കെപി യോഹന്നാന്‍ കുരുങ്ങുമോ..? കുരുക്കഴിയുമോ..?

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ബിലീവേഴ്സ് ചര്‍ച്ചിനെ പ്രതിസന്ധിയിലാക്കുന്നു.
കെപി യോഹന്നാന്‍ കുരുങ്ങുമോ..? കുരുക്കഴിയുമോ..?

ആത്മീയത, കമ്പോളത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ചരക്ക്. വിവിധ പേരുകളിലും വ്യത്യസ്ത ശൈലികളിലും പൊടിപൊടിക്കുന്ന വാണിഭം. ഭക്തിയെ ഭയമാക്കി മനുഷ്യന്‍റെ നിസ്സാഹായവസ്ഥ സമര്‍ത്ഥമായി ചൂഷണം ചെയ്യുന്ന തട്ടിപ്പുകളുടെ പ്രഭവ കേന്ദ്രം. ശാന്തി ശുശ്രൂഷ, വചന പ്രഘോഷണം, ആത്മീയ സദസ്സ്, ഖുര്‍ആന്‍ തെറാപ്പി, സ്വലാത്ത് മജ്‌ലിസ്, ദിക്ര്‍ ഹല്‍ഖ തുടങ്ങി നാനാജാതി മതസ്ഥരെ ലക്ഷ്യമാക്കി പ്രചരിക്കുന്ന തട്ടിപ്പിന്‍റെ ഹോള്‍സെയില്‍ കേന്ദ്രങ്ങള്‍.

എന്നാല്‍, നാട്ടിന്‍പുറത്തെ തരികിട സിദ്ധന്മാരും സന്യാസികളുമടങ്ങുന്ന ആത്മീയ വാണിഭത്തിന്‍റെ ചിത്രം ഇന്ന് പാടെ മാറിയിരിക്കുന്നു. ഹൈടെക് സംവിധാനങ്ങളോടെ ആധുനിക മാധ്യമ- പരസ്യ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വന്‍ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട്, കോടികളെറിഞ്ഞ് ശതകോടികള്‍ സമ്പാദിച്ച്, വന്‍കിട കോര്‍പ്പറേറ്റുകളെ പോലും കവച്ചുവയ്ക്കുന്ന ബിസിനസ് സാമ്രാജ്യങ്ങളായി പല ആത്മീയ കേന്ദ്രങ്ങളും വളര്‍ന്നുകഴിഞ്ഞു. ബിലീവേഴ്‌സ് ചര്‍ച്ച് എന്ന സ്വന്തം സഭ സ്ഥാപിച്ച് കോടികള്‍ ആസ്തിയുള്ള സാമ്രാജ്യത്തിന് അധിപനായി വാഴുന്ന കെപി യോഹന്നാന്‍ അഥവ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമന്‍ പ്രസിദ്ധനായതും ഇവ്വിധം തന്നെ.

കെപി യോഹന്നാന്‍ എന്ന സുവിശേഷക പ്രചാരകന്‍ അത്ര നല്ലതല്ലാത്ത വാര്‍ത്തകളില്‍ ഇടം നേടിയിട്ട് കാലം കുറച്ചാകുന്നു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ വിദേശത്ത് നിന്നെത്തിച്ച പണം വകമാറ്റി ചെലവഴിച്ച ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്‌സ് ചര്‍ച്ചിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡില്‍ കോടികള്‍ പിടിക്കപ്പെട്ടതാണ് വാര്‍ത്താമാധ്യമങ്ങളില്‍ ഈ പേര് വീണ്ടും നിറയാന്‍ കാരണമായത്. വരുന്ന 23ാം തീയതി കൊച്ചിയിലെ ആദായ നികുതി വകുപ്പ് ഓഫീസില്‍ ഹാജരാകണമെന്നാണ് സഭാധിപൻ ഡോ. കെപി യോഹന്നാൻ മെത്രാപ്പോലീത്തയ്ക്ക് ആദായ നികുതി വകുപ്പില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശം.

