കര്‍ഷകരെ താണ്ടി കര്‍ഷക സമരം 

രാഷ്ട്രീയ വത്കരിച്ചും വര്‍ഗ്ഗീയ വത്കരിച്ചും കര്‍ഷകരുടെ പ്രയത്നത്തെ വിലകുറച്ചു കാട്ടുന്നു.
കര്‍ഷകരെ താണ്ടി കര്‍ഷക സമരം 

കൊടും തണുപ്പും കൊറോണയും വകവയ്ക്കാതെ, സര്‍ക്കാര്‍ ഇടപെടലുകളില്‍ പതറാതെ, തങ്ങളുടെ ആവശ്യങ്ങളില്‍ കുറഞ്ഞ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ, തലസ്ഥാന നഗരിയില്‍ തമ്പടിച്ച് പോരാട്ട വീര്യം ചോരാതെ പൊരുതുകയാണ് രാജ്യത്തെ കര്‍ഷകര്‍. കാർഷിക നിയമം പിൻവലിക്കും വരെ സമരം ശക്തമാക്കാനാണ് അവരുടെ തീരുമാനം. സമര പരിപാടികള്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കുടൂതൽ കർഷകർ അതിർത്തികളിൽ എത്തിക്കൊണ്ടിരിക്കുന്നു. ഗാസിപൂരിന് പുറമേ നോയിഡ, തിക്രി, ഗുരുഗ്രാം തുടങ്ങി അതിർത്തികൾ കേന്ദ്രീകരിച്ച് പ്രതിഷേധം കനക്കുന്നു. തലസ്ഥാനത്ത് ഗതാഗതം തടസ്സപ്പെടുന്നു. അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമം നേരിടുന്നു.

കാര്‍ഷിക നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശമൊന്നും നിലനില്‍പ്പിനായുള്ള സമര പരമ്പരയില്‍ നിന്ന് പിന്മാറാന്‍ കര്‍ഷകരെ സ്വാധീനിച്ചില്ല. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പരാജയപ്പെടുമ്പോള്‍ കണ്ണില്‍പൊടിയിടാനുള്ള ഒരു നടപടിയും ഇനി വിലപോകില്ലെന്ന പ്രഖ്യാപനമാണ് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. കാർഷിക നിയമങ്ങളില്‍ ഭേദഗതികൾ ആകാമെന്ന് കേന്ദ്രം പറയുമ്പോള്‍ കരിനിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന മറുപടിയാണ് കര്‍ഷകര്‍ ഐക്യഖണ്ഡേന നല്‍കുന്നത്. സര്‍ക്കാര്‍ കണ്ണു തുറക്കുന്നില്ലെങ്കില്‍ തലസ്ഥാനം വളയാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. പരിമിതമായ അവസ്ഥകളെ സൗകര്യങ്ങളാക്കി മാറ്റി, ഉറങ്ങാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ മാര്‍ഗങ്ങളുണ്ടാക്കി നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യ സാധൂകരണത്തിന് അവര്‍ തയ്യാറായിക്കഴിഞ്ഞു.

ദീര്‍ഘകാലത്തേക്കുള്ള ഭക്ഷണവുമായാണ് കര്‍ഷകര്‍ സമരത്തിനെത്തിയിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളും മറ്റും ആവശ്യാനുസരണത്തില്‍ കൂടുതല്‍ അവര്‍ കരുതിയിട്ടുണ്ട്. സിംഘു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും രണ്ട് ട്രോളികളുള്ള ട്രാക്ടറുകളുണ്ട്. ഇവയില്‍ ഒന്ന് ബെഡ് റൂമായും മറ്റൊന്ന് പലചരക്ക് സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂമായും ഉപയോഗിക്കുന്നു. വിറകും ചാണകവരളികളും കര്‍ഷകര്‍ കരുതിയിട്ടുണ്ട്. പാചകവാതകം തീര്‍ന്നാല്‍ ഇവ കത്തിച്ച് ഉപയോഗിക്കുമെന്ന് അവര്‍ പറയുന്നു.

ട്രാക്ടറുകളും ട്രക്കുകളും സൗകര്യാനുസൃതം കർഷകർ പ്രത്യേകം രൂപകൽപ്പന ചെയ്തതാണ്. കാറ്റിനെയും മഴയെയും പ്രതിരോധിക്കാന്‍ പാകത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ട്രക്കുകളുടെ ഫ്ലോറുകള്‍ പുല്ല് കൊണ്ട് മൂടിയിട്ടുണ്ട്. തുടര്‍ന്ന് അതിന് മുകളിലേക്ക് കിടക്കകളും ബെഡ് ഷീറ്റുകളും വിരിച്ചിരിക്കുന്നു. തണുപ്പിനെ പ്രതിരോധിക്കാനായി വലിയ കമ്പിളിപ്പുതപ്പുകളും കര്‍ഷകരുടെ കയ്യിലുണ്ട്. അലക്കിയ വസ്ത്രങ്ങളും മറ്റും ട്രക്കില്‍ തന്നെ കെട്ടിയ അഴകളില്‍ ഉണക്കാനിടാം. പാദരക്ഷകള്‍ സൂക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ വേറെയുണ്ട്.

