജി ചിരിച്ചുകൊണ്ട് മറുപടി നല്‍കി. അപ്പോഴേക്കും യുവാവ് തന്റെ റിവോള്‍വര്‍ വലിച്ചെടുത്തു. പുൽത്തകിടിയിലേക്ക് നടന്നുപോവുകയായിരുന്ന ആ വയോധികന്റെ നെഞ്ചത്തേക്ക് മൂന്ന് വെടിയുണ്ടകൾ പായിച്ചു.

ആദ്യത്തെ വെടി വയറില്‍ കൊണ്ടു. രണ്ടാമത്തെ വെടി അടിവയറ്റിലും മൂന്നാമത്തേത് നെഞ്ചിലും. ഗാന്ധിജി മലര്‍ന്നുവീണു. മുറിവുകളില്‍നിന്ന് രക്തം പ്രവഹിച്ചുകൊണ്ടിരുന്നു. ആജീവനാന്തം അഹിംസയ്ക്കുവേണ്ടി മാത്രം ശബ്ദമുയർത്തിയ നാവുകൊണ്ട് അവസാനമായി 'ഹേ... റാം 'എന്നുവിളിച്ച്, പ്രതിഷേധം ലവലേശമില്ലാതെ ആ മഹാത്മാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗാന്ധിജിയെ കൊലപ്പെടുത്തിയ ആള്‍ നാഥുറാം വിനായക് ഗോഡ്സെ എന്ന 35 വയസ്സുള്ള മഹാരാഷ്ട്രക്കാരനായ ഉന്നതവിദ്യാഭ്യാസം സിദ്ധിച്ച ‘ഹിന്ദു’വാണെന്നും അയാള്‍ ‘ഹിന്ദുരാഷ്ട്ര’മെന്ന പത്രത്തിന്റെ അധിപനാണെന്നും പിറ്റേന്ന് എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

1910 മെയ് 19 ന് മഹാരാഷ്ട്രയിലെ ബാരാമതിയിൽ പോസ്റ്റൽ ജീവനക്കാരനായ വിനായക് വാമൻറാവു ഗോഡ്സെക്കും ലക്ഷ്മിക്കും അഞ്ചാമത്തെ സന്താനമായിട്ടാണ് രാമചന്ദ്ര ജനിക്കുന്നത്. ആദ്യം പിറന്ന മൂന്നാണ്മക്കൾ അകാലത്തിൽ മരിക്കുകയും, തുടർന്ന് ജനിച്ച പെൺകുഞ്ഞ് അസുഖമൊന്നുമേശാതെ വളർന്നുവരികയും ചെയ്തതിനു ശേഷമാണ് രാമചന്ദ്രയുടെ ജനനം. അതുകൊണ്ട്, സ്വാഭാവികമായും, തങ്ങളുടെ ആദ്യത്തെ മൂന്നുപുത്രന്മാരുടെയും ജീവനപഹരിച്ച യമദേവൻ അവശേഷിക്കുന്ന പുത്രനെയും തങ്ങളിൽ നിന്ന് അടർത്തിമാറ്റുമോ എന്ന ഭയത്താൽ, ആ ദമ്പതികൾ തങ്ങളുടെ മകനെ പെണ്ണായി വളർത്താൻ തീരുമാനിച്ചു.

മൂക്ക് തുളച്ച്, പെൺകുട്ടികളെപ്പോലെ മൂക്കുത്തിയൊക്കെ അണിയിച്ചാണ് രാമചന്ദ്രയെ വളർത്തിയത്. കുഞ്ഞ് വളർന്നുവന്നപ്പോൾ രാമചന്ദ്ര എന്ന അവന്റെ പേര് ക്ഷയിച്ചുക്ഷയിച്ച് റാം എന്നായി ചുരുങ്ങി. നഥ്നി എന്നാൽ മൂക്കുത്തി. മൂക്കുത്തിധാരിയായ റാം എന്ന അർത്ഥത്തിൽ അവനെ 'നാഥുറാം' എന്ന് എല്ലാവരും വിളിച്ചുതുടങ്ങി. അടുത്തതായി ഒരു ആൺകുഞ്ഞ് ജനിച്ചിട്ടും നാഥൂറാമിന്റെ ആയുരാരോഗ്യസൗഖ്യങ്ങൾക്ക് ഉലച്ചിലൊന്നും തട്ടാതിരുന്നപ്പോള്‍ മാത്രമാണ് അവനിൽ നിന്ന് സ്ത്രീസൂചകമായ ചിഹ്നങ്ങൾ മാറ്റാൻ അച്ഛനുമമ്മയും തയ്യാറായത്. അനുജൻ ജനിച്ച ശേഷം മൂക്കുത്തിയും, സ്ത്രീവേഷവുമെല്ലാം മാറിയെങ്കിലും 'നാഥുറാം' എന്ന പേരുമാത്രം അവനെ വിട്ടുമാറിയില്ല.

