മികച്ച സീരിയലിനുള്ള അവാർഡ് ഇല്ല; നിലവാരമില്ലാത്ത കണ്ണീർ സീരിയലുകൾക്ക് അവാർഡ് നൽകാനാവില്ലെന്ന് ജൂറി

'മികച്ച സീരിയൽ ആയി തെരഞ്ഞെടുക്കാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തതിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു'
മികച്ച സീരിയലിനുള്ള അവാർഡ് ഇല്ല; നിലവാരമില്ലാത്ത കണ്ണീർ സീരിയലുകൾക്ക് അവാർഡ് നൽകാനാവില്ലെന്ന് ജൂറി

സീരിയൽ, എന്ന കേട്ടാലേ മലയാളിക്ക് കണ്ണീരാണ്. കണ്ണീർ സീരിയലുകൾ എന്നാണ് പൊതുവെ സീരിയലുകളെ പറഞ്ഞു കേൾക്കാറുള്ളത് തന്നെ. അവിഹിതവും കുടുംബ വഴക്കും അമ്മായിയമ്മ പോരുമൊക്കെ തന്നെയാണ് ഇപ്പോഴും മലയാളം സീരിയലുടെ പ്രധാന വിഷയങ്ങൾ. ലോകം മുഴുവൻ സീരിയലുകളുടെ വിഷയത്തിലും നിർമാണത്തിലുമെല്ലാം വൻ മാറ്റങ്ങൾ വന്ന ഈ കാലത്തും മലയാളി കുടുംബ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് ഏറ്റവും മോശം സീരിയലുകളാണ് എന്ന വേണം മനസിലാക്കൻ, വിലയിരുത്താൻ.

ഇക്കാര്യം ഊട്ടി ഉറപ്പിക്കുയാണ് ഇത്തവണത്തെ സംസ്ഥാന ടെലിവിഷൻ അവാർഡ്. ഇത്തവണ മികച്ച ടെലി സീരിയൽ അവാർഡ് ഒരു സീരിയലിനും നൽകാതെയാണ് ജൂറി വിഷയത്തിൽ പ്രതിഷേധിച്ചത്. 'മികച്ച സീരിയൽ ആയി തെരഞ്ഞെടുക്കാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തതിനാൽ പുരസ്കാരം നൽകേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു' എന്നാണ് ജൂറി നൽകുന്ന വിശദീകരണം.

സിനിമ സംവിധായകനും നടനുമായ മധുപാലാണ് ജൂറി ചെയർമാൻ. എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം, സംവിധായകരായ സജി സുരേന്ദ്രൻ, എം എ നിഷാദ്, നടി അനുമോൾ, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്പർ സെക്രട്ടറി അജോയ് സി എന്നിവരാണ് പാനൽ അംഗങ്ങൾ. കഥ വിഭാഗത്തിലെ ഈ അംഗങ്ങളാണ് ഈ വർഷം മികച്ച സീരിയൽ നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത്. ഇവരുടെ ഈ തീരുമാനത്തെ അനുകൂലിച്ച് നിരവധി പേർ രംഗത്ത് വന്നു.

സൃഷ്ടികളുടെ നിലവാര തകർച്ചയാണ് മികച്ച ടെലി സീരിയൽ, കുട്ടികളുടെ ചിത്രം എന്നിവയ്ക്ക് അവാർഡ് നൽകേണ്ട എന്ന തീരുമാനത്തിലേക്ക് ജൂറിയെ എത്തിച്ചത്. മലയാളത്തെ സംബന്ധിച്ച് വിഷയ ദാരിദ്രം ഇല്ലെന്നിരിക്കെ തന്നെ ഒട്ടും നിലവാരമില്ലാത്ത സീരിയലുകളെ പുറത്തിറക്കുന്നത് അംഗീകരിക്കാനാവില്ല എന്നും ജൂറി ചൂണ്ടികാണിക്കുന്നു.

'നിലവാരമുള്ള സീരിയലുകൾ ഒന്നും ഇല്ലായിരുന്നു. പുതുതായി പ്രേക്ഷകർക്ക് എന്തെങ്കിലും നൽകുന്ന ഒന്നും തന്നെ ഇല്ല. മികച്ച പ്രമേയങ്ങൾ കൊണ്ടും കൃതികൾ കൊണ്ടും സമ്പന്നമായ മലയാളത്തിൽ അത്തരം സൃഷ്ടികളുമൊന്നും സീരിയലുകളിൽ ഉണ്ടാകുന്നില്ല. കലാ മൂല്യമുള്ള സീരിയലുകൾ പുറത്തിറക്കുന്നത് സീരിയൽ പ്രവർത്തകരുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വം കൂടിയാണ്. എന്തെങ്കിലും കാട്ടിക്കൂട്ടിയല്ല സീരിയലുകൾ ഉണ്ടാക്കേണ്ടത്. സീരിയലുകൾ ഏറ്റവും കൂടുതൽ കാണുന്ന കുടുംബ പ്രേക്ഷകരിലേക്ക് മാനുഷിക മൂല്യങ്ങൾ ഉള്ള സൃഷ്ടികൾ എത്തിക്കണം. സമൂഹത്തോട് പ്രതിബദ്ധത ഇല്ലാതെ പടച്ച് വിടുന്ന കണ്ണീർ സീരിയലുകൾ സമൂഹത്തിന്റെ വിപത്താണ്. ഇത്തരം സീരിയലുകൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തേണ്ടത്' - ജൂറി അംഗവും സംവിധായകനും നടനുമായ എം എ നിഷാദ് അന്വേഷണം.കോമിനോട് പ്രതികരിച്ചു.

അതേസമയം, നിലവാരമുള്ള പല സൃഷ്ടികളും ടെലിവിഷൻ രംഗത്ത് ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്നും അവാർഡ് പരിഗണനയ്ക്ക് എത്തുന്നില്ല എന്ന സത്യം ചലച്ചിത്ര അക്കാദമി തിരിച്ചറിയണമെന്നും ജൂറി വിമർശനം ഉന്നയിക്കുന്നുണ്ട്.

Related Stories

Anweshanam
www.anweshanam.com