ഡോ. കെപി യോഹന്നാൻ മെത്രാപ്പോലീത്ത
ഡോ. കെപി യോഹന്നാൻ മെത്രാപ്പോലീത്ത

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച പണം റിയൽ എസ്റ്റേറ്റ് ബിസിനസിലടക്കം വിനിയോഗിച്ചു, വിദേശനാണ്യ വിനിമയ നിയന്ത്രണ, വിദേശ സംഭാവന നിയന്ത്രണ ചട്ടങ്ങൾ എന്നിവ ലംഘിച്ചു തുടങ്ങിയ ക്രമക്കേടുകളാണ് കെപി യോഹന്നാന്‍റെ സാമ്രാജ്യത്തിനെതിരെ കണ്ടെത്തിയിരിക്കുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്സിആർഎ) സെക്ഷൻ(40) അനുസരിച്ച് ഒരുകോടി രൂപയിലേറെയുള്ള ക്രമക്കേടുകൾ സിബിഐ അന്വേഷിക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ സിബിഐ അന്വേഷണവുമായി കളത്തിലിറങ്ങാന്‍ ഇനി കാത്തിരിക്കേണ്ടിവരില്ല.

ആദായ നികുതി വകുപ്പ് അറസ്റ്റ് നടപടികള്‍ സ്വീകരിക്കാറില്ല. എന്നാല്‍ സിബിഐയ്ക്കും ഇഡിക്കുമൊക്കെ ആകാം. അതായത്, കാണാന്‍ ഇനി പലതും ബാക്കി ഉണ്ടെന്ന് സാരം. ആത്മീയ നേതാവെന്ന ലേബലില്‍ നേടിയെടുത്ത ജനപിന്തുണയുടെയും സമ്പത്തിന്‍റെയും അധികാരകേന്ദ്രങ്ങളിലുള്ള പിടിപാടിന്‍റെയും ബലത്തില്‍ ആരോപണങ്ങളെയും പരാതികളെയും വകഞ്ഞുമാറ്റി കെപി യോഹന്നാന്‍ പുറത്തേക്ക് വന്നതായാണ് മുന്‍കാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് ഇനിയെന്ത് നടക്കുമെന്നത് കണ്ടറിയണം.

താറാവ് കൃഷിയില്‍ നിന്ന് ആത്മീയ വഴിയിലേക്ക്

കുട്ടനാട്ടിലെ ശരാശരിയിൽ താഴെയുള്ള ഒരു സാധാരണ കുടുംബത്തില്‍ നിന്നും ശതകോടികളുടെ ആസ്തിയുള്ള വിശ്വാസ സാമ്രാജ്യത്തിലേക്കുളള കടപ്പിലാരില്‍ പുന്നൂസ് യോഹന്നാൻ എന്ന കെപി യോഹന്നാന്‍റെ അരനൂറ്റാണ്ടുകൊണ്ടുളള വളര്‍ച്ച ആരെയും അമ്പരിപ്പിക്കുന്നതാണ്. അപ്പര്‍കുട്ടനാട്ടിലെ നിരണത്ത് നിന്നാണ് കെപി യോഹന്നാന്‍റെ കഥ തുടരുന്നത്. 1950 ലാണ് ചാക്കോ പുന്നൂസിന്റെ മകനായി യോഹന്നാന്‍ ജനിക്കുന്നത്. താറാവ് വളര്‍ത്തലില്‍ നിന്ന് വരുമാന മാര്‍ഗം കണ്ടെത്തി ജീവിതം നയിച്ച ചാക്കോയുടെ കുടുംബം തികഞ്ഞ മാര്‍ത്തോമ വിശ്വാസികളായിരുന്നു. പിതാവിനോടൊപ്പം താറാവ് കൃഷിയിലേര്‍പ്പെട്ടിരുന്ന യോഹന്നാന്റെ ജീവിതം വഴിതിരിച്ചുവിടുന്നത് ഡബ്ല്യു എ ക്രിസ്വെല്‍ എന്ന അമേരിക്കക്കാരനാണ്. ക്രിസ്വെലിനൊപ്പം അമേരിക്കയില്‍ വൈദിക പഠനത്തിന് പോയതോടെയാണ് യോഹന്നാന്‍ ആത്മീയ രംഗത്തേക്ക് തിരിഞ്ഞത്.

അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടിയ ജര്‍മന്‍ സ്വദേശിനിയായ ഗസാലയെ 1974ല്‍ യോഹന്നാന്‍ ജീവിത പങ്കാളിയാക്കി. ശേഷം ഇരുവരും ഒരുമിച്ച് സുവിശേഷ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. നീണ്ട പ്രവാസത്തിനു ശേഷം കെപി യോഹന്നാനും കുടുംബവും 1983ല്‍ തിരുവല്ല നഗരത്തിനു സമീപമുള്ള മാഞ്ഞാടിയില്‍ ഗോസ്പല്‍ ഏഷ്യ എന്ന പേരില്‍ ആത്മീയസ്ഥാപനം കെട്ടിപ്പൊക്കി. സഹോദരങ്ങളായ കെപി ചാക്കോ, കെപി മാത്യൂസ് എന്നിവരോടൊപ്പമായിരുന്നു ട്രസ്റ്റ് ആരംഭിച്ചത്. ഒരു പൊതു മതപര ധര്‍മ്മസ്ഥാപനമായിട്ടാണ് ട്രസ്റ്റ് പ്രവര്‍ത്തിച്ചു വന്നത്. ഈ സംഘടന ഗോസ്പല്‍ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. നിരവധി സംരംഭങ്ങള്‍ പിന്നീട് കെപി യോഹന്നാന്റെ നേതൃത്വത്തില്‍ വന്നു. വിദേശ ബന്ധങ്ങള്‍ വഴി ഇന്ത്യയിലെ അവിശ്വാസികളെ ക്രൈസ്തവ വിശ്വാസത്തിന്റെ പാതയിലേക്ക് നയിക്കാന്‍ കോടികളാണ് യോഹന്നാന്‍ ഒഴുക്കിയത്.

കെപി യോഹന്നാനും ഭാര്യ ഗസാലയും.
കെപി യോഹന്നാനും ഭാര്യ ഗസാലയും.

പട്ടിണിയില്‍ കഴിഞ്ഞിരുന്ന ദളിത് വിഭാഗത്തില്‍ പെട്ട ആളുകളെ ആകര്‍ഷിച്ച് സഭയിലേക്ക് ആളെക്കൂട്ടി. അന്നന്നത്തെ അപ്പത്തിനുള്ള വക കിട്ടുമെന്നതിനാല്‍ യോഹന്നാന്റെ സുവിശേഷവത്ക്കരണത്തിലേക്ക് ഒരു കാലത്ത് ആളുകള്‍ ഇടിച്ചുകയറുകയായിരുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രചരിപ്പിക്കാന്‍ സഭയിലെ കുഞ്ഞാടുകള്‍ക്ക് സൈക്കിളും സ്‌കൂട്ടറും കാറും മറ്റഡോര്‍ വാനുമൊക്കെ നല്‍കി. പുതിയ പള്ളികള്‍ സ്ഥാപിച്ചു. വില്‍ക്കാന്‍ വച്ചിരുന്ന ഭൂമിയൊക്കെ പറഞ്ഞ വിലകൊടുത്ത് വാങ്ങി. സ്‌കൂളുകളും കോളേജുകളും ദൈവശാസ്ത്രപഠന കേന്ദ്രങ്ങളും മുക്കിന് മുക്കിന് സ്ഥാപിച്ചു. സ്വന്തം ചാനലുണ്ടാക്കി. മറ്റ് ചാനലുകളിലും സുവിശേഷം പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കവലകളില്‍ സുവിശേഷം പ്രസംഗിച്ച് നടന്ന യോഹന്നാന്‍ ഇന്ന് ഇന്ത്യയിലെ തന്നെ മുന്തിയ പണക്കാരുടെ പട്ടികയില്‍ പെടും. സര്‍ക്കാരുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ പണത്തിന് മുന്നില്‍ ഇത്രയും കാലം നിരായുധരാക്കി നിര്‍ത്താന്‍ ഈ സുവിശേഷ വ്യാപാരിക്ക് കഴിഞ്ഞു എന്നതാണ് പ്രധാനം. തിരുവല്ല ദേശം, സുറിയാനി മാര്‍ത്തോമ സഭയുടെ റോം എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കൂടാതെ പുരാതന സുറിയാനി ക്രൈസ്തവരായ യാക്കോബായ, ഓര്‍ത്തഡോക്‌സ്, മലങ്കര കത്തോലിക്കരും തിരുവല്ലയില്‍ പ്രമാണികളായി വിലസുന്നുണ്ട്. ഇവര്‍ നൂറ്റാണ്ടുകളായി ഇവിടെ സുവിശേഷവേല ചെയ്യുന്നവരുമാണ്. കൂടാതെ അധഃകൃതരെ അണിനിരത്തി ഒട്ടേറെ പെന്തക്കോസ്ത് സഭകളും തിരുവല്ലയിലും പരിസരത്തും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ കെപി യോഹന്നാന്‍ വളര്‍ന്നതും പന്തലിച്ചതുമൊന്നും ഇവരെയാരെയും പ്രകോപിതരാക്കിയില്ല. കാരണം യോഹന്നാന്റെ മേച്ചില്‍പ്പുറം ദളിതുകള്‍ക്കിടയിലായിരുന്നു. പുരാതന പാരമ്പര്യസുറിയാനിക്കാരെ തൊട്ടുകളിക്കാന്‍ യോഹന്നാന്‍ പോയിരുന്നില്ല.

