എന്റെ ഹൃദയത്തിന്റെ പാതിയാണ് നിന്നോടൊപ്പം പോയത് സുശാന്ത്

സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചയാവുന്നത്
എന്റെ ഹൃദയത്തിന്റെ പാതിയാണ് നിന്നോടൊപ്പം പോയത് സുശാന്ത്

യുവനടൻ സുശാന്ത് സിങ് രജ്‌പുതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ നിന്നും ബോളിവുഡ് ഇതുവരെ കരകയറിയിട്ടില്ല. സുശാന്തിന്റെ മരണത്തിനു പിന്നിലെ കാരണങ്ങളെ കുറിച്ച് തലപുകക്കുകയാണ് ആരാധകർ. ഈ വിഷയത്തിൽ ബോളിവുഡ് രണ്ട് പക്ഷമായി തമ്മിലടിക്കുന്നതും നാം കാണുകയുണ്ടായി.

സുശാന്തിന്റെ അടുത്ത സുഹൃത്തും നടിയുമായ കൃതി സനോണിന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ ചർച്ചയാവുന്നത്. ഏറെ വൈകാരികമായ ഈ കുറിപ്പ് ഇരുവർക്കുമിടയിൽ നിലനിന്നിരുന്ന സൗഹൃദത്തിന്റെ നേർസാക്ഷ്യമാണ്. നിനക്കൊപ്പം പോയത് എന്റെ പാതി ഹൃദയമാണെന്നാണ് കുറിപ്പിൽ കൃതി പറയുന്നത്.

കൃതിയുടെ വാക്കുകൾ

"സുശ്, ബുദ്ധിയുള്ള മനസ്സ് നിന്റെ ആത്മ സുഹൃത്തും ഏറ്റവും മോശം ശത്രുവുമാണെന്ന് എനിക്കറിയാം. ജീവിക്കുകയെന്നതിനേക്കാള്‍ മരണമാണ് വളരെ എളുപ്പമെന്ന് തോന്നിയ ഒരു നിമിഷം നിന്റെ ജീവിതത്തില്‍ ഉണ്ടായി എന്നറിഞ്ഞത് എന്നെ പൂര്‍ണമായും തകര്‍ത്തു കളഞ്ഞു. ആ ഒരു നിമിഷത്തെ കടന്നുപോകാന്‍ നിനക്ക് ചുറ്റും ആളുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ഞാനാഗ്രഹിക്കുന്നു. നിന്നെ സ്നേഹിക്കുന്നവരെ നീ തള്ളിമാറ്റിയിട്ടില്ലായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ തകര്‍ത്തു കളഞ്ഞ കാര്യങ്ങള്‍ ശരിയാക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു. എന്റെ ഹൃദയത്തിന്റെ ഒരു പാതി നിനക്കൊപ്പം പോയി. മറുപാതി എപ്പോഴും നിന്നെ ജീവനോടെ നിലനിര്‍ത്തും. നിന്റെ സന്തോഷത്തിനായുള്ള പ്രാര്‍ത്ഥനകള്‍ ഒരിക്കലും അവസാനിപ്പിക്കില്ല, ഒരിക്കലുമതിന് കഴിയില്ല."

'റാബ്ത' എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. കൃതി സനോണ്‍, മുകേഷ് ചബ്ര, രോഹിണി അയ്യര്‍ എന്നിവരാണ് സിനിമാ ഇന്‍ഡസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളെന്ന് ഒരു അഭിമുഖത്തിനിടെ സുശാന്ത് വെളിപ്പെടുത്തിയിരുന്നു. കൃതി സനോണും മുകേഷ് ചബ്രയും സുശാന്തിന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്തിടുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com