പ്രായമായവർക്ക് എളുപ്പത്തിൽ വാഹനങ്ങളിൽ കയറാൻ തടി അല്ലെങ്കിൽ മെറ്റാലിക് സ്റ്റെയർകെയ്‌സുകൾ ഉണ്ട്. സ്വകാര്യത ഉറപ്പ് വരുത്തുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക ക്യാബിനുകളും സജ്ജമാക്കിയിട്ടുണ്ട്. സമരത്തിനിടയില്‍ സംഗീതം ആസ്വദിക്കാനും ഹുക്ക വലിക്കാനുമെല്ലാം കര്‍ഷകര്‍ സമയം കണ്ടെത്തുന്നുമുണ്ട്. തളരാത്ത പോരാട്ട ചരിത്രമെഴുതാന്‍ രണ്ടും കല്‍പ്പിച്ചുള്ള പുറപ്പാടാണിതെന്നത് നിസ്സംശയം പറയാം. വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമ്പോള്‍ സ്വകാര്യ മണ്ടികള്‍ക്ക് അനുമതി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് സൂചനകള്‍. നിയമം നിലനിര്‍ത്തി കര്‍ഷകര്‍ക്കുമുന്നില്‍ വാഗ്ദാനങ്ങള്‍ വിളമ്പാനാണ് പോകുന്നതെങ്കില്‍ തലസ്ഥാന നഗരം മണ്ണിന്‍റെ മക്കളുടെ പ്രതിഷേധച്ചൂടില്‍ വിയര്‍ക്കുമെന്നത് തീര്‍ച്ച.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നതുള്‍പ്പെടെ കടുത്ത നടപടികളുമായി വരുംദിവസങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കര്‍ഷക സംഘടനകള്‍ ഒരുങ്ങുന്നത്. ഡിസംബര്‍ 8ന് കര്‍ഷകര്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്ത് കഴിഞ്ഞു. കര്‍ഷകരുടെ സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് നിരവധി സംഘടനകളും പ്രമുഖ വ്യക്തിത്ത്വങ്ങളും കൂട്ടായ്മകളുമാണ് രംഗത്ത് വരുന്നത്. സിനിമ സാംസ്കാരിക പ്രവര്‍ത്തകരും സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും അന്നം തരുന്ന കര്‍ഷകരുടെ പരാധീനതകള്‍ ചൂണ്ടിക്കാട്ടി മുന്നോട്ടു വന്നപ്പോള്‍ കായിക താരങ്ങള്‍ അവാര്‍ഡുകള്‍ തിരികെ നല്‍കിയാണ് സര്‍ക്കാര്‍ നടപടികളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് ബാദലും ശിരോമണി അകാലി ദള്‍ (ഡെമോക്രാറ്റിക്) അദ്ധ്യക്ഷനും രാജ്യസഭാ എംപിയുമായ സുഖേദേവ് സിംഗ് ധിന്ദ്സയും പത്മവിഭൂഷണും പത്മഭൂഷണും തിരിച്ചു നല്‍കുമെന്ന് പറഞ്ഞാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അതേസമയം, സര്‍ക്കാരിനെതിരായ മറ്റ് സമരങ്ങളിലെന്നപോലെ അറസ്റ്റുകളും വിവാദ പ്രസ്താവനകളും പ്രതികരണങ്ങളും വിമര്‍ശനങ്ങളും കര്‍ഷക സമരത്തിലും സജീവമാണ്. രാഷ്ട്രീയ വത്കരിച്ചും വര്‍ഗ്ഗീയ വത്കരിച്ചും കര്‍ഷകരുടെ പ്രയത്നത്തെ വിലകുറച്ചു കാട്ടുന്ന വ്യാഖ്യാനങ്ങള്‍ക്കും പഞ്ഞമില്ല.

കര്‍ഷക സമരവും ഇന്ത്യ- കാനഡ ഉഭയകക്ഷി ബന്ധവും

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചെത്തിയ ആദ്യത്തെ അന്താരാഷ്ട്ര നേതാവായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്‍റെ 551ാം ജന്മവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു ട്രൂഡോയുടെ ഇടപെടല്‍. 'കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് ഇന്ത്യയിൽ നിന്ന് വരുന്ന വാർത്തകൾ എങ്ങനെ ഗൗനിക്കാതിരിക്കും. അവരെ പിന്തുണക്കേണ്ട സമയമാണ്. സമാധാനപരമായുള്ള പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ എപ്പോഴും ഉണ്ടായിരിക്കുമെന്ന് ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കുന്നു. സംഭാഷണ ചര്‍ച്ചകളില്‍ ഞങ്ങൾ വിശ്വസിക്കുന്നു. ഒന്നില്‍ കൂടുതല്‍ മാര്‍ഗങ്ങളിലൂടെ കേന്ദ്രത്തോട് ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. നമ്മളൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്'- ഇതായിരുന്നു ട്രൂഡോയുടെ വാക്കുകള്‍.

