പരിസ്ഥിതിയെ തകർക്കുന്ന പുതിയ വിജ്ഞാപനം
Featured

പരിസ്ഥിതിയെ തകർക്കുന്ന പുതിയ വിജ്ഞാപനം

തന്ത്രപ്രധാനമായ പദ്ധതികൾക്ക് പാരിസ്ഥിതിക ആഘാത പഠനവും പൊതു ചർച്ചയും ആവശ്യമില്ല എന്ന് പറയുന്ന കരട് വിജ്ഞാപനം സംരക്ഷിക്കുന്നത് ആരുടെ താല്പര്യമാണെന്ന് വ്യക്തമാണ്

M Salavudheen

കൊറോണക്കാലം ലോകം മുഴുവൻ അതിജീവനത്തിനായി പോരാടുമ്പോൾ ജനവിരുദ്ധ ഭരണകൂടങ്ങൾ തങ്ങളുടെ അജണ്ടകൾ നടപ്പാക്കാനുള്ള ഒരു അവസരമായി ഈ സമയത്തെ കാണുന്നു എന്നത് അതീവ ഭീകര അവസ്ഥയാണ്. ലോകത്ത് പലയിടത്തും പ്രാദേശിക ഭരണകൂടങ്ങൾ മുതൽ നടപ്പാക്കുന്ന ഇത്തരം നടപടിയുടെ ഒരു മുഖം ഇന്ത്യയിലും നടപ്പിലാക്കാൻ ഈ കൊറോണ കാലം ഉപയോഗപ്പെടുത്തുന്നു. ഈ കൊറോണ കാലത്ത് തൊഴിൽ നിയമങ്ങളിൽ പല മാറ്റവും കൊണ്ട് വന്ന മോദി സർക്കാർ ഒടുവിൽ കൈവെച്ചത് പരിസ്ഥിതി നിയമത്തിലാണ്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് Environmental Impact Assessment Notification 2020 (പരിസ്ഥിതി ആഘാത പഠനം അഥവാ ഇ.ഐ.എ.) ഗുണത്തേക്കാൾ ഏറെ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. പരിസ്ഥിതിയുടെ സ്വാഭാവിക ഘടനയെ തന്നെ മാറ്റിമറിക്കാൻ പോന്നതാണ് കരട് വിജ്ഞാപനമെന്ന് വിദഗ്‌ധർ പറയുന്നു. പതിവ് രീതിയിൽ വിദേശ നിക്ഷേപം ഉൾപ്പെടെ ഉയർന്ന നിക്ഷേപം കൊണ്ടുവരുന്നതിനും അത് വഴി രാജ്യത്തിന്റെ സാമ്പത്തിക ശേഷി വർധിപ്പിക്കുകയും ഇന്ത്യ ലോക ശക്തിയാവുകയും ചെയ്യും എന്ന് പറഞ്ഞു തന്നെയാണ് ഇ.ഐ.എ. വിജ്ഞാപനവും പുറത്തുവന്നത്.

കരട് പ്രകാരം വ്യവസായികവും അല്ലാത്തതുമായ പദ്ധതികൾ ആരംഭിക്കുന്നതിന് മുൻപ് നടത്തേണ്ട വിശദമായ പരിസ്ഥിതി ആഘാത പഠനം ദുർബലമാക്കാൻ സാധ്യതയുള്ള നിരവധി നിർദേശങ്ങൾ കരടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ പ്രാബല്യത്തിൽ വന്നാൽ പരിസ്ഥിതി ദോഷകരമായ നിരവധി പദ്ധതികൾ തുടങ്ങുന്നതിന് വളരെ എളുപ്പമാകും എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. തന്ത്രപ്രധാനമായ പദ്ധതികൾക്ക് പാരിസ്ഥിതിക ആഘാത പഠനവും പൊതു ചർച്ചയും ആവശ്യമില്ല എന്ന് പറയുന്ന കരട് വിജ്ഞാപനം സംരക്ഷിക്കുന്നത് ആരുടെ താല്പര്യമാണെന്ന് വ്യക്തമാണ്.

