ചാവുനിലങ്ങളാകുന്ന കാവല്‍നിലങ്ങള്‍ 
Featured

ചാവുനിലങ്ങളാകുന്ന കാവല്‍നിലങ്ങള്‍ 

2019ല്‍ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കിരയായി മരണപ്പെട്ടവരില്‍ 60% പേരും പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ നിന്നുള്ളവരാണ്

Harishma Vatakkinakath

Harishma Vatakkinakath

ഭരണകൂട ദാസ്യത്തിലൂടെ സൃഷ്ടിച്ചെടുത്ത ഒരു വിഹാര ലോകത്തിരുന്ന്, നീതിയും നിയമവും തങ്ങള്‍ തന്നെയെന്ന് വരുത്തി തീര്‍ക്കുന്ന പോലീസ് സേന ജനാധിപത്യ ആശയങ്ങളുടെ കശാപ്പുകാരാകുമ്പോള്‍ കാവല്‍ നിലമാകേണ്ട പോലീസ് സ്റ്റേഷനുകള്‍ ചാവു നിലമാകുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്. പൗരന്‍റെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും, അവകാശങ്ങളും കാത്തു സൂക്ഷിക്കേണ്ട പോലീസ്, അധികാരത്തിന്‍റെയും സമ്പത്തിന്‍റെയും വരേണ്യതയുടെയും ദല്ലാളുകളായി വര്‍ത്തിക്കുമ്പോള്‍ നിരാലംബരായ മനുഷ്യജീവനുകള്‍ ചോരവാര്‍ന്ന് പൊലിയുന്നു.

പീഡനം, മനുഷ്യത്വരഹിതമായ അക്രമണങ്ങള്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവയ്ക്കെതിരെ 1987 ലെ കണ്‍വെന്‍ഷനില്‍ യുഎന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ (UN Convention against Torture and Other Cruel, Inhuman or Degrading Treatment or Punishment (UNCAT)) അംഗീകരിക്കാത്ത കേവലം ഒന്‍പത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. സുഡാന്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങളാണ് ഈ പട്ടികയില്‍പെടുന്ന മറ്റുള്ളവ. 2010ല്‍, യുഎസ് പ്രസിഡന്‍റായിരുന്ന ബരാക് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി പീഡന നിരോധന ബിൽ ലോക്സഭ പാസാക്കിയിരുന്നു. യുഎന്‍സിഎടി അംഗീകരിക്കുന്നതിലെ ആദ്യപടിയായിരുന്നു ഇത്. എന്നാല്‍, 2017ൽ ഇന്ത്യ, മൂന്നാമത്തെ യൂണിവേഴ്സൽ പീരിയോഡിക് റിവ്യൂ (യുപിആർ) യുഎൻ മനുഷ്യാവകാശ കൗൺസിലിന് മുമ്പാകെ സമർപ്പിച്ചപ്പോൾ, പീഡന വിരുദ്ധ ബില്ലിനെക്കറിച്ച് പരാമർശം പോലുമുണ്ടായില്ല, മറിച്ച് നിലവിലുള്ള ക്രിമിനൽ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ലോ കമ്മീഷന്റെ നിരന്തരമായ പരിശോധന നടക്കുന്നുണ്ടെന്നായിരുന്നു പ്രസ്താവന.

ജനസംഖ്യയുടെ ആറില്‍ ഒന്ന്, ഇന്ത്യയില്‍ പോലീസ് അരാജകത്വത്തിന് ഇരകളാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 39% ഉള്‍ക്കൊള്ളുന്നത് ദളിത്, മുസ്ലീം, ആദിവാസി വിഭാഗക്കാരണെന്നതാണ് വാസ്തവം. 2019ല്‍ ഇത്തരത്തില്‍ കസ്റ്റഡി മര്‍ദ്ദനങ്ങള്‍ക്കിരയായി മരണപ്പെട്ടവരില്‍ 60% പേരും പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ നിന്നുള്ളവരാണെന്ന് നാഷണല്‍ ക്യാമ്പെയിന്‍ എഗേന്‍സ്റ്റ് ടോര്‍ച്ചറിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ തടവറകളില്‍ കഴിയുന്ന പ്രതികളുടെ പട്ടികയില്‍ 53% പേരും ഈ വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നത് മറ്റൊരു സത്യം.

