ഇനിയും എത്ര നാൾ നാം വിദ്വേഷം വിറ്റു ജീവിക്കും
Featured

ഇനിയും എത്ര നാൾ നാം വിദ്വേഷം വിറ്റു ജീവിക്കും

ജനം വൈറസിനെ പേടിച്ച് പ്രതിഷേധവുമായി പുറത്തിറങ്ങില്ലെന്നറിഞ്ഞായിരുന്നു വൈറസിനെ പോലും വെല്ലുന്ന നടപടികളുമായി പോലീസും സർക്കാരും തടവറകൾ നിറച്ചത്.

M Salavudheen

ഇന്ത്യ എന്ന രാജ്യം പിറവി കൊണ്ട നാൾ മുതലേ, ഒരുപക്ഷേ അതിനും നാളുകൾക്ക് മുൻപേ ഈ രാജ്യത്ത് വിറ്റുപോകുന്ന ഏറ്റവും വലിയ ചരക്കാണ് വിദ്വേഷം. വിദ്വേഷത്തിൽ തന്നെ ഏറ്റവും വീര്യമേറിയതും ആഴമുള്ളതും ഹിന്ദു - മുസ്‌ലിം വിദ്വേഷമാണ്. ഏതാനും ചില വ്യക്തികളുടെ താൽപര്യങ്ങളുടെ സംരക്ഷണത്തിനായി ചിലരെല്ലാം ചേർന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ വിദ്വേഷം. എന്നാൽ ഈ വിദ്വേഷത്തിൽ ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ടത് ഇവിടുത്തെ മുസ്‌ലിം സമുദായമാണ്.

ഇന്ത്യ വിഭജിച്ച് പാകിസ്ഥാൻ രൂപം കൊണ്ടപ്പോൾ അന്ന് പാകിസ്ഥാനൊപ്പം പോകാതെ ഇതാണ് ഞങ്ങളുടെ രാജ്യമെന്ന് പറഞ്ഞ് ഇവിടെ തന്നെ നിലകൊണ്ടവരുടെ പിന്മുറക്കാരാണ് ഇന്ന് ഈ മണ്ണിൽ ഉള്ളത്. എന്നാൽ അന്ന് പാകിസ്ഥാനല്ല ഇന്ത്യയാണ് ഞങ്ങളുടെ രാജ്യം എന്ന് ഉശിരോടെ പറഞ്ഞിട്ടും ഇപ്പോഴും ഇവിടുത്തെ മുസ്‌ലിം വിഭാഗത്തിന് നിരന്തരം ദേശ സ്നേഹം തെളിയിച്ചു കൊണ്ടേ ഇരിക്കേണ്ട അവസ്ഥയാണ്. അന്ന് മുസ്‌ലിം രാഷ്ട്രത്തോടൊപ്പം പോകാത്തവനോട് രാജ്യ സ്നേഹത്തിന് തെളിവ് ചോദിക്കുന്നതാകട്ടെ, ഇന്ന് ഹിന്ദു രാഷ്ട്രം വേണം എന്ന് വാദിക്കുന്നവനാണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

എന്നാൽ ഈ വിദ്വേഷത്തിന് ഏറ്റവും വീര്യം കൂടിയത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിലാണ് എന്നതാണ് സത്യം. ബീഫ് നിരോധനം മുതൽ പൗരത്വ ഭേദഗതി നിയമം വരെയുള്ള നടപടികളുമായി രാജ്യത്തെ മുസ്‌ലിം സമുദായത്തിന് നേരെയുള്ള പ്രത്യക്ഷ വിദ്വേഷം ആളിക്കത്തിക്കുന്നതിന് ജനാധിപത്യ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാർ തന്നെ കൂട്ട് നിന്നു. ബീഫ് നിരോധനത്തിന്റെ പേരിൽ രാജ്യത്ത് സംഘപരിവാർ സംഘടനകൾ ഗോ സംരക്ഷണമെന്ന വ്യാജേന മുസ്‌ലിം ആക്രമം നടത്തിയപ്പോൾ സർക്കാർ മൗനം പാലിച്ച് വിദ്വേഷം ആളിക്കത്തിക്കാനാണ് ശ്രമിച്ചത്.

