വാരിയംകുന്നന്‍; സംഘപരിവറിന്‍റെ സൈബര്‍ ആക്രമണത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായി എം എ നിഷാദ്
Entertainment

വാരിയംകുന്നന്‍; സംഘപരിവറിന്‍റെ സൈബര്‍ ആക്രമണത്തില്‍ പൃഥ്വിരാജിന് പിന്തുണയുമായി എം എ നിഷാദ്

News Desk

News Desk

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായ സംഘപരിവറിന്‍റെ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പേര് കേട്ടാൽ ഇന്നും ശവകല്ലറയിൽ കിടക്കുന്ന വെളളക്കാരന്മാരുടെ ആത്മാക്കൾ പോലും പേടിച്ച് വിറക്കും. പിന്നെയെങ്ങനാണ് ഈ നാടിനെ ഒറ്റികൊടുത്ത ദേശവിരുദ്ധരായ കപട രാജ്യ സ്നേഹികൾക്ക് ഹാലിളകാതിരിക്കുകയെന്നു എം എ നിഷാദ് പരിഹസിച്ചു.

പൃഥ്വിരാജ്,ഒരു നടൻ മാത്രമല്ല നിലപാടുകളുളള ഒരു വ്യക്തി കൂടിയാണ്. അയാളത് തെളിയിച്ചിട്ടുമുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നത്,ആരുടെ മുഖത്ത് നോക്കിയും അയാൾ പറയും. അത് കൊണ്ട് തന്നെ അയാൾക്കെതിരേയുളള ഏതാക്രമത്തേയും എതിർക്കുക തന്നെ ചെയ്യുമെന്ന് നിഷാദ് ഫേസ്ബുക്ക്‌ കുറിപ്പില്‍ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ധീര യോദ്ധാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ സിനിമയാക്കുന്നതിനെതിരെ സംഘപരിവര്‍ പ്രതിഷേധം രൂക്ഷമായികൊണ്ടിരിക്കുകയാണ്. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായിരുന്ന കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം സിനിമയാക്കുന്നുവെന്ന പ്രഖ്യാപനം ഇന്നാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. വാരിയന്‍കുന്നന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികം ആചരിക്കുന്ന 2021ല്‍ ചിത്രീകരണം തുടങ്ങും.

സിനിമയുടെ പ്രഖ്യാപനത്തെ വലിയ ആവേശത്തോടെയാണ് വലിയൊരു വിഭാഗം പ്രേക്ഷകരും സ്വീകരിച്ചത്. എന്നാല്‍ ചിത്രത്തിനെതിരെ കടുത്ത വിമര്‍ശനവും ഭീഷണിയുമായാണ് സംഘപരിവര്‍ അണികള്‍ രംഗത്ത് വന്നിരിക്കുന്നത്. മലബാര്‍ ലഹളയെ ഹിന്ദു വിരുദ്ധ കലാപമെന്നാണ് സംഘപരിവാര്‍ നേരത്തെ മുതല്‍ വിശേഷിപ്പിക്കുന്നത്. കുഞ്ഞഹമ്മദ് ഹാജിയെ ഹിന്ദുക്കളെ കൊന്ന വര്‍ഗീയവാദിയായാണ് നാളിതുവരെ സംഘപരിവാര്‍ വിശേഷിപ്പിച്ച്‌ പോന്നിരുന്നത്.

സംവിധായകന്‍ ആഷിക് അബുവിനും നടന്‍ പൃഥ്വിരാജിനും പുറമെ ആഷികിന്‍റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനെതിരെ വരെ ആക്രമണം ശക്തമായിരിക്കുകയാണ്. പൃഥിരാജും ആഷിഖും റിമയും അടക്കമുള്ളവരുടെ പേജുകളില്‍ അഭ്യവും വര്‍ഗീയ കമന്റുകളും നിറഞ്ഞിരിക്കുകയാണ്.

Anweshanam
www.anweshanam.com