കേരളത്തിലെ സുവിശേഷവത്ക്കരണത്തില്‍ പരമാവധി ആളെക്കിട്ടിയപ്പോള്‍ അന്യസംസ്ഥാനങ്ങളിലും സുവിശേഷം വ്യാപിപ്പിച്ചു. ആക്രമണങ്ങളും അരാജകത്വവും നിലനിന്നിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയായിരുന്നു യോഹന്നാന്‍ വലവീശിപ്പിടിച്ചത്. നേപ്പാളും യോഹന്നാന്റെ സുവിശേഷപ്രഘോഷണത്തിന്റെ വേദിയായി. ഈ നാടുകളില്‍ നിന്നെല്ലാം തിരുവല്ലയിലേക്ക് വിശ്വാസികളെ ഇറക്കുമതി ചെയ്തു. പഴയ ദളിതുകളെ സുപ്രധാന തസ്തികകളില്‍ നിന്ന് മാറ്റി തുടുതുടുപ്പുള്ള നേപ്പാളികളെയും മണിപ്പൂരികളെയും പ്രധാന ചുമതലകളില്‍ സ്ഥാപിച്ചു.

1974-ല്‍ ആരംഭിച്ച യോഹന്നാന്റെ ആത്മീയ യാത്രയുടെ സ്ഥാപനവത്കൃത രൂപമായിരുന്നു ബിലീവേഴ്സ് ചര്‍ച്ച്. അനുയായികളും ആസ്തിയും വര്‍ദ്ധിച്ചതോടെ 2003-ല്‍ ബിലീവേഴ്സ് ചര്‍ച്ച് ഒരു എപ്പിസ്‌കോപ്പല്‍ സഭയായി മാറി. പതിയെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് അതിന്റെ വേരുകള്‍ പടര്‍ന്നു. കേരളത്തിലെ ക്രൈസ്തവ സഭകള്‍ക്ക് സമാന്തരമായി പ്രവര്‍ത്തിച്ച്, അവര്‍ക്കു മുന്നില്‍ തന്റെ ശക്തി തെളിയിച്ച് കെപി യോഹന്നാന്‍ വളര്‍ന്നു. പടര്‍ന്നു പന്തലിച്ചു.

മെത്രാന്‍ പട്ടവും വിവാദങ്ങളും

സുവിശേഷ പ്രഘോഷകനും മൂത്ത പാസ്റ്ററുമായിരുന്ന യോഹന്നാന്‍ തന്റെ സഭ താന്‍ ഉദ്ദേശിച്ചതിനേക്കാള്‍ വലുതായെന്ന് കണ്ടപ്പോഴാണ് സുവിശേഷകന്‍ എന്നത് കുറച്ചുകൂടി ആലങ്കാരികമാകാന്‍ കുറഞ്ഞത് ഒരു മെത്രാനെങ്കിലും (ബിഷപ്പ്) ആകണമെന്ന് തിരിച്ചറിയുന്നത്. കയ്യില്‍ കാശുണ്ടായാല്‍ മെത്രാനാകില്ല. സ്വന്തമായി മെത്രാനായി പ്രഖ്യാപനം നടത്തിയാല്‍ വിശ്വാസികള്‍ അംഗീകരിക്കാന്‍ മടിക്കും. ഒരു മെത്രാന് മാത്രമേ മറ്റൊരാളെ മെത്രാനായി വാഴിക്കാന്‍ അധികാരമുള്ളൂ. അങ്ങനെയാണ് ക്രിസ്തുവിന്റെ കാലം മുതല്‍ക്കുള്ള ഏര്‍പ്പാട്.

യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിന് മെത്രാനില്ല. മറ്റ് ചര്‍ച്ചുകള്‍ യോഹന്നാന്റെ ചര്‍ച്ചിനെ മുന്തിയ ചര്‍ച്ചായി കാണുന്നുമില്ല. അപ്പോള്‍ പിന്നെ സാധാരണ രീതിയില്‍ യോഹന്നാന്‍ പ്രയോഗിക്കുന്ന മാര്‍ഗം മെത്രാന്‍ സ്ഥാനം നേടുന്നതിനും അങ്ങ് പ്രയോഗിച്ചു. സിഎസ്ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെജെ സാമുവലാണ് കെപി യോഹന്നാനെ മെത്രാനായി അഭിഷേകം നടത്തിയത്. തുടര്‍ന്ന് മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്ത പ്രഥമന്‍ എന്ന് അറിയപ്പെടാനും തുടങ്ങി.

'സ്വയം പ്രഖ്യാപിത ബിഷപ്പ്’ എന്നാണ് കെപി യോഹന്നാനെതിരെ മറ്റ് ക്രിസ്തീയ സഭകളില്‍ നിന്നുയരുന്ന വിമര്‍ശനം. യോഹന്നാന്റെ മെത്രാഭിഷേകം വ്യാജമാണ് എന്ന ആരോപണത്തെതുടര്‍ന്ന് കെജെ സാമുവലിന് മോഡറേറ്റര്‍ സ്ഥാനം രാജിവെക്കേണ്ടി വരെ വന്നു. പക്ഷേ കെപി യോഹന്നാനെ ഇതൊന്നും ബാധിച്ചില്ല. മാത്രവുമല്ല യോഹന്നാന്‍ മെത്രാന്‍ തന്റെ സഭയിലേക്ക് ആവശ്യമായ കുട്ടിമെത്രാന്മാരെ പിന്നീട് സ്വന്തമായി കൈവെപ്പ് നല്‍കി വാഴിച്ച് വലിയമെത്രാപ്പോലീത്തയായി വിലസി.

ശതകോടികളുടെ അധിപന്‍

കേരളത്തിലും വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും, ഇതര രാജ്യങ്ങളിലുമെല്ലാം ശാഖകളുള്ള ബിലീവേഴ്സ് ചര്‍ച്ച് എന്ന എപ്പിസ്‌കോപ്പല്‍ സഭയ്ക്ക് മുപ്പതോളം ബിഷപ്പുമാരും പത്തോളം രാജ്യങ്ങളിലായി 35 ലക്ഷത്തോളം വിശ്വസികളുമുണ്ടെന്നാണ് അവകാശ വാദം. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം ഔദ്യോഗികമായി പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്ക് പുറമെ റിയല്‍ എസ്റ്റേറ്റ് അടക്കമുള്ള മറ്റ് പല മേഖലകളിലും ബിലീവേഴ്‌സ് ചര്‍ച്ചിന് വന്‍ നിക്ഷേപമുള്ളതായാണ് വിവരം.

