ചാര്‍ളീസ് ഏഞ്ചല്‍സില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി താന്‍ഡി ന്യൂട്ടന്‍
Entertainment

ചാര്‍ളീസ് ഏഞ്ചല്‍സില്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി താന്‍ഡി ന്യൂട്ടന്‍

ചിത്രത്തിന്‍റെ ചര്‍ച്ചവേളയില്‍ താന്‍ നേരിട്ട അനുഭവം വെളിപ്പെടുത്തി താരം.

By News Desk

Published on :

വാഷിങ്ടണ്‍: ചാര്‍ളീസ് ഏഞ്ചല്‍സ് എന്ന ചിത്രത്തിലെ വേഷം നിരസിച്ചതിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഹോളിവുഡ് താരം താന്‍ഡി ന്യൂട്ടന്‍. ചിത്രത്തിന്‍റെ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ സംവിധായകന്‍ ജോസഫ് മഗിന്‍റി നിക്കോൾ തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചതായും, സോണി പിക്ചേഴ്സിന്‍റെ മേധാവിയായിരുന്ന ആമി പാസ്കല്‍ വംശീയമായി അധിക്ഷേപിച്ചതായും താരം തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ വള്‍ച്ചറിനു വേണ്ടി നല്‍കിയ അഭിമുഖത്തിലാണ് 47 കാരിയായ താന്‍ഡി ഇക്കാര്യം വെളിപ്പെടുത്തിയത്.

അതെസമയം,താന്‍ഡിയുടെ തുറന്നു പറച്ചിലിനോട് സംവിധായകന്‍ ജോസഫ് മഗിന്‍റി നിക്കോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, താന്‍ഡി പറഞ്ഞ സംഭവം താന്‍ ഓര്‍ക്കുന്നില്ലെന്നും അവരെ നല്ല സുഹൃത്തായാണ് താന്‍ കാണുന്നതെന്നുമായിരുന്നു ആമി പാസ്കലിന്‍റെ പ്രതികരണം. ഡ്രൂ ബാരിമോര്‍, ലൂസി ലിയു, കാമറൂണ്‍ ഡയസ്, എന്നിവര്‍ അഭിനയിച്ച ചാര്‍ളീസ് ഏഞ്ചല്‍സ് എന്ന അമേരിക്കന്‍ ആക്ഷന്‍ കോമഡി ആഗോളതലത്തിന്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു.

നിര്‍മ്മാതാക്കള്‍ക്കൊപ്പം ലൈംഗിക വേഴ്ചയ്ക്ക് തയാറാകാതിരുന്നതോടെ തനിക്ക് ലഭിക്കേണ്ട അവസരങ്ങള്‍ കുറഞ്ഞെന്ന വെളിപ്പെടുത്തലുമായി നടി താന്‍ഡി ന്യൂട്ടന്‍ ഇതിനു മുമ്പും രംഗത്ത് വന്നിരുന്നു. അഭിനേതാവ് എന്ന നിലയില്‍ ചിത്രത്തില്‍ അഭിനയിക്കുക മാത്രമല്ല, മറ്റ് പല കാര്യങ്ങള്‍ക്ക് കൂടി നിന്നുകൊടുക്കണം, അത് പറ്റില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതിനാല്‍ തന്റെ അവസരങ്ങള്‍ കുറഞ്ഞു, എന്നാല്‍ ആ തീരുമാനത്തില്‍ തനിക്ക് നഷ്ടബോധമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. ഹോളിവുഡിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരേ ഉയര്‍ന്ന മീടൂ മൂവ്മെന്റിന് ശക്തമായ പിന്തുണ നല്‍കിയ നടിയാണ് താന്‍ഡി ന്യൂട്ടന്‍.

Anweshanam
www.anweshanam.com