നയ റിവേരയുടെ തിരോധാനം; 'ഗ്ലീ'യുടെ ദുരൂഹതകള്‍ ചര്‍ച്ചയാകുന്നു
Entertainment

നയ റിവേരയുടെ തിരോധാനം; 'ഗ്ലീ'യുടെ ദുരൂഹതകള്‍ ചര്‍ച്ചയാകുന്നു

ഗ്ലീയുമായി സഹകരിച്ച നിരവധി അഭിനേതാക്കള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നത്.  

By News Desk

Published on :

നടിയും ഗായികയും മോഡലുമായ നയാ റിവേരയെ കാണാതായതില്‍ വികാരം കൊണ്ട് സമൂഹമാധ്യമങ്ങള്‍. #FindNaya, #PrayForNaya തുടങ്ങി വിവിധ ഹാഷ്ടാഗുകളാണ് ട്വിറ്ററിലും മറ്റ് മാധ്യമങ്ങളിലും പ്രചരിക്കുന്നത്.

നയ റിവേര അഭിനയിച്ചിരുന്ന ഫോക്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന മ്യൂസിക്കൽ കോമഡി ഷോയായ 'ഗ്ലീ' യ്ക്ക് പുറകില്‍ ദുരൂഹതയുണ്ടെന്നാണ് പുതിയ ആരോപണം. ഗ്ലീയുമായി സഹകരിച്ച നിരവധി അഭിനേതാക്കള്‍ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമാകുന്നത്.

'ഗ്ലീ കഴ്സ്' എന്ന ആശയമാണ്, പരിപാടിയെ പഴിച്ചുകൊണ്ട് വ്യപകമായി പ്രചരിക്കുന്നത്. കോറി മോണ്ടൈത്തിന്റെ 2013 ലെ ദാരുണമായ നിര്യാണം, മാർക്ക് സാലിംഗിനെതിരായ ആരോപണങ്ങളും ആത്മഹത്യയും, ബെക്ക തോബിന്റെ കാമുകന്‍റെ മരണം തുടങ്ങി നയ റിവേരയ്ക്ക് സംഭവിച്ച അപകടം വരെ ചൂടപിടിച്ച ചര്‍ച്ചയാവുകയാണ്. പ്രസ്തുത ടെലിവിഷന്‍ പരിപാടിയില്‍ അഭിനയിച്ചവരുടെ ജീവിതത്തില്‍ ഇത്തരം അനിഷ്ടസംഭവങ്ങളുണ്ടാകുന്നത് സഹജമാകുന്നതായാണ് നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടുന്നത്.

നാല് വയസുകാരനായ മകനോടൊപ്പം ബോട്ടിൽ യാത്ര ചെയ്യുന്നതിനിടയില്‍ അമേരിക്കൻ നഗരമായ ലോസ് ആഞ്ജലസ് ഡൗൺടൗണിന് ഏകദേശം 90 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് ആയി സ്ഥിതി ചെയ്യുന്ന പീരു തടാകത്തിലാണ് നയ റിവേരയെ കാണാതായത്. ബുധനാഴ്ചയാണ് നടിക്കായുള്ള തെരച്ചിൽ ആരംഭിച്ചത്.

കാണാതാവുന്നതിന് തൊട്ട് മുൻപ് വരെ മകനോടൊപ്പമുള്ള ചിത്രം നയ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ബുധനാഴ്ചയാണ് നടി ബോട്ട് വാടകയ്ക്ക് എടുത്തതെന്ന് കെഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. ഇവരുടെ മകനെ ലൈഫ് ജാക്കറ്റ് ധരിച്ച നിലയിൽ ബോട്ടിൽ കണ്ടെത്തിയെന്നാണ് വിവരം. അങ്ങനെയെങ്കില്‍ നടി വെള്ളത്തിൽ മുങ്ങിപ്പോയിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

2009ല്‍ സംപ്രേഷണം ആരംഭിച്ച ഗ്ലീയുടെ 113 എപ്പിസോഡുകളില്‍ നയ അഭിനയിച്ചിരുന്നു. ചിയർ ലീഡറിന്റെ കഥാപാത്രമാണ് അവര്‍ അവതരിപ്പിച്ചുകൊണ്ടിരുന്നത്. 2015ലാണ് ഗ്ലീയുടെ സംപ്രേഷണം അവസാനിച്ചത്.

Anweshanam
www.anweshanam.com