നാളെ റിലീസിനിരിക്കെ മാസ്റ്ററിന്റെ ദൃശ്യങ്ങൾ ചോർന്നു; ഷെയർ ചെയ്യരുതെന്ന് സംവിധായകൻ

നാളെ റിലീസിനിരിക്കെ മാസ്റ്ററിന്റെ ദൃശ്യങ്ങൾ ചോർന്നു; ഷെയർ ചെയ്യരുതെന്ന് സംവിധായകൻ

കോവിഡ് കാലത്തെ കാത്തിരിപ്പിനൊടുവിൽ നാളെ റിലീസ് ചെയ്യുന്ന തമിഴ് സൂപ്പർ താരം വിജയ് നായകനായ 'മാസ്റ്റർ' സിനിമയിലെ ചില രംഗങ്ങൾ ചോർന്നു. ക്ലൈമാക്സ്​ രംഗങ്ങളാണ്​ കഴിഞ്ഞദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോ ആരും ഷെയർ ചെയ്യരുതെന്ന്​ സംവിധായകൻ ലോകേഷ്​ കനകരാജ്​ അഭ്യർഥിച്ചു.

'ഒന്നര വർഷത്തെ കഠിനപ്രയത്​നത്തിലൂടെയാണ്​ മാസ്റ്റർ നിങ്ങളുടെ മുന്നിലേക്ക്​ എത്തിക്കുന്നത്​. സിനിമ തിയറ്ററിൽ നിങ്ങൾ ആസ്വദിക്കുമെന്നാണ്​ ഞങ്ങളുടെ പ്രതീക്ഷ. സിനിമയിലെ ലീക്കായ ഭാഗങ്ങൾ നിങ്ങൾക്ക്​ കിട്ടുകയാണെങ്കിൽ അത്​ പങ്കുവെക്കരുത്​' -ലോകേഷ്​ കനകരാജ്​ ട്വിറ്ററിൽ കുറിച്ചു.

ഇളയദളപതി വിജയിയും മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന സിനിമ കോവിഡിന്​ ശേഷം തിയറ്ററുകളിൽ റിലീസ്​ ചെയ്യുന്ന ആദ്യ സിനിമയാണ്​. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. കേരളത്തിലടക്കം ചിത്രത്തിന്‍റെ റിലീസുണ്ട്​. 100 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. 2020 ഏപ്രിൽ ഒമ്പതിനായിരുന്നു ഈ ചിത്രത്തിന്‍റെ റിലീസ് ആദ്യം തീരുമാനിച്ചിരുന്നത്.

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ്, വിജയ് സേതുപതി എന്നിവരെ കൂടാതെ മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശാന്താനു ഭാഗ്യരാജ് എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com