റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ ഗായകൻ സോമദാസ്‌ അന്തരിച്ചു

പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്
റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ ഗായകൻ സോമദാസ്‌ അന്തരിച്ചു

കൊല്ലം: ഗായകൻ സോമദാസ്‌ (42) അന്തരിച്ചു. ഗാനമേളകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായിരുന്നു സോമദാസ്. പുലർച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കൽ കോളജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

സ്റ്റാർ സിങ്ങർ (2008), ബിഗ് ബോസ് (2020) തുടങ്ങിയ ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയാണ് സോമദാസ് തിളങ്ങിയത്. അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റർ പെർഫെക്ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സോമദാസിന് വിദേശത്ത് നിരവധി ഷോകളിൽ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു. കലാഭവൻ മണിയുടെ ഇടപെടലിനെ തുടർന്നാണ് സോമദാസിന് സിനിമയിൽ അവസരം ലഭിച്ചത്.

കോവിഡ് ബാധയെ തുടർന്നാണ് സോമദാസിനെ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചത്. തുടർന്ന് വൃക്കരോ​ഗവും കണ്ടെത്തി. കോവിഡ് നെ​ഗറ്റീവായതിനെ തുടർന്ന് തീവ്ര പരിചരണ വിഭാ​ഗത്തിൽ നിന്ന് വാർഡിലേയ്ക്ക് മാറ്റാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.

കൊല്ലം ചാത്തന്നൂർ സ്വദേശിയാണ് സോമദാസ്‌. രാവിലെ 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പിൽ സംസ്കാര ചടങ്ങൾ നടക്കും. ഭാര്യയും നാല് പെൺമക്കളുമുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com