 നാഥുറാം വിനായക് ഗോഡ്സെ
നാഥുറാം വിനായക് ഗോഡ്സെ

1929 ലാണ് ഗോഡ്‌സെ കുടുംബം ബാരാമതിയിൽ നിന്ന് രത്നഗിരിയിലേക്ക് താമസം മാറ്റുന്നത്. അവിടെ വെച്ച് വിനായക് ദാമോദർ സവർക്കർ എന്ന ഹിന്ദുമഹാസഭാ നേതാവിന്റെ ആശയങ്ങളെ പരിചയപ്പെട്ടതോടെയാണ് നാഥുറാമിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്നത്. സ്വാതന്ത്ര്യലബ്‌ധിയോടടുപ്പിച്ചാണ് മുസ്‌ലിം ലീഗും ഹിന്ദു സംഘടനകളും തമ്മിൽ രണ്ടു രാജ്യങ്ങൾ വേണമോ വേണ്ടയോ എന്ന കാര്യത്തിൽ തർക്കം നടക്കുന്നത്. അക്കാലത്തു തന്നെയാണ് ഹിന്ദു മഹാസഭയ്ക്കുവേണ്ടി ഗോഡ്സെയും നാരായൺ ആപ്തെയും ചേർന്ന് അഗ്രണി എന്ന പേരിൽ ഒരു മറാത്തി ദിനപത്രം തുടങ്ങുന്നത്. വർഷങ്ങൾക്കു ശേഷം ഈ പത്രത്തിന്റെ പേര് ഹിന്ദു രാഷ്ട്ര എന്നു മാറ്റി. 1932 വരെ തങ്ങളുടെ പ്രവർത്തകനായിരുന്നു ഗോഡ്സെ എന്ന് ആർഎസ്എസ് (രാഷ്ട്രീയ സ്വയംസേവക് സംഘ്) നേതൃത്വം സമ്മതിക്കുന്നുണ്ട്.

1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയെങ്കിലും മതപരമായ ആഭ്യന്തര സംഘർഷങ്ങള്‍ അതിന്‍റെ പരകോടിയിലെത്തിയിരുന്നു. ഗാന്ധിജിയുടെ നയങ്ങളും പ്രവൃത്തികളും തന്റെയും തന്റെ സംഘടനയുടെയും പ്രഖ്യാപിതനയങ്ങൾക്ക് വിലങ്ങുനിൽക്കുന്നു എന്ന തോന്നലില്‍ നിന്നാണ് അദ്ദേഹത്തെ ഇല്ലാതാക്കണം എന്ന തീരുമാനത്തിലേക്ക് ഗോഡ്സെയും സംഘവും എത്തുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഹിന്ദുക്കൾ വിവേചനം നേരിടുന്നു എന്ന പക്ഷക്കാരനായിരുന്നു ഗോഡ്സെ. 1938 ൽ ഹൈദരാബാദിൽ വച്ചുനടന്ന ഒരു ഹിന്ദുറാലിയിൽ പങ്കെടുത്ത് അറസ്റ്റു ചെയ്യപ്പെട്ട ഗോഡ്സെ പിന്നീടങ്ങോട്ട് ജയിലിൽ കയറിയിറങ്ങി, പല കാരണങ്ങളാലും. ഗാന്ധിജിയാണ് വിഭജനത്തിന് കാരണക്കാരൻ എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു ഗോഡ്സെ. 1948 ജനുവരി രണ്ടാം വാരം ഗന്ധിജി നടത്തിയ നിരാഹാര പ്രഖ്യാപനത്തിന്‍റെ ഫലമായാണ് പാകിസ്ഥാന് 550 ദശലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന മുന്‍ തീരുമാനത്തില്‍ നിന്ന്, ജനുവരി 13ന് ഇന്ത്യാ ഗവണ്‍മെന്‍റ് പിന്‍മാറുന്നത്. ഇത് ഗോഡ്‌സെയെ ചൊടിപ്പിച്ചിരുന്നു.

വിഭജനവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം എന്ന നിലയില്‍ പാകിസ്ഥാന് നല്‍കേണ്ടിയിരുന്ന 750 ദശലക്ഷം രൂപയുടെ ആദ്യ ഗഢുവായ 200 ദശലക്ഷം രൂപ അതിനകം തന്നെ ഇന്ത്യ, പാകിസ്ഥാന് കൈമാറിയിരുന്നു. എന്നാല്‍ പാക് സേനയുടെ പിന്തുണയോടെ പാകിസ്ഥാനില്‍ നിന്നുള്ള സ്വയം പ്രഖ്യാപിത വിമോചകര്‍, കാശ്മീര്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് രണ്ടാം ഗഡു തടഞ്ഞ് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരമാനം പുനഃപരിശോധിക്കുന്നതിലൂടെ ഇന്ത്യയിലെ ഹിന്ദുക്കളുടെ ചെലവില്‍ പാകിസ്ഥാനിലെ മുസ്ലീങ്ങളെ പ്രീതിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഗോഡ്‌സെയും ആപ്‌തെയും അവരുടെ സുഹൃത്തുക്കളും വിശ്വസിച്ചു.

ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും
ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും

പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും എതിരെ നടന്ന ആക്രമണങ്ങളുടെ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കുറച്ചുകൂടി ശക്തമായ നിലപാട് പുലര്‍ത്തിയിരുന്നെങ്കില്‍ വിഭജനം മൂലം ഉണ്ടായതും നിലനില്‍ക്കുന്നതുമായ ദുരിതപൂര്‍ണമായ സാഹചര്യങ്ങള്‍ക്ക് കുറച്ചുകൂടി മാറ്റം സംഭവിക്കുമായിരുന്നുവെന്നും ഗോഡ്‌സെ വിചാരിച്ചിരുന്നു. 'ഗാന്ധിയുടെ തള്ളവിരലിന്റെ സംരക്ഷണത്തില്‍' പാകിസ്ഥാന്‍ വളരെ ദുര്‍ബലമായ നടപടികളാണ് സ്വീകരിച്ചതെന്നും അവര്‍ വിശ്വസിച്ചു.

ബിര്‍ല ഹൗസില്‍ വച്ച് തന്നെ മുമ്പ് ഒരു തവണ ഗാന്ധിയെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും ബോംബെ വഴി പൂനെയിലേക്ക് മടങ്ങിപ്പോയിരുന്നു. തുടര്‍ന്ന് ഗംഗാധര്‍ ദന്തേവാദെയുടെ സഹായത്തോടെ 'ബെരെറ്റ എം 1934' എന്ന പിസ്റ്റല്‍ വാങ്ങിയ ഗോഡ്‌സെയും നാരായണ്‍ ആപ്‌തെയും 1948 ജനുവരി 29ന് ഡല്‍ഹിയിലെത്തുകയും ഡല്‍ഹി റയില്‍വെ സറ്റേഷനിലെ ആറാം നമ്പര്‍ വിശ്രമമുറിയില്‍ ഇരുന്ന് ഗാന്ധി വധം ആസൂത്രണം ചെയ്തെന്നുമാണ് പറയപ്പെടുന്നത്.

ഗാന്ധിജിക്കു നേരെ വെടിയുതിര്‍ത്ത ഗോഡ്സെയെ ബിര്‍ല ഹൗസിലെ പൂന്തോട്ട കാവല്‍ക്കാരനായിരുന്ന രഘു നായകാണ് പിന്തുടര്‍ന്ന് കീഴടക്കിയതെന്നും ഗോഡ്‌സെ നിരുപാധികം കീഴടങ്ങിയതാണെന്നും വ്യാഖ്യാനങ്ങളുണ്ട്. തുടര്‍ന്ന് ഡല്‍ഹിയിലെ തുഗ്ലക് റോഡ് പൊലീസ് സ്‌റ്റേഷനില്‍ തയ്യാറാക്കിയ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ ഗോഡ്‌സെയെ അറസ്റ്റു ചെയ്തു. 149 പേരെ വിസ്തരിച്ച് നടത്തിയ വിചാരണ 1948 മേയ് 27 ന് ആരംഭിക്കുകയും 1949 ഫെബ്രുവരി പത്തിന് അവസാനിക്കുകയും ചെയ്തു. ഈ വിചാരണ ക്യാമറയില്‍ പകര്‍ത്തിയിരുന്നു.

നാഥുറാം വിനായക് ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ, വിഷ്ണു കര്‍ക്കറെ, വി ഡി സവര്‍ക്കര്‍, മദന്‍ലാല്‍ പഹ്വ, ഗോപാല്‍ ഗോഡ്‌സെ, ദത്താത്രേയ പര്‍ച്ചുറേ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. നാരായണ്‍ ആംപ്‌തെയും ഗോപാല്‍ ഗോഡ്‌സെയും നാഥുറാം ഗോഡ്‌സെയെ സഹായിച്ചു. കൃത്യത്തിനു വേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് മറ്റുള്ളവരുടെ മേല്‍ ചുമത്തപ്പെട്ട കുറ്റം. പ്രതികളെല്ലാം സവര്‍ക്കറുടെ അനുയായികളായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഗാന്ധി ഘാതകര്‍ വിചാരണ വേളയില്‍
ഗാന്ധി ഘാതകര്‍ വിചാരണ വേളയില്‍

