ഈ മഴക്കാലത്തും കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികൾ

ജവഹർ നഗർ കോളനിയിലെ ജനങ്ങളാണ് ഇപ്പോഴും കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്
ഈ മഴക്കാലത്തും കുടിവെള്ളമില്ലാതെ വലഞ്ഞ് തലസ്ഥാന നഗരവാസികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് മൺസൂൺ മഴ തുടങ്ങി ദിവസങ്ങൾ പിന്നിട്ടെങ്കിലും തലസ്ഥാന നഗരത്തിലെ ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴും ജലത്തിന് വേണ്ടി കാത്തിരിക്കുകയാണ്. കവടിയാർ ജവഹർ നഗർ കോളനിയിലെ ജനങ്ങളാണ് ഇപ്പോഴും കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. വെള്ളം വിതരണം ചെയ്യേണ്ട കേരള വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥതയാണ് കുടിവെള്ളം ലഭിക്കാത്തതിന് പിന്നിലെന്നാണ് ഉയരുന്ന ആരോപണം.

തിരുവനന്തപുരത്ത് ഉൾപ്പെടെ സംസ്ഥാനത്തെ മിക്ക ഭാഗത്തും കാര്യമായ മഴ കഴിഞ്ഞ ദിവസങ്ങളിൽ ലഭിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളമെത്തിക്കുന്ന അരുവിക്കര ഡാമിലും വെള്ളം മഴ തുടങ്ങിയ ആദ്യ നാളുകളിൽ തന്നെ ആവശ്യമായ വാട്ടർ ലെവൽ കടന്നിരുന്നു. ഇതിനെ തുടർന്ന് ഡാമിന്റെ ഷട്ടറുകൾ തുറക്കുന്ന സ്ഥിതിയുമുണ്ടായി. അതിനാൽ ജലക്ഷാമം കാരണമല്ല പ്രദേശത്തേക്ക് വെള്ളം എത്താത്തത് എന്ന് വ്യക്തമാണ്.

പ്രദേശത്തെ വെള്ളം വിതരണം ചെയ്യേണ്ട പൈപ്പുകൾക്കോ മറ്റു വിതരണ സംവിധാനങ്ങൾക്കോ തകരാർ ഇല്ലെന്ന് കോളനി നിവാസികൾ പറയുന്നു. വിതരണം ചെയ്യാൻ വെള്ളമുണ്ടായിട്ടും സംവിധാനങ്ങൾ എല്ലാം ഉണ്ടായിട്ടും എന്ത്‌കൊണ്ട് തങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ഇവർ ചോദിക്കുന്നു. വെള്ളത്തിന്റെ പ്രഷർ കുറച്ച് വെച്ച് വെള്ളം കിട്ടാത്ത രീതിയിലെല്ലാം ഞങ്ങളെ ദ്രോഹിക്കുന്നത് എന്തിനാണെന്ന് ഇവർ ചോദിക്കുന്നു.

'ജവഹർ നഗർ ഡി സ്‌ട്രീറ്റിൽ കുടിവെള്ളം കാര്യമായി എത്തിയിട്ട് വർഷങ്ങൾ ആകുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. എനിക്ക് എന്റെ അമ്മയെ ഈ ഏപ്രിൽ 8 ന് നഷ്‌ടമായി. അവസാനമായി അവരുടെ മൃതശരീരം ഒന്ന് കുളിപ്പിക്കാൻ വെള്ളത്തിന് വേണ്ടി ഞങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ വരെയുണ്ടായി. വെള്ളത്തിനായി ജവഹർ നഗർ വെൽഫെയർ അസോസിയേഷന് പോലും കാര്യമായി ഒന്നും ചെയ്യാൻ സാധിക്കുന്നില്ല' - കോളനിയിലെ ഒരു വ്യക്തി വെളിപ്പെടുത്തുന്നു.

ടാങ്കർ ലോറിയിൽ എത്തുന്ന വെള്ളം വാങ്ങിയാണ് നാളുകളായി ഇവർ കുടിവെള്ളം കണ്ടെത്തുന്നത്. ഇതിനായി വലിയ തുകയാണ് ഇവർക്ക് ഈ ലോക്ക് ഡൗൺ കാലത്തും നൽകേണ്ടി വരുന്നത്. എന്നാൽ, കോളനിയിൽ വെള്ളം എത്തിക്കാതിന് പിന്നിൽ വാട്ടർ അതോറിറ്റിയും ടാങ്കർ ലോറി കോൺട്രാക്ടറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന ആരോപണവും കോളനി നിവാസികൾക്കിടയിൽ തന്നെ ഉണ്ട്.

വെള്ളം ലഭിക്കുന്നതിനായി തുടർച്ചായി കോളനിക്കാർ മുട്ടാത്ത വാതിലുകൾ ഇല്ല. കോർപ്പറേഷൻ പ്രതിനിധികൾ മുതൽ ഒട്ടുമിക്ക രാഷ്ട്രീയ പ്രതിനിധികളെയും ഇവർ ഇതിനകം കണ്ട് ആവശ്യമറിയിച്ചിട്ടും ഇതുവരെ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള പ്രതിഷേധങ്ങൾ സംഘിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. എങ്കിലും പ്രതിഷേധങ്ങൾ അവസാനിപ്പിക്കാൻ ഇവർ തയ്യാറല്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം തുടരുകയാണ് ഈ ലോക്ക് ഡൗൺ കാലത്തും ഇവർ.

ഒരു വർഷത്തിലേറെയായി പ്രാഥമിക ആവശ്യമായ വെള്ളം നൽകാതെ ഇവരെ കളിപ്പിക്കുകയാണ് കേരള വാട്ടർ അതോറിറ്റി. നഗരത്തിലെ ജലലഭ്യത പ്രശ്‌നം തീർക്കാൻ വാട്ടർ അതോറിറ്റി ഉത്പാദനം സമീപകാലത്തായി ഉയർത്തിയിരുന്നു. എന്നിട്ടും ഈ പ്രദേശത്തെ പ്രശ്‌നം പരിഹരിക്കാൻ ഇവർ ഇനിയും തയ്യാറായിട്ടില്ല. ജവഹർ നഗർ പോലെത്തന്നെ നഗരത്തിലെ മറ്റു ചില ഇടങ്ങളിലും ഇതേ നടപടി വാട്ടർ അതോറിറ്റി തുടരുകയാണ്. കുടിവെളം എന്ന അടിസ്ഥാന സൗകര്യം നിറവേറ്റാനായി, ഒരു തുള്ളി കുടിവെള്ളത്തിനായി തലസ്ഥാന നഗരത്തിലെ മനുഷ്യരുടെ കാത്തിരിപ്പ് ഇനിയും എത്രനാൾ തുടരണം എന്ന് വ്യക്തമാക്കേണ്ടത് കേരള വാട്ടർ അതോറിറ്റി തന്നെയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com