ബീഫ് നിരോധനത്തിന്റെ പേരിൽ ഗോ സംരക്ഷണ സേനകൾ രൂപം കൊടുത്ത് സംഘപരിവാർ നടത്തിയത് തികച്ചും മനുഷ്യത്വ വിരുദ്ധമായ പ്രവർത്തനങ്ങളാണ്. ബീഫ് കൈവശം വെച്ചെന്ന പേരിൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന 52 വയസുകാരനെ ആൾക്കൂട്ട ആക്രമണത്തിലൂടെ മർദ്ദിച്ച് കൊലപ്പെടുത്തിയതിൽ തുടങ്ങിയ ആക്രമം രാജ്യത്തിന്റെ പല ഭാഗങ്ങളിലായി വീണ്ടും അരങ്ങേറി. റോയിട്ടേഴ്‌സിന്റെ കണക്ക് പ്രകാരം 63 അക്രമങ്ങളാണ് ഗോ സംരക്ഷണത്തിന്റെ പേരിൽ നടന്നത്. ആകെ കൊല്ലപ്പെട്ട 28 പേരിൽ 24 പേരും മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നു. 124 പേർക്ക് ആക്രമങ്ങളിൽ പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. മുസ്‌ലിം സമുദായത്തിന് പിന്നാലെ ഈ ആക്രമങ്ങളിൽ ഭൂരിഭാഗവും ദളിത് സമുദായത്തിനെതിരെ ആയിരുന്നു എന്നതും കാണാതെ പോകരുത്.

ബീഫ് നിരോധനത്തിന് ശേഷം മുത്തലാഖ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാജ്യത്തെ മുസ്‌ലിം സമുദായത്തെ പ്രതികൂട്ടിൽ നിർത്തി മോദി സർക്കാർ. ഏറ്റവും ഒടുവിൽ പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ വരെ സർക്കാർ ഈ നടപടി തുടർന്നു. പൗരത്വ വിഷയത്തിൽ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടും സർക്കാർ വിഷയത്തിൽ നിന്നും പിന്നോട്ട് മാറാൻ തയ്യാറായില്ല. രാജ്യത്തെ മിക്ക പാർട്ടികളും എതിർപ്പ് അറിയിച്ചിട്ടും സർക്കാർ നടപടിയുമായി മുന്നോട്ട് പോയി.

രാജ്യത്തെ വിദ്യാർത്ഥികൾ മുതൽ സ്‌ത്രീകൾ ഉൾപ്പെടെ കുട്ടികൾ വരെ തെരുവിലിറങ്ങി സ്വാതന്ത്യ ഇന്ത്യ ഇന്നുവരെ കാണാത്ത പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ സമരങ്ങളെ അടിച്ചമർത്താനുളള ശ്രമമാണ് സർക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒടുവിൽ അത് ഡൽഹി കലാപം വരെ എത്തിച്ചു.

എന്നാൽ മുഴുവൻ സമരങ്ങളുടെയും പ്രതികാര നടപടിക്ക് തുടക്കമിട്ടത് ഈ കൊറോണക്കാലത്തെ ലോക്ക് ഡൗണിന്റെ മറവിലായിരുന്നു. പ്രതിഷേധത്തിന്റെ മുന്നിലുണ്ടായിരുന്ന വിദ്യാർത്ഥികളെ രാജ്യദ്രോഹ കുറ്റം ഉൾപ്പെടെ ചുമത്തി സർക്കാർ തടവിലാക്കി. ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചപ്പോഴായിരുന്നു അറസ്റ്റും രാജ്യദ്രോഹ കുറ്റം ചുമത്തലും തുടർന്നത്. ജനം വൈറസിനെ പേടിച്ച് പ്രതിഷേധവുമായി പുറത്തിറങ്ങില്ലെന്നറിഞ്ഞായിരുന്നു വൈറസിനെ പോലും വെല്ലുന്ന നടപടികളുമായി പോലീസും സർക്കാരും തടവറകൾ നിറച്ചത്.

Anweshanam
www.anweshanam.com