കനേഡിയന്‍ പ്രതിരോധമന്ത്രി ഹര്‍ജിത് സിംഗ് സഞ്ജനും കര്‍ഷക സമരത്തെ പിന്തുണച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവൃത്തികളെ നിശിതമായി അപലപിച്ചിരുന്നു. 'സമാധാനപരമായ പ്രതിഷേധക്കാരെ ഇന്ത്യയിൽ ക്രൂരമായി പീഡിപ്പിച്ചതായുള്ള റിപോർട്ടുകൾ ആശങ്കാജനകമാണ്. എന്‍റെ പല കുടുംബങ്ങളും അവിടെയുണ്ട്, പ്രിയപ്പെട്ടവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. ആരോഗ്യകരമായ ജനാധിപത്യ രാജ്യങ്ങൾ സമാധാനപരമായ പ്രതിഷേധം അനുവദിക്കുന്നു. ഈ മൗലികാവകാശം ഉയർത്തിപ്പിടിക്കാൻ ബന്ധപ്പെട്ടവരോട് ഞാൻ അഭ്യർത്ഥിക്കുന്നു' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഞൊടിയിടയില്‍ തന്നെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിന്‍റെ ആഭ്യന്തര കാര്യത്തെകുറിച്ചുള്ള നയതന്ത്ര സംഭാഷണങ്ങള്‍ രാഷ്ട്രീയ ലാഭങ്ങള്‍ക്കായി തെറ്റായി ചിത്രീകരിക്കാതിരുന്നാല്‍ നല്ലതെന്നായിരുന്നു വിദേശ കാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. കനേഡിയന്‍ നേതാക്കളുടെ പരിജ്ഞാനമില്ലാത്ത അഭിപ്രായങ്ങൾ അനാവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെ കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനും കേന്ദ്രം മറന്നില്ല. ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ ഹൈക്കമ്മീഷണർക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എവിടെയും സമാധാനപരമായി സമരം നടത്തുന്നവരുടെ അവകാശങ്ങള്‍ക്കൊപ്പമാണ് കാനഡയെന്ന വാദമാണ് ഇന്ത്യയുടെ പ്രതിഷേധത്തില്‍ ട്രൂഡോ നല്‍കുന്ന മറുപടി. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നത് ആശങ്കയാണ്.

കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശത്തിനു പിന്നാലെ 1914ല്‍ നടന്ന കൊമഗത്ത മാരു സംഭവത്തില്‍ 2016ല്‍ അദ്ദേഹം മാപ്പ് പറഞ്ഞ വിഷയം വീണ്ടും ചര്‍ച്ചയായിരുന്നു. കുടിയേറ്റക്കാരോടുള്ള കാനഡയുടെ നിലപാടില്‍ വലിയ രീതിയില്‍ മാറ്റമുണ്ടാകാന്‍ നിര്‍ണായക കാരണമായത് കൊമഗത്ത മാരു സംഭവമാണ്. കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം നിരുത്സാഹപ്പെടുത്തേണ്ടത് ബ്രിട്ടീഷുകാരുടെ കൂടി ആവശ്യമായിരുന്നു. 1908ലാണ് കാനഡയിലേക്കുളള ഇന്ത്യക്കാരുടെ കുടിയേറ്റം തടയുന്ന നിയമം പാസ്സായത്. 1914ല്‍ ഹോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഗുര്‍ദിത്ത് സിങിന്റെ കപ്പലായ കൊമഗത്ത മാരുവില്‍ 376 ഓളം ഇന്ത്യക്കാരാണ് കാനഡയില്‍ എത്തിയത്.

ഇതില്‍ 340 പേര്‍ സിഖുകാരും 24 പേര്‍ മുസ്‌ലിങ്ങളും, 12 പേര്‍ ഹിന്ദു മതത്തില്‍പ്പെട്ടവരുമായിരുന്നു. ബ്രിട്ടീഷ് സേനയില്‍ നിന്ന് വിരമിച്ചവരായിരുന്നു ഭൂരിഭാഗം പേരും. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് സേവനം അനുഷ്ഠിച്ചെത്തിയ ആളുകള്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്. എന്നാല്‍, സ്വന്തം ഗ്രാമം വിട്ട് രണ്ട് മാസത്തോളം യാത്ര ചെയ്ത് കാനഡയിലെത്തിയ ഇന്ത്യക്കാര്‍ക്ക് അന്നത്തെ കനേഡിയന്‍ അധികാരികള്‍ പ്രവേശനം നിഷേധിച്ചു. 24 പേരെ മാത്രമേ കാനഡയില്‍ പ്രവേശിപ്പിച്ചുള്ളൂ. ബാക്കിയുള്ള 352 പേരെയും തിരിച്ച് കൊല്‍ക്കത്തയിലേക്ക് അയച്ചു. തിരിച്ച് മടങ്ങിയ ഇന്ത്യക്കാരില്‍ 19 പേരെ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും നിരവധിപേരെ ജയിലിലടയ്ക്കുകയും ചെയ്തു.