ഇക്കോ സെൻസിറ്റീവ് എന്ന നിർവചനത്തിൽ പുൽപ്രദേശങ്ങൾ, മരുപ്രദേശങ്ങൾ, നീർപ്രദേശങ്ങൾ എന്നിവ ഉൾപ്പെടില്ലെന്നും കരട് വിജ്ഞാപനത്തിൽ ഉണ്ട്. ഇതോടെ പുൽപ്രദേശങ്ങൾ, മരുപ്രദേശങ്ങൾ, നീർപ്രദേശങ്ങൾ എന്നിവയിൽ നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ അടക്കമുള്ള പ്രവർത്തങ്ങൾക്ക് നിലവിൽ നൽകുന്ന വിലക്കുകൾ ഇല്ലാതാകും. ഇക്കോ സെൻസിറ്റീവ് ആയ പ്രദേശങ്ങളിൽ മനുഷ്യ ഇടപെടലുകൾ വരുന്നതോടെ അവിടെ ഉണ്ടാകുന്ന പാരിസ്ഥിതി മാറ്റങ്ങൾ, അഥവാ ആഘാതങ്ങൾ എത്രത്തോളമാണെന്ന് കണ്ടറിയേണ്ടി വരും.

ഖനന പദ്ധതികൾക്ക് നൽകുന്ന പരിസ്ഥിതി അനുമതി കാലാവധി 30 വർഷത്തിൽ നിന്ന് 50 വർഷമാക്കാനും, ദേശീയ പാർക്കുകളിലും വന്യ ജീവി കേന്ദ്രങ്ങളിലും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലും ഖനന നിർമാണ പ്രവർത്തനങ്ങൾക്ക് ഇളവ് നൽകാനും കരട് വിജ്ഞാപനത്തിൽ നിർദേശമുണ്ട്. നിലവിൽ ഏറെ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നതാണ് രാജ്യം മുഴുവൻ നടക്കുന്ന ഖനനങ്ങൾ. ഇത് കുറെ കൂടി വ്യാപകമാക്കാനും വിപുലമാക്കാനും മാത്രമേ നിലവിലെ നിർദേശങ്ങൾ കൊണ്ട് സാധ്യമാകൂ.

പരിസ്ഥിതി ദ്രോഹങ്ങൾ എല്ലാം ഒരു വശത്ത് പറയുന്ന Environmental Impact Assessment Notification 2020 പക്ഷേ കാടിന്റെ ഉടമകളായ ആദിവാസികൾക്കുള്ള വനാവകാശ നിയമത്തെ കുറിച്ച് ഒന്നും പറയുന്നില്ല. നിലവിൽ മുന്നോട്ട് വെക്കുന്ന പല നിർദേശങ്ങളും ആദിവാസികളെ ബാധിക്കും എന്ന സന്ദർഭം നിലനിൽക്കെ തന്നെ അവരുടെ അവകാശത്തെ കുറിച്ച് മൗനം പാലിക്കുകയാണ് കരട്. കോർപറേറ്റുകൾക്കും വൻകിടക്കാർക്കും പ്രവർത്തിക്കുന്നു എന്ന് നിലവിൽ തന്നെ ആക്ഷേപമുള്ള മോദി സർക്കാർ തങ്ങൾ അത് തന്നെയാണെന്ന് കൂടുതൽ ശക്തമായി ഉറപ്പിക്കുകയാണ്. പരിസ്ഥിതി നിയമങ്ങളുടെ ഉപദ്രവങ്ങളിൽ നിന്നും വൻകിട വ്യവസായ ലോകത്തെ മോചിപ്പിക്കുമെന്ന മോദി സർക്കാരിന്റെ പ്രഖ്യാപിത നിലപാട് കൂടിയാണ് ഈ സന്ദർഭത്തിൽ നാം മുഖവിലയ്ക്ക് എടുക്കേണ്ടതുണ്ട്.

Anweshanam
www.anweshanam.com