തൂത്തുക്കുടിയില്‍ പിതാവും പുത്രനും പോലീസ് മര്‍ദ്ദനത്തിനു പിന്നാലെ ദാരുണമായി കൊല്ലപ്പെട്ടത് തമിഴ്‌നാട്ടിലെ പോലീസ് തേര്‍വാഴ്ചയുടെ നേര്‍ച്ചിത്രം ഒന്നിനു പിറകെ ഒന്നായി പുറത്തു കൊണ്ടുവരുന്നുണ്ട്. പോലീസ് കസ്റ്റഡിയിലിരിക്കെ നിരപരാധികള്‍ കൊല്ലപ്പെടുന്നത് നമ്മുടെ രാജ്യത്ത് ഒരു പുതിയ കാര്യമല്ല. അത്രമാത്രം കസ്റ്റഡിമരണങ്ങളാണ് ഓരോ സംസ്ഥാനങ്ങളിലും വര്‍ഷാവര്‍ഷം നടന്നുകൊണ്ടിരിക്കുന്നത്

ശരീരത്തില്‍ ആണി തറയ്ക്കല്‍, വൈദ്യുതാഘാതമേല്‍പ്പിക്കല്‍, തീകൊണ്ട് പൊള്ളിക്കല്‍, ഉരുട്ടല്‍, കാല്‍പ്പാദങ്ങളില്‍ ലാത്തികൊണ്ടുള്ള അടി, കാല്‍മുട്ടുകള്‍ എതിര്‍ഭാഗത്തേക്ക് മടക്കല്‍, സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി തേക്കല്‍, മുറിവേല്‍പ്പിക്കല്‍, മുഖത്ത് മൂത്രമൊഴിക്കല്‍, വിരലുകളില്‍ സൂചികയറ്റല്‍, തലകീഴായി കെട്ടിത്തൂക്കല്‍ തുടങ്ങി അതിഭീകരമായ മൂന്നാം മുറകളാണ് ഇന്ത്യയിലെ പോലീസ് ലോക്കപ്പുകളില്‍ ഇന്നും അരങ്ങേറുന്നതെന്ന് നാഷണല്‍ ക്യാമ്പെയിന്‍ എഗേന്‍സ്റ്റ് ടോര്‍ച്ചറിന്‍റെ ഡയറക്ടര്‍ പരിതോഷ് ചക്മ പറയുന്നു. ലോകം ഇന്നെത്തിനില്‍ക്കുന്ന എല്ലാവിധ മനഷ്യാവകാശ സങ്കല്‍പ്പങ്ങളെയും വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യയിലെ പോലീസ് സംവിധാനങ്ങള്‍ ഇപ്പോഴും നടത്തിവരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

പരിതോഷ് ചക്മ
പരിതോഷ് ചക്മ

ജനാധിപത്യ ആശയങ്ങളില്‍ അധിഷ്ടിതമായ നമ്മുടെ രാജ്യം ഈ അവസ്ഥ ഗൗരവതരമായി ചര്‍ച്ച ചെയ്യേണ്ടതില്ലേ? ഭരണഘടനാ ബാധ്യതകളുള്ള പോലീസ് സംവിധാനം അധികാര താല്‍പ്പര്യങ്ങള്‍ സാധിച്ചെടുക്കാനും അത് നിലനിര്‍ത്താനുമുള്ള ഒരു മര്‍ദ്ദനോപാധി മാത്രമാകുന്നത് രാജ്യത്തിന്‍റെ നിലനില്‍പ്പിന് ആരോഗ്യകരമല്ല. അണിഞ്ഞിരിക്കുന്ന കാക്കിയുടെ ബലത്തില്‍ സാധാരണക്കാരുടെ പ്രാണനെടുക്കാനുള്ള അധികാരം ആരാണ് പോലീസിനു നല്‍കുന്നത്? എന്തുകൊണ്ടാണ് പോലീസുകാര്‍ പ്രതികളാകുന്ന ഇത്തരം കേസുകളില്‍ മാതൃകാപരമായ അന്വേഷണമോ, ശിക്ഷാ നടപടികളോ ഉണ്ടാകാത്തത്? നിരാലംബരായ മനഷ്യരുടെ നിലവിളികള്‍ക്ക് ഇടമാകാനുള്ളതല്ല ലോക്കപ്പുകള്‍. കാക്കിയെന്നോ കറുപ്പെന്നോ ഇല്ലാതെ അത് അപരാധികള്‍ക്ക് വേണ്ടി മാത്രം തുറക്കപ്പെടണം.

Anweshanam
www.anweshanam.com