സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
Entertainment

സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്

അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Geethu Das

Geethu Das

ന്യൂഡെല്‍ഹി: ബോളിവുഡ് താരം സഞ്ജയ് ദത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചു ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലാണ് അദ്ദേഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഉടന്‍ യുഎസിലേക്ക് പോകുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശേഖര്‍ സുമന്റെ മകനായ ആദിത്യ സുമനാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. "സഞ്ജു സാറിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചു. വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നു "- എന്നായിരുന്നു ആദിത്യ സുമന്‍ ട്വറ്ററില്‍ കുറിച്ചത്.

" ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ബോളിവുഡില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുന്നതായി നടന്‍ സഞ്ജയ് ദത്തും ട്വീറ്റ് ചെയ്തിരുന്നു. സിനിമകളില്‍ നിന്ന് തല്‍ക്കാലത്തേക്ക് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് സിനിമകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്റെ കുടുംബവും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. എന്റെ ആരാധകരാരും പേടിക്കേണ്ടതില്ല. ആവശ്യമില്ലാത്ത നുണ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്. എല്ലാം സുഖമായി ഞാന്‍ വേഗം തിരിച്ചുവരും" -സഞ്ജയ് ട്വീറ്റ് ചെയ്തു.

അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ബാബയ്ക്ക് പ്രാര്‍ഥനാശംസകളുമായി നിരവധി പേരാണ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസ്സം രൂക്ഷമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. ഫലം നെഗറ്റീവാണ്.

Anweshanam
www.anweshanam.com