ഗോഡ്‌സെയെയും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന നാരായണ്‍ ആപ്‌തെയെയും വധശിക്ഷയ്ക്ക് വിധിച്ചപ്പോള്‍ ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ഉള്‍പ്പെടെ സഹായികളായിരുന്ന മറ്റു ആറു പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ഇതിനു പിന്നാലെ പഞ്ചാബ് ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കപ്പെട്ടെങ്കിലും അത് തള്ളി. അങ്ങനെ 1949 നവംബര്‍ 15 ന് ഗോഡ്‌സെയെയും ആപ്‌തെയെയും പഞ്ചാബിലെ അംബാല ജയിലില്‍ തൂക്കിലേറ്റി.

കുറ്റവിചാരണ സമയത്ത് കോടതിയില്‍ ഗോഡ്‌സെ നല്‍കിയ വിശദീകരണത്തില്‍ അവരുടെ വാദങ്ങള്‍ കൃത്യമായി പ്രതിഫലിക്കപ്പെട്ടിരുന്നു. "ഞാനും എന്റെ സംഘവും ഗാന്ധിയന്‍ അഹിംസയെ കുറിച്ച് വിമര്‍ശിക്കുന്നതില്‍ വലിയ പ്രസക്തിയുണ്ടാവില്ലായിരിക്കും. പക്ഷെ തന്റെ വീക്ഷണങ്ങള്‍ പഠിപ്പിക്കാനുള്ള ശ്രമത്തിനിടയില്‍ ഗാന്ധിജി, മുസ്ലീങ്ങളോട് പക്ഷാപാതം കാണിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ഹിന്ദു സമൂഹത്തോടും അതിന്റെ താല്‍പര്യങ്ങളോടും മുന്‍വിധി പുലര്‍ത്തിക്കൊണ്ടായിരുന്നു അത്," എന്നായിരുന്നു ഗോഡ്സെയുടെ വാദം.

ഹിന്ദിക്ക് പകരം ഹിന്ദിയും ഉർദുവും കലർന്ന ഹിന്ദുസ്ഥാനി എന്നൊരു ഭാഷ ദേശീയ ഭാഷയാക്കണം എന്ന ഗാന്ധിജിയുടെ ആവശ്യവും, വിഭജനത്തിൽ ഗാന്ധിജിയുടെ പങ്കും ഒക്കെ ഗാന്ധി വധത്തിനു കാരണങ്ങളായി ഗോഡ്‌സെ എടുത്തെടുത്ത് പറഞ്ഞു. താൻ പ്രവർത്തിച്ച കർമ്മത്തിന് കോടതി തരുന്ന എന്തുശിക്ഷയും താൻ സസന്തോഷം ഏറ്റുവാങ്ങുമെന്നും ഗോഡ്സെ വിചാരണക്കിടെ വ്യക്തമാക്കിയിരുന്നു.

അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ, ആശയ സംഘർഷങ്ങളുടെ പേരിൽ, നാഥുറാം വിനായക് ഗോഡ്സെ എന്ന തീവ്രഹിന്ദുത്വവാദി, തന്റെ മൂന്നു വെടിയുണ്ടകൾ കൊണ്ട് അവസാനിപ്പിച്ചത് ഒരു പുരുഷായുസ്സ് മുഴുവൻ അഹിംസയ്ക്കായി ഉഴിഞ്ഞുവെച്ച ഒരു മനുഷ്യന്റെ ജീവിതമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അടിമത്തത്തിന്റെ യഥാര്‍ഥ നുകംപേറുന്ന കോടിക്കണക്കിന് ദരിദ്രനാരായണന്മാരുടെ ബഹുജന പ്രസ്ഥാനമാക്കി വളര്‍ത്തി, വിജയിപ്പിച്ച് ലോകത്തുടനീളമുള്ള നിസ്സഹായ ജനതക്ക് വിമോചനപ്പോരാട്ടത്തിന്റെ ലളിതവും ഫലപ്രദവുമായ പുതിയ വഴി എന്നെന്നേക്കുമായി തെളിയിച്ചുകൊടുത്ത യുഗപുരുഷനാണ് ഗാന്ധിജി. ഇന്ത്യയുടെ ചരിത്രത്തിന്‍റെ ഗതിതന്നെ വഴിതിരിച്ചുവിടുന്നതായിരുന്നു ആ മഹാനുഭാവന്‍റെ രക്തസാക്ഷിത്വം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com