ഗോസ്പല്‍ ഏഷ്യയുടെ പേരില്‍ ഔദ്യോഗികമായി തന്നെ വിവിധ സ്ഥലങ്ങളിലായി ഏഴായിരം ഏക്കറിലധികം ഭൂമിയുണ്ട്. നിയമക്കുരുക്കില്‍ പെട്ട് വിവാദമായ ചെറുവള്ളി എസ്റ്റേറ്റിലെ 2263 ഏക്കര്‍ ഗോസ്പല്‍ ഏഷ്യയുടെ ഉടമസ്ഥതയിലുള്ളതാണ്. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം, ഗൂഡാലോചന, സര്‍ക്കാറിന് 100 കോടിയില്‍പരം രൂപയുടെ നഷ്ടമുണ്ടാക്കല്‍ തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് കെപി യോഹന്നാന്‍. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ അദ്ദേഹം ഇപ്പോഴും വിചാരണ നേരിടുകയാണ്. കൂടാതെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുപതിനായിരം ഏക്കറില്‍ അധികം ഭൂമിയാണ് വിവിധ ട്രസ്റ്റുകളുടെ പേരില്‍ കെപി യോഹന്നാന്‍ സ്വന്തമാക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആസ്തി വര്‍ദ്ധനവിനെതിരെയുള്ളത് കൂടാതെ വേറെയും നിരവധി കേസുകളും പരാതികളും ബിലീവേഴ്സ് ചര്‍ച്ചിനും ഗോസ്പല്‍ ഏഷ്യയ്ക്കുമെതിരേ ഉയര്‍ന്നു വന്നിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിലായിരുന്നു കൂടുതല്‍ ആരോപണങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് രൂപ ദുരുപയോഗം ചെയ്‌തെന്നു കാണിച്ച് ഗോസ്പല്‍ ഏഷ്യയ്‌ക്കെതിരെ അമേരിക്കയിലും കേസുകളുണ്ടായിരുന്നു. പക്ഷേ, 37 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി അമേരിക്കയിലെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ യോഹന്നാന് കഴിഞ്ഞു.

2016 മാര്‍ച്ച് 17ന് ന്യൂ‍ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച യോഹന്നാന്‍ ഗംഗാ ശുചീകരണ പ്രവര്‍ത്തികള്‍ക്കായി ഒരുകോടി രൂപ കൈമാറിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു ഈ കൂടിക്കാഴ്ച. യോഹന്നാനുമായുള്ള കൂടിക്കാഴ്ച വിസ്മയ കരമായിരുന്നു എന്നാണ് ഇതിന് പിന്നാലെ നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. രാഷ്ട്ര നിര്‍മ്മാണത്തിന് സഭ നടത്തുന്ന കാര്യങ്ങള്‍ പ്രശംസ അര്‍ഹിക്കുന്നതാണെന്നും പ്രധാനമന്ത്രി അന്ന് പരാമര്‍ശിച്ചിരുന്നതായി ബിലീവേഴ്സ് ചര്‍ച്ച് വിശദീകരിച്ചിരുന്നു. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍റെ പ്രത്യേക താല്‍പ്പര്യ പ്രകാരമായിരുന്നു അന്നത്തെ കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള സ്വാധീനം ഉപയോഗിച്ച് ബിലീവേഴ്സ് ചര്‍ച്ചിനെതിരെ അമേരിക്കയില്‍ ഫയല്‍ ചെയ്ത കേസുകള്‍ മായ്ച്ചുകളയാനായിരുന്നു ഈ നീക്കം എന്ന വിശദീകരണവുമായി ദേശീയ മാധ്യമങ്ങള്‍ അന്ന് രംഗത്ത് വന്നതാണ്.

2012ല്‍ കേരള സര്‍ക്കാര്‍ യോഹന്നാനെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരുന്നു. കെപി യോഹന്നാന്റെ കീഴിലുള്ള സ്ഥാപനങ്ങള്‍ വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. 1990 മുതല്‍ 2011 വരെ 48 രാജ്യങ്ങളില്‍ നിന്നും 1544 കോടി രൂപ വഴിവിട്ട് സ്വീകരിച്ചുവെന്നതായിരുന്നു അന്നത്തെ ആരോപണം. പക്ഷേ ഉന്നതതല ഇടപെടലുകളിലൂടെ അതും അട്ടിമറിക്കപ്പെട്ടുവെന്നാണ് വിവരം.

ഇന്ത്യന്‍ ഗ്രാമങ്ങളില്‍ മിഷനറി പ്രവര്‍ത്തനം നടത്താനെന്ന പേരില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ സഹായമായി വാങ്ങി സ്വന്തം ആസ്തി വികസനത്തിന് ഉപയോഗിച്ചുവെന്നതാണ് കെപി യോഹന്നാനെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുന്നത്. ഇത്തരം പരാതികളില്‍ ഇതാദ്യമായാണ് കെപി യോഹന്നാനും ബിലീവേഴ്‌സ് ചര്‍ച്ചും വിപുലമായ അന്വേഷണം നേരിടേണ്ടി വരുന്നത്.

