സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സ്കാർലെറ്റ് ജൊഹാൻസൺ വിവാഹിതയായി

ഹോളിവുഡ് താരം സ്കാർലെറ്റ് ജൊഹാൻസണും കൊമേഡിയനായ കോളിൻ ജോസ്റ്റും വിവാഹിതരായി. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അവഞ്ചേഴ്‌സ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയമായ നടിയാണ് സ്കാർലെറ്റ്. താരത്തിന്റെ മൂന്നാം വിവാഹമാണ് ഇത്. ഹോളിവുഡ് നടനായ റിയാൻ റെയ്നോൾഡ്സാണ് സ്കാർലെറ്റിന്റെ ആദ്യ ഭർത്താവ്. 2008–ൽ വിവാഹിതരായ ഇവർ 2010–ൽ വേർപിരിഞ്ഞു. പിന്നീട് ഫ്രഞ്ച് ബിസിനസ്സുകാരനായ റൊമെയ്ൻ ഡ്യൂറിക്കിനെ വിവാഹം ചെയ്‌തെങ്കിലും 2017 ൽ ഇരുവരും വിവാഹമോചിതരായി.

ജോജോ റാബിറ്റ്, മാര്യേജ് സ്റ്റോറി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിന് ഈ വർഷം രണ്ട് ഓസ്കാർ നോമിനേഷൻ ലഭിച്ച താരമാണ് സ്കാർലെറ്റ്. മാർവെലിന്റെ ബ്ലാക്ക് വിഡോയാണ് താരത്തിന്റെ ഈ വർഷം ഇറങ്ങാനിരുന്ന ചിത്രം. എന്നാൽ കൊവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത വർഷത്തേക്ക് മാറ്റി.

Related Stories

Anweshanam
www.anweshanam.com