കൊമഗത്ത മാരുവില്‍ കാനഡയിലേക്ക് തിരിച്ച ഇന്ത്യക്കാര്‍
കൊമഗത്ത മാരുവില്‍ കാനഡയിലേക്ക് തിരിച്ച ഇന്ത്യക്കാര്‍

2016ലാണ് കനേഡിയന്‍ പാര്‍ലമെന്റല്‍ ജസ്റ്റിന്‍ ട്രൂഡോ കൊമാഗത്ത സംഭവത്തില്‍ മാപ്പ് പറഞ്ഞത്. ട്രൂഡോയുടെ തീരുമാനത്തെ പാര്‍ലമെന്‍റ് കൈയ്യടിച്ച് സ്വാഗതം ചെയ്യകയും ചെയ്തു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ ഏറ്റവും വലിയ നീതി നിഷേധമായാണ് ട്രൂഡോ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അന്ന് ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് അഭയം തേടിയെത്തിയവരോട് കാണിച്ചത് ചരിത്രപരമായ അനീതിയാണെന്നും ട്രൂഡോ പറഞ്ഞിരുന്നു.

അതേസമയം, കാനേഡിയന്‍ ഹൗസ് ഓഫ് കോമൺസില്‍ എട്ട് സീറ്റുകളിൽ പ്രധാന വംശീയ വിഭാഗം സിഖുകാരാണ്. പതിന‌ഞ്ചോളം സീറ്റുകളിലെ പോളിംഗ് സമവാക്യം മാറ്റാൻ ഈ ന്യൂനപക്ഷത്തിന് സാധിക്കും. അതിനാല്‍ കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ട്രൂഡോയുടെ പരാമര്‍ശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന നിരീക്ഷണവുമുണ്ട്. ലോക വ്യാപാര സംഘടനയില്‍ (WTO) കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യയെ നിരന്തരമായി എതിര്‍ക്കുന്ന രാജ്യമാണ് കാനഡ. ഡബ്ല്യുടിഒ യോഗങ്ങളിൽ അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയ പ്രധാന വിളകൾക്കുള്ള മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) അടക്കം ചില കാർഷിക പദ്ധതികളെ ഇന്ത്യ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങളോടൊപ്പം ചേര്‍ന്ന് കാനഡ ഇന്ത്യയെ വെല്ലുവിളിച്ചിരുന്നു.

കാര്‍ഷിക സബ്സിഡികള്‍ ആഗോള വ്യാപാരത്തെ വളച്ചൊടിക്കുന്നതിനാല്‍ അവ വെട്ടിക്കുറക്കണമെന്നതാണ് ഡബ്ല്യുടിഒയുടെ കീഴിലുള്ള കാര്‍ഷിക ഉടമ്പടിയുടെ അടിസ്ഥാന തത്വം. ഇക്കഴിഞ്ഞ ജൂലൈയില്‍ നടന്ന യോഗത്തില്‍ നെല്ല് ഉൽപാദനത്തിന് അനുവദിച്ച സബ്സിഡികളുടെ അനുവദനീയമായ പരിധി കവിഞ്ഞതായി ചൂണ്ടിക്കാട്ടി കാനഡ ഇന്ത്യയെ ചോദ്യം ചെയ്തിരുന്നു. ഡബ്ല്യുടിഒയിൽ ട്രൂഡോയുടെ സർക്കാർ എന്താണ് എതിർക്കുന്നത് അതാണ് ഇന്ത്യൻ കർഷകർ ഇന്ന് ആവശ്യപ്പെടുന്നത് എന്നതാണ് മറ്റൊരു വസ്തുത.

വര്‍ഗീയത വിലപോകാതെ വെട്ടിലായി കങ്കണ

കർഷക സമരങ്ങളിൽ കേന്ദ്ര സർക്കാരിന്റെ പക്ഷം ചേർന്ന് വർഗീയത പരത്താന്‍ കിണഞ്ഞു പരിശ്രമിച്ച കങ്കണ റണാവത്താണ് ഈ ഘട്ടത്തില്‍ ചര്‍ച്ചയായ മറ്റൊരു വിഷയം. രാജ്യതലസ്ഥാനത്ത് കർഷക പ്രതിഷേധം അതിന്‍റെ എല്ലാ പരിമിതികളും ലംഘിച്ച് അധികാരികളുടെ ഉറക്കം കെടുത്തുന്ന തലത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ ട്വിറ്ററില്‍ ചൂടേറിയ ചര്‍ച്ചയായിരുന്നു കങ്കണയുടെ പ്രസ്താവനകളും അതിനെ ചൊല്ലിയുള്ള വാഗ്വാദങ്ങളും. ഷഹീൻബാഗ് സമരനായിക ബിൽക്കിസ് ബാനുവിനെതിരെ കങ്കണ നടത്തിയ വിവാദ പ്രസ്താവനയാണ് ഇത്തവണ കങ്കണയെ വെട്ടിലാക്കിയത്.

