വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

തമിഴ് ഭാഷയിലാണ് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി

ചെന്നൈ: നടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ നിന്ന് പിന്‍മാറിയതിനു പിന്നാലെയും നടനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുന്നതിനിടെയാണ് മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയത്- ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസമാണ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. തമിഴ് ഭാഷയില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് വിവാദമായതോടെ ഇതിനെതിരെ വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപാദയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

സന്ദേശമയച്ച ട്വിറ്റര്‍ യൂസറെ കണ്ടെത്തണമെന്നും ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ചിന്മയി പറഞ്ഞു. അഡയാര്‍ പൊലീസ് കമ്മീഷണറെ ടാഗ് ചെയ്തായിരുന്നു ചിന്മയിയുടെ വിമര്‍ശനം.

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിതം സിനിമയാകുന്ന 800 എന്ന ചിത്രത്തില്‍ മുരളിയായി വിജയ് സേതുപതിയെയാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറിയത്.

പ്രതിഷേധം ശക്തമായ ഘട്ടത്തില്‍ മുത്തയ്യ മുരളീധരന്‍ തന്നെ വിജയ് സേതുപതി ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. തമിഴ് വംശജര്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് താരത്തെ പറ്റിയുള്ള സിനിമ എന്തിനാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് എന്നാണ് സിനിമയ്‌ക്കെതിരെ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം.

ചിത്രത്തെ അനുകൂലിച്ചു കൊണ്ടും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് താരമായ മുത്തയ്യ മുരളീധരനെക്കുറിച്ചുള്ള സിനിമ ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് ഒരുവിഭാഗം ചോദിച്ചത്.

Related Stories

Anweshanam
www.anweshanam.com