നിഗൂഢതകളിൽ തളം കെട്ടി 'ചുരുളി'; ട്രെയിലർ
Entertainment

നിഗൂഢതകളിൽ തളം കെട്ടി 'ചുരുളി'; ട്രെയിലർ

'ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

By Ruhasina J R

Published on :

നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലുള്‍പ്പെടെ ഏറെ ശ്രദ്ധ നേടിയ ‘ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചുരുളി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനിൽ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതെല്ലാം അടങ്ങുന്ന സിനിമയാണിതെന്ന സൂചനയാണ് ട്രെയിലർ കാണുമ്പോള്‍ ലഭിക്കുന്നത്.

ലോക്ക് ഡൗണിനു മുമ്പ് ഇടുക്കിയില്‍ 19 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ചിത്രമാണിത്. മൈലാടുംപറമ്പില്‍ ജോയ് എന്ന കഥാപാത്രത്തെ അന്വേഷിച്ചുകൊണ്ട് ചെമ്പന്‍ വിനോദ് ജോസും, വിനയ് ഫോര്‍ട്ടും കാട്ടിലേക്ക് എത്തുന്നതായാണ് കാണിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്‍റെ സിഗ്നേച്ചര്‍ സ്റ്റൈല്‍ പ്രേക്ഷകര്‍ക്ക് നൽകുന്ന ചിത്രമാകും ചുരുളിയെന്നും ട്രെയിലർ‍ പുറത്തിറങ്ങിയതോടെ ചർച്ചകള്‍ സജീവമായിട്ടുണ്ട്. നിഗൂഢത തളം കെട്ടി നിൽക്കുന്നൊരു കാടും അവിടെയുള്ള മനുഷ്യരുമൊക്കെയായി ഭയത്തിന്‍റെ, ദുരൂഹതയുടെ, മൂന്ന് മിനിറ്റിലേറെയുള്ള ദൃശ്യങ്ങളാണ് ട്രെയിലർ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

നടി മാലാ പാര്‍വതിയുടെ ശബ്‍ദത്തിലുള്ള വിവരണത്തോടെയാണ് ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനോയ് തോമസിന്‍റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു നീലകണ്ഠന്‍, എഡിറ്റിംഗ് ദീപു ജോസഫ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി തുടങ്ങിയവരാണ്.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടിനു പാപ്പച്ചനും അനിമേഷന്‍ ഡയറക്ടര്‍ ബലറാം ജെയും ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സും ശ്രീരംഗ് സജി സംഗീത സംവിധാനവും മാഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്‌സ് സേവ്യര്‍ മേക്കപ്പും നിര്‍വ്വഹിച്ചിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Anweshanam
www.anweshanam.com