‘ഏറ്റവും ശക്തയായ ഇന്ത്യക്കാരിയായി ടൈം മാഗസിൻ കണ്ടെത്തിയ അതേ മുത്തശ്ശി തന്നെയാണ് ഇതും. നൂറു രൂപയ്ക്ക് അവരെ ലഭിക്കും. ഏറ്റവും ലജ്ജാവഹമായ രീതിയിൽ പാക്കിസ്ഥാന്‍ മാധ്യമപ്രവർത്തകർ ഇന്ത്യയുടെ പിആര്‍ വര്‍ക്ക് ഹൈജാക്ക് ചെയ്തിരിക്കുകയാണ്. രാജ്യാന്തര തലത്തിൽ സംവദിക്കാൻ നമുക്ക് നമ്മുടേതന്നെ ആളുകൾ വേണം.’– കർഷക പ്രതിഷേധത്തിനെത്തിയ മോഹീന്ദർ കൗറിനെ, ടൈം മാഗസിൻ ഏറ്റവും സ്വാധീനമുള്ള വ്യക്തിത്വങ്ങളിൽ ഒരാളായി തിരഞ്ഞെടുത്ത, ഷഹീന്‍ബാഗ് ദാദിയെന്ന് അറിയപ്പെടുന്ന ബിൽക്കിസ് ബാനുവാണെന്ന് തെറ്റിദ്ധരിച്ച് കങ്കണ ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു. സംഭവം വിവാദമായതോടെ തന്റെ അമളി മനസ്സിലാക്കി കങ്കണ ട്വീറ്റ് നീക്കം ചെയ്തു.

എന്നാൽ കർഷകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് സമരമുഖത്തേക്ക് എത്തിയ മോഹീന്ദർ കൗറിനെ ഇത്തരത്തിൽ അധിക്ഷേപിച്ചതിൽ കനത്ത വിമർശനമാണ് കങ്കണയ്ക്ക് നേരിടേണ്ടി വന്നത്. കങ്കണയ്ക്കെതിരെ മൊഹീന്ദർ തന്നെ രംഗത്തുവന്നതോടെ വിഷയം മറ്റൊരു തലത്തിലേക്ക് പോയി. "ഏതോ നടി എന്നെക്കുറിച്ച് എഴുതിയതായി എന്നോട് പറഞ്ഞു. അവൾ ഒരിക്കലും എന്റെ വീട് സന്ദർശിച്ചിട്ടില്ല, ഞാൻ എന്താണ് ചെയ്യുന്നതെന്ന് ഒരിക്കലും കണ്ടിട്ടില്ല, കൂടാതെ ‘ഞാൻ 100 രൂപയിൽ ലഭ്യമാണ്’ എന്ന് പറഞ്ഞു. എനിക്ക് മൂന്ന് പെൺമക്കളുണ്ട്, എല്ലാവരും വിവാഹിതരാണ്. എന്റെ മകനും ഭാര്യയും എന്നോടൊപ്പം താമസിക്കുന്നു. ഞാൻ അരിവാൾ ഉപയോഗിച്ച് വിളവെടുക്കുന്നു. ഇപ്പോൾ പോലും പഞ്ഞി കൃഷി ചെയ്യുന്നു. കുടുംബത്തിന് വേണ്ടി പച്ചക്കറികൾ വിതയ്ക്കുകയും വിള പരിപാലിക്കുകയും ചെയ്യുന്നു,”- ഇങ്ങനെയാണ് മോഹീന്ദർ കൗര്‍ കങ്കണയ്ക്കെതിരെ പ്രതികരിച്ചത്.

ബതിന്ദയിലെ ബഹാദുർഗഢ് ജാൻഡിയൻ ഗ്രാമത്തിൽ താമസിക്കുന്ന മൊഹീന്ദർ കൗര്‍ എന്ന 73കാരിക്ക് 13 ഏക്കറോളം സ്ഥലമുണ്ട്. ഭർത്താവിന് ആസ്തമ പിടിപെട്ടതിനെ തുടർന്ന് ആ ഭൂമിയിലെ കൃഷിപ്പണികൾ മൊഹീന്ദർ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഷഹീൻ ബാഗ് പ്രതിഷേധത്തിന്റെ ഭാഗമായ “ദാദി” തന്നെയാണ് ഇപ്പോൾ കർഷകരുടെ പ്രക്ഷോഭത്തിൽ പങ്കുചേർന്നതെന്ന് കങ്കണ പരിഹസിച്ചതോടെയാണ് ഇവർ ശ്രദ്ധേയയായത്.

പഞ്ചാബി ഗായകനും നടനുമായ ദിൽജിത് ദോസഞ്ച് ഈ വിഷയത്തില്‍ കങ്കണയ്‌ക്കെതിരെ നേരിട്ട് കൊമ്പു കോര്‍ത്തപ്പോള്‍ സംഗതി വീണ്ടും ചര്‍ച്ചയായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കങ്കണയുടെയും ദിൽജിത്തിന്റെയും പോർക്കളമായി ട്വിറ്റർ മാറിയെന്നു തന്നെ പറയാം. ദില്‍ജിത് വേർസസ് കങ്കണ എന്ന ഹാഷ്ടാഗും ട്വിറ്ററിൽ തരംഗമാണ്. ഞങ്ങളുടെ ഹൃദയത്തിൽ കുടികൊള്ളുന്ന അമ്മമാരെയാണ് നൂറു രൂപയ്ക്ക് വാടകയ്ക്കെടുത്തതെന്ന് പറഞ്ഞ് നിങ്ങൾ അധിക്ഷേപിച്ചതെന്നാണ് ദില്‍ദിത്ത് കങ്കണയ്ക്ക് നല്‍കിയ മറുപടി. "ഇന്ത്യ കങ്കണയുടേത് മാത്രമല്ല. ഈ രാജ്യത്തിനു വേണ്ടി പലതും ത്യജിച്ച അമ്മമാരെയാണ് നിങ്ങൾ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത്. 24 മണിക്കൂറും പൊട്ടത്തരം മാത്രം പുറത്തുവിടുന്ന നിങ്ങൾ ആദ്യം ഇവരെ ബഹുമാനിക്കാൻ പഠിച്ചതിനു ശേഷം രാജ്യസ്നേഹത്തെ കുറിച്ച് വാചാലയാകൂ"- ഇത് കങ്കണയ്ക്ക് ദില്‍ജിത്ത് നല്‍കിയ താക്കീത്.

എന്നാല്‍ വീണിടം വിദ്യയാക്കുന്ന കങ്കണ പ്രതികരണവുമായെത്തിയിരുന്നു. ദിൽജിത്തിനെ ‘കരൺ ജോഹറിന്റെ വാത്സല്യഭാജനം' എന്ന് വിശേഷിപ്പിച്ചായിരുന്നു തിരിച്ചടി. കൂടാതെ, താൻ ബിൽക്കിസിനെ കുറിച്ചാണ് പറഞ്ഞതെന്നും മോഹീന്ദറിനെ അറിയില്ലെന്നും കങ്കണ പറഞ്ഞു. എന്നാല്‍ ദില്‍ജിത്ത് വിട്ടുകൊടുത്തില്ല. "താങ്കൾക്ക് എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചു പറയാം, എന്നാൽ ഒന്നോർക്കുക ഇവർ ബോളിവുഡിൽ നിന്നുള്ളവരല്ല പഞ്ചാബിൽ നിന്നുള്ളവരാണ്. സാമാന്യ ബുദ്ധി ഇല്ലാതെ സംസാരിക്കരുത്. അമ്മമാരെ പറ്റി പോലും ഇത്തരത്തിൽ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു? എല്ലാവരെയും മോശം പറയുക എന്നത് താങ്കളുടെ ശീലം ആണല്ലോ, അത് തുടർന്നോളൂ"- ദില്‍ജിത്ത് തന്‍റെ നിലപാട് വ്യക്തമാക്കി.

ഇതിനു പിന്നാലെ ദിൽജിത്തിനെ പിന്തുണച്ച് നിരവധി പേർ രംഗത്തുവന്നു. കങ്കണയോട് ഒരുപാട് ബഹുമാനം ഉണ്ടായിരുന്ന ആളായിരുന്നു താനെന്നും എന്നാൽ ഇപ്പോൾ അത് തെറ്റിയിരിക്കുന്നുമെന്നുമാണ് ഗായകൻ മിൽക്കാ സിങ് ദിൽജിത്തിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രതികരിച്ചത്. മോഹീന്ദറിനെ മോശക്കാരിയായി ചിത്രീകരിച്ച ട്വീറ്റ് പിന്‍വലിച്ച് കങ്കണ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങ് നടിക്കെതിരേ വക്കീല്‍ നോട്ടിസ് വരെ അയച്ചു. മാന്യമായി രീതിയില്‍ പ്രതിഷേധം നടത്തുന്ന സ്ത്രീകളുടെ അന്തസ്സും പ്രതിച്ഛായയും ഇടിച്ചുതാഴ്ത്തുകയാണ് കങ്കണ ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം. കങ്കണ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സിഖ് ഗുരുദ്വാര കമ്മറ്റിയും വക്കീൽ നോട്ടിസ് അയച്ചിരുന്നു.

ഇതിനിടയില്‍ കങ്കണയുടെ ട്വിറ്റര്‍ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ അലി കാഷിഫ് ഖാന്‍ ദേശ്മുഖാണ് കങ്കണയ്‌ക്കെതിരെ ക്രിമിനല്‍ റിട്ട് ഫയല്‍ ചെയ്തത്. തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടര്‍ച്ചയായി വിദ്വേഷം പരത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. വിദ്വേഷം പരത്തുന്നതിനൊപ്പം അധിക്ഷേപം നിറഞ്ഞ ട്വീറ്റുകള്‍ കൊണ്ട് രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയും കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുകയുമാണെന്നും ഹർജിയിൽ പറയുന്നു.

