'മിന്നല്‍ മുരളി'യുടെ സെറ്റ് തകര്‍ത്ത കേസ്; ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിരവധി കേസുകളില്‍