പ്രമേഹ രോഗികള്‍ കോവിഡിനെ പേടിക്കണോ ?

പ്രമേഹ രോഗികളുടെ രോഗപ്രതിരോധ ശേഷിയെയാണ് കോവിഡ് ബാധിക്കുന്നത്.
പ്രമേഹ രോഗികള്‍ കോവിഡിനെ പേടിക്കണോ ?

കൊറോണാ അഥവാ കോവിഡ് 19 എന്ന വൈറസിനെതിരെ ലോകജനത ഒറ്റക്കെട്ടായ് പോരാടുകയാണ്. 2019 ഡിസംബര്‍ അവസാനത്തോടെ വുഹാന്‍ എന്ന ചൈനീസ് പ്രവിശ്യയിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഇപ്പോഴും ലോകത്തെ വീഴുങ്ങാനുള്ള ശ്രമം തുടരുകയാണ്.

ലോകാരോഗ്യ സംഘടന, ലോക രാജ്യങ്ങളിലെ സര്‍ക്കാരുകള്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ആരോഗ്യ മന്ത്രാലയം, ആരോഗ്യ വകുപ്പ് എന്നിവരുടെ ധീരമായ തീരുമാനങ്ങളും സമയോചിതമായ ഇടപെടലുകളും നമുക്ക് കരുത്ത് പകരുന്നുണ്ടെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണ്. ഈ സാഹചര്യത്തെ കൂടുതല്‍ ഭയപ്പാടോടെ നോക്കി കാണാതെ കൊറോണയെ പ്രതിരോധിക്കാനായി നാം എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം.

വൈറസ് എല്ലാ പ്രായക്കാരിലും ഒരുപോലെയാണ് ബാധിക്കുന്നത്. എന്നിരുന്നാലും പ്രായമുള്ളവരിലും വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍ ഉള്ളവരിലും ഹൃദ്രോഗം, പ്രമേഹം തുടങ്ങിയവ പോലുള്ള മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവരിലും കൂടുതല്‍ കഠിനമായ രോഗലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാകുന്നു. ഇതില്‍ എടുത്തു പറയേണ്ട ഒന്നാണ് പ്രമേഹരോഗികള്‍. പ്രധാനമായും പ്രമേഹ രോഗികളുടെ രോഗപ്രതിരോധ ശേഷിയെയാണ് വൈറസ് ബാധിക്കുന്നത്.

അതുകൊണ്ട് വൈറസിനെതിരെ പോരാടുന്നത് പ്രയാസകരമാക്കുകയും രോഗമുക്തി നേടുന്നത് വൈകുകയും ചെയ്യുന്നു. കൂടാതെ വൈറസ് ബാധയിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. ഇതേ തുടര്‍ന്നുണ്ടാകുന്ന സങ്കീര്‍ണതകള്‍ കാരണം ചികിത്സിക്കാന്‍ ബുദ്ധിമുട്ടാണെന്നും പഠനങ്ങള്‍ പറയുന്നു. മറ്റൊരു പ്രശ്‌നം രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസിന്റെ അളവ് വൈറസിന്റെ വളര്‍ച്ചയെ കൂട്ടുമെന്നാണ്.

പ്രതിരോധ പ്രതികരണത്തിലെ മാറ്റങ്ങളും കുറഞ്ഞ ഇന്റര്‍ഫെറോണ്‍ തോതും മൂലം പ്രമേഹ രോഗികള്‍ക്ക് പലവിധത്തിലുള്ള അണുബാധകള്‍ ഏല്‍ക്കാനുള്ള സാധ്യതയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ പഞ്ചസാരയുടെ തോത്, നിയന്ത്രണത്തില്‍ നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കേണ്ടതും അത്യാവശ്യമാണ്. പ്രത്യേകിച്ച് കാരണങ്ങളില്ലാതെ പഞ്ചസാരയുടെ തോത് ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡയബറ്റോളജിസ്റ്റിനെ കണ്ട് കഴിക്കുന്ന മരുന്നിന്റെ ഡോസും വ്യത്യാസപ്പെടുത്തണം. എടുത്ത പറയേണ്ട മറ്റൊരു കാര്യം ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും മൂലം ഇതുവരെ പ്രമേഹത്തിനു പിടികൊടുക്കാത്തവരില്‍ ചിലരെങ്കിലും കോവിഡ് ബാധയ്ക്ക് ശേഷം പ്രമേഹരോഗികളായി മാറുന്നുവെന്നതാണ്.

പ്രമേഹരോഗി കോവിഡ് ബാധിതനാകുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റം:

പ്രമേഹരോഗിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ വൈറസ് പ്രവേശിക്കുന്നതോടെ ആ വ്യക്തിയുടെ രോഗപ്രതിരോധശേഷി കുറയുന്നു. ഇത് പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനത്തെയും അതുവഴി ഇന്‍സുലിന്‍ ഉല്‍പാദനത്തെയും പ്രതികൂലമായി ബാധിക്കും. കൂടാതെ ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ വൈറസ് നശിപ്പിക്കുന്നു. ഇതോടെ ഇന്‍സുലിന്‍ തന്മാത്രകളെ തിരിച്ചറിയാനുള്ള ശരീരകലകളുടെ ശേഷിയും നഷ്ടപ്പെട്ടേക്കാം. ഇതുമൂലം ഇന്‍സുലിന്‍ റെസിസ്റ്റന്‍സും ടൈപ്പ് 2 പ്രമേഹവും പിടിപെടാന്‍ സാധ്യത വളരെ കൂടുതലാണ്.