ആത്മീയത മറയാക്കി സാമ്പത്തിക കുംഭകോണം

വിദേശ സഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമാണ് ബിലീവേഴ്സ് ചര്‍ച്ച് കേന്ദീകൃതമായി നടന്നിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. ബിലീവേഴ്സ് ചര്‍ച്ചിന്റെ വിവിധ ട്രസ്റ്റുകൾ വഴി നടന്ന വിദേശ പണമിടപാടുകള്‍, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ച പണം ചെലവഴിച്ച മേഖലകൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ കൈമാറണമെന്നാണ് ആദായ നികുതി വകുപ്പിന്‍റെ നിര്‍ദ്ദേശം. ബിലീവേഴ്സ് ചർച്ചിന്റെ പല സ്ഥാപനങ്ങളില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെകുറിച്ചുള്ള രേഖകളും കണ്ടെത്തിയിരുന്നു. കെപി യോഹന്നാന്റെ വീട്ടില്‍ ഉള്‍പ്പെടെ നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് ആദായ നികുതി വകുപ്പ് ഞെട്ടിക്കുന്ന വസ്തുതകളില്‍ വ്യക്തത തേടുന്നത്. ചാരിറ്റി സ്ഥാപനങ്ങളുടെ മറവില്‍ വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോഹന്നാന്റെ മൊഴിയെടുത്ത ശേഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം.

അഞ്ച് വര്‍ഷത്തിനിടെ സഭയുടെ പേരില്‍ കോടിക്കണക്കിന് രൂപയുടെ വിദേശ സഹായം ലഭിച്ചതായി ആദായ നികുതി വകുപ്പിന് തെളിവ് ലഭിച്ചിട്ടുണ്ട്. പരിശോധനയിൽ 17 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചർച്ച് സ്ഥാപനത്തിലെ ജീവനക്കാരന്റെ കാറിന്‍റെ ഡിക്കിയില്‍ നിന്നും വൻ തുക കണ്ടെത്തിയിരുന്നു. ബിനാമി പേരിൽ സഭ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് മറ്റൊരു കണ്ടെത്തൽ. പേരൂർക്കടയിലും, കവടിയാറിലും ബിനാമി പേരിൽ ഭൂമിയുണ്ട്. ഭൂമി വാങ്ങിയവർ പണത്തിന്റെ ഉറവിടം സംബന്ധിച്ച് നൽകിയ മറുപടി തൃപ്തികരമല്ലെന്നും ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. വിദേശത്തുള്ള മറ്റാരുടെയെങ്കിലും പണം നാട്ടിലെത്തിക്കാൻ ബിലീവേഴ്സ് ചർച്ചിൻ്റെ ട്രസ്റ്റുകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

സഭയുടെ വക്താവും മെഡിക്കല്‍ കോളേജ് മാനേജരുമായ ഫാ. സിജോ പണ്ടപ്പിള്ളി റെയ്ഡിനിടെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത തന്റെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടുകയും ബാത്ത്‌റൂമിലെ ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥര്‍ ഇത് തടഞ്ഞെങ്കിലും അദ്ദേഹം ഫോണ്‍ തറയിലെറിഞ്ഞ് തകര്‍ക്കുകയുണ്ടായി. സ്ഥലത്തുണ്ടായിരുന്ന ഒരു പെന്‍ഡ്രൈവ് നശിപ്പിക്കാന്‍ മറ്റൊരു ജീവനക്കാരിയും ശ്രമിച്ചു. ഇതൊക്കെയും ദുരൂഹതകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. എന്തുതന്നെയായാലും ഗഹനമായ പരിശോധനകളും ദേശീയ അന്വേഷണ ഏജന്‍സികളുടെ ഇടപെടലും കൂടിയാകുമ്പോള്‍ ശതകോടികളുടെ പ്രഭവ കേന്ദ്രങ്ങളും ക്രയവിക്രയരീതികളും സഭ വ്യക്തമാക്കേണ്ടതായി വരും. ആരോപണങ്ങള്‍ മറികടക്കാനുള്ള മെത്രാന്‍റെ ഇടപെടലുകളും ഒഴിവാക്കാനാകില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com