‘കോവിഡ് വാക്സിൻ തയാറായോ?, അങ്ങനെയെങ്കിൽ അത് ആദ്യം കങ്കണയില്‍ പരീക്ഷിക്കണം. അവർ രക്ഷപ്പെട്ടാൽ വാക്സിന്‍ സുരക്ഷിതമാണെന്ന് നമുക്ക് ഉറപ്പുവരുത്താം. ഇനി അവർ രക്ഷപ്പെട്ടില്ലെങ്കിൽ ഈ രാജ്യം തന്നെ സുരക്ഷിതമാണെന്നു കരുതാം’- നടൻ ജുനൈദ് ഷെയ്ഖ് പരിഹസിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കൊപ്പമാണ് താനെന്ന പ്രസ്താവനയുമായാണ് കങ്കണ പിന്നീട് അവതരിച്ചത്. ‘ഞാൻ കർഷകർക്കൊപ്പമാണ്. കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെയും അവരുടെ പ്രശ്നങ്ങൾക്കെതിരെയും ശബ്ദം ഉയർത്തിയ ആളാണ് ഞാൻ. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ ഞാൻ ഒരുപാട് പ്രാർഥിച്ചിട്ടുണ്ട്. ആ പ്രാർഥനയുടെ ഫലമാണ് ഇപ്പോൾ ബില്ലിന്റെ രൂപത്തിൽ വന്നത്"- കങ്കണ ട്വീറ്റിൽ പറഞ്ഞു.

കാര്‍ഷിക ബില്ല് പല തരത്തിൽ കർഷകരുടെ ജീവിതത്തെ മാറ്റിമറിക്കും ഇതേക്കുറിച്ച് ഉയർന്ന ആശങ്കകളും അപവാദപ്രചരണങ്ങളും സർക്കാർ ഉടൻ തന്നെ പരിഹരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ട്. പഞ്ചാബിന് എല്ലായ്‌പ്പോഴും എന്റെ ഹൃദയത്തിൽ ഒരിടമുണ്ടെന്നും കങ്കണ പറഞ്ഞു. പക്ഷെ ട്വിറ്ററിൽ തുടങ്ങിയ പോര് കോടതി വരെ എത്തിയ സ്ഥിതിക്ക് തുടര്‍ നടപടികള്‍ നിര്‍ണ്ണായകമാകും. സർക്കാരിനെ അനുകൂലിച്ച്, തന്റെ ആശയങ്ങൾക്ക് മറുപുറത്ത് നിൽക്കുന്നവരെ പാക്കിസ്ഥാനികളും രാജ്യദ്രോഹികളുമായി ചിത്രീകരിക്കുന്ന കങ്കണയുടെ പ്രതികരണം ഇതാദ്യമായല്ലെന്നതു കൂടി പരിഗണിക്കുമ്പോള്‍ ഇത്തവണ കുരുക്ക് മുറുകാനാണ് സാധ്യത. അതേസമയം, നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്ന നിയമ സംവിധാനങ്ങളോട് പൊരുതാന്‍ വീടും തൊഴിലും ജീവിത സാഹചര്യങ്ങളും വിട്ട് കര്‍ഷകര്‍ സമരം ചെയ്യുമ്പോള്‍ ഇത്തരം പരിഹാസ്യകരമായ പ്രവൃത്തികള്‍ തീര്‍ത്തും അസ്വീകാര്യമാണ്.

കര്‍ഷക സമരം; നിലനില്‍ക്കുന്ന ആശങ്കകള്‍

സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് (എഐഎംടിസി) പണിമുടക്കിലേക്ക് പോവുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിസംബര്‍ എട്ടാം തീയതി മുതല്‍ സമരത്തിനിറങ്ങുമെന്നാണ് എഐഎംടിസി അംഗത്വമുള്ള ഉത്തരേന്ത്യയിലെ ചരക്കു നീക്ക ട്രക്ക് ഉടമകളും തൊഴിലാളികളും അറിയിച്ചിട്ടുള്ളത്. രാജ്യത്തെ 95 ലക്ഷത്തോളം വരുന്ന ചരക്കുവാഹന അംഗങ്ങള്‍ അടങ്ങുന്ന ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നീക്കമാകും നിര്‍ത്തി വയ്ക്കുക.

ആദ്യ സമരം ദിനം മുതല്‍ കര്‍ഷകരുടെ സമരത്തോടൊപ്പം പിന്തുണയുമായി എഐഎംടിസിയുമുണ്ട്. ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം കര്‍ഷകര്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഉത്തരേന്ത്യയില്‍ മാത്രമായി സമരം ചുരുക്കിയിട്ടുള്ളത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇത് ദേശീയ തലത്തില്‍ വ്യാപിപ്പിക്കാനും പദ്ധതി ഇട്ടിരിക്കുകയാണെന്നാണ് എഐഎംടിസി പ്രസിഡന്റ് കുല്‍തരണ്‍ സിംഗ് അത്‌വാള്‍ വ്യക്തമാക്കുന്നത്. ചരക്ക് നീക്കമേഖല പിടിച്ചു നില്‍ക്കുന്നത് തന്നെ കര്‍ഷകരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വിതരണ ആവശ്യങ്ങള്‍ക്കാണെന്നും ഈ മേഖലയോട് കൂറു കാണിക്കേണ്ട അവസരമാണിതെന്നുമാണ് എഐഎംടിസിയുടെ വാദം. ഗ്രാമീണ മേഖലയിലെ 70 ശതമാനം ജനതയും കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഇത് ജനകീയ സമരമാണെന്നുമാണ് എഐഎംടിസി ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്താകമാനം ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ പലഭാഗത്തും ചരക്കു നീക്കം മുടങ്ങിയതും അവശ്യസാധനങ്ങളുടേതടക്കം ക്ഷാമം അനുഭവപ്പെട്ടതും കണക്കിലെടുക്കുമ്പോള്‍ ട്രക്ക് മേഖലയിലെ സമരം വരും ദിവസങ്ങളില്‍ വന്‍ പ്രത്യാഖാതങ്ങള്‍ക്ക് വഴിവെക്കും. ഗോതമ്പ്, അരി തുടങ്ങിയ ധാന്യങ്ങള്‍, പച്ചക്കറികള്‍, എണ്ണ, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെയെല്ലാം സുഗമമായ നീക്കം ഇല്ലാതാകുന്ന അവസ്ഥ രാജ്യത്തെല്ലായിടത്തും വ്യാപിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്

പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലെ ചരക്കു നീക്കമേഖല തന്നെ കര്‍ഷക സമരം മൂലം ഇതിനോടകം സ്തംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകുമെന്നതും ആശങ്കയാണ്. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വിളകളെല്ലാം നീക്കം സുതാര്യമാകാതെ കെട്ടിക്കിടക്കുകയും നശിച്ചു പോകുകയും ചെയ്യുന്ന അവസ്ഥയും ഉണ്ട്. അതുകൊണ്ട് സമരം മുന്നോട്ട് പോയാല്‍ മറ്റ് സംസ്ഥാനങ്ങളിലെ ചെറുകിട കച്ചവടക്കാരെ ഇത് സാരമായി ബാധിച്ചേക്കാം.

കര്‍ഷകര്‍ സമരം തുടരുന്നത് അവശ്യ സേവനങ്ങള്‍ക്ക് തടസം നേരിടേണ്ടി വരുന്നതിനും കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നതിനും കാരണമാകുമെന്ന് കാട്ടി അഭിഭാഷകനായ ഓം പ്രകാശ് പരിഹാര്‍ സുപ്രീംകോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി പ്രതിഷേധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാരെ പിരിച്ചു വിടണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ ചികിത്സയ്ക്കായി നിരവധിയാളുകളാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്തുന്നതെന്നും റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം കാരണം അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കുന്നതിന് തടസമുണ്ടാകുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. സമാധാനപരമായി പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ക്ക് പോലീസ് പ്രത്യേക സ്ഥലം അനുവദിച്ചു നല്‍കിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാര്‍ അങ്ങോട്ട് മാറാന്‍ തയാറാകുന്നില്ല. അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നതിലൂടെ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നാണ് വാദം.

ഇത്തരം ആശങ്കകള്‍ പ്രധാന്യമര്‍ഹിക്കുന്നവ തന്നെ. എന്നാല്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം പ്രതിഷേധത്തില്‍ നിന്ന് പിന്മാറുന്നത് കര്‍ഷക സമരം ഇതുവരെ ആര്‍ജ്ജിച്ച ആവേശവും പോരാട്ട വീര്യവും വെറുതെയാക്കും. ഭരണകൂടത്തിന് സൗകര്യപ്രദമാം വിധം സംഘടിക്കുകയാണെങ്കില്‍ കര്‍ഷകരുടെ പ്രതിഷേധ ജ്വാല ഒരിക്കലും കോട്ടവാതില്‍ ഭേദിച്ച് അധികാരികളുടെ ചെവിയില്‍ എത്തില്ല. അതിനാല്‍ കാര്‍ഷിക നിയമം സംബന്ധിച്ച് കര്‍ഷകര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ കടുംപിടുത്തം അവസാനിപ്പിക്കുന്നതാണ് ഫലം ചെയ്യുക. കാര്‍ഷിക മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുന്ന നിയമനിര്‍മ്മാണമുണ്ടാകുമ്പോള്‍ ആ മേഖലയെ പ്രതിനിധാനം ചെയ്യുന്ന കര്‍ഷകരുടെ രോഷം കണ്ടില്ലെന്നു നടിക്കുന്നത് സ്വീകാര്യമല്ല. പ്രതിസന്ധികള്‍ ഏറെ മറികടന്നാണ് പതിനായിരങ്ങള്‍ നീതിക്ക് വേണ്ടി മുറവിളി കൂട്ടുന്നതെന്ന വസ്തുതയും വിസ്മരിക്കാനാവില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com