മറ്റൊരു പ്രശ്‌നം. സൈറ്റോകൈന്‍ സ്റ്റോം എന്ന അവസ്ഥയാണ്. അതായത്, വൈറസിനെ ചെറുത്തുതോല്‍പിക്കാനുള്ള ശ്രമത്തിനിടയില്‍ ശരീരത്തിലെ പ്രധാന ആന്തരികാവയവങ്ങള്‍ക്ക് കേടുപാടു സംഭവിക്കുന്നു. ഇതേ തുടര്‍ന്ന് ഇന്‍സുലിന്‍ ഉല്‍പാദനം ക്രമീകരിക്കാന്‍ കഴിയാതെ വരുകയും ഇതിലൂടെ ഡയബറ്റിക് കീറ്റോ അസിഡോസിസ് പോലുള്ള സങ്കീര്‍ണാവസ്ഥയിലേക്കു വരെ എത്താനും കാരണമാകുന്നു.

പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിങ്ങള്‍ പ്രമേഹമുള്ള വ്യക്തിയാണെങ്കില്‍ ചുമ, പനി, ക്ഷീണം, തളര്‍ച്ച, പതിവിലേറെ വിശപ്പ്, ദാഹം മൂലം നാവു വരളുന്ന അവസ്ഥ, കാഴ്ചയിലുണ്ടാകുന്ന മങ്ങല്‍, മുറിവുകള്‍ ഉണങ്ങുന്നതില്‍ വരുന്ന കാലതാമസം, പതിവിലേറെ തവണ മൂത്രശങ്ക, ശരീരത്തില്‍ ഉണ്ടാകുന്ന മരവിപ്പ് , ശ്വാസതടസ്സം തുടങ്ങിയ ശാരീരിക അസ്വസ്ഥതകള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ഒരു ആരോഗ്യവിദഗ്ദനുമായി ബന്ധപ്പെടേണ്ടതാണ്.

ഇത് കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുകയും വേണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നതായി കണ്ടാല്‍ ആശുപത്രിയില്‍ എത്തി വിദ്ഗധ ചികിത്സ നേടണം.

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ എന്തെല്ലാം ചെയ്യാം:

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗ്ഗം വാക്സിനാണ്. ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്കും വാക്സീന്‍ കുത്തിവയ്പെടുക്കാം. എന്നാല്‍ എല്ലാവര്‍ക്കും വാക്സിന്‍ ലഭിക്കാന്‍ ഇനിയും ഒരുപാട് സമയമെടുക്കും. അതുകൊണ്ട് തന്നെ മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം വൈറ്റമിന്‍ സി, ബി കോംപ്ലക്സ്, സിങ്ക് ടാബ്ലറ്റുകള്‍ കഴിച്ച് രോഗപ്രതിരോധശേഷി ഉറപ്പാക്കാന്‍ ശ്രമിക്കാം. കൂടാതെ ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും പിന്തുടരുന്നത് വളരെയധികം ഗുണം ചെയ്യും. മാസ്‌ക്കും സാനിറ്റൈസറും ശീലമാക്കണം.

കൃതൃമായ ഇടവേളകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയായി സൂക്ഷിക്കണം. ശാരീരിക അകലം പാലിക്കുന്നതും നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുത്തതിന്‌ശേഷവും ഈ നിര്‍ദ്ദേശങ്ങള്‍ എല്ലാം കൃത്യമായി പാലിക്കണം. ഇനി എന്തെങ്കിലും കാരണവശാല്‍ കോവിഡ് പിടിപെട്ടാലും മനസ് തളരാതെ പോസിറ്റീവായി നേരിടണം.

പ്രമേഹം ഒരുപാട് ശ്രദ്ധവേണ്ട ഒരു രോഗമാണ്. അതുപോലെ തന്നെ കൊറോണ വൈറസും. കേരളത്തില്‍ മൂന്നില്‍ ഒരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പലരും പ്രമേഹ നിയന്ത്രിക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്തവരാണെന്നത് സത്യമാണ്. പ്രമേഹ രോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അഥവാ എച്ച്ബിഎവണ്‍സി ഒമ്പതില്‍ കൂടുതലായിരിക്കും. ഇത്തരക്കാര്‍ക്ക് വൈറസ് ബാധിച്ചാല്‍ ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 70 ശതമാനത്തിന് മുകളിലാണെന്ന് പഠനങ്ങള്‍ പറയുന്നു. പുതിയ ജനിതക വകഭേദങ്ങളുമായി കോവിഡ് വീണ്ടും ലോകത്ത് ആഞ്ഞടിക്കുമ്പോള്‍ പ്രമേഹ രോഗികള്‍ കൂടുതല്‍ ജാഗ്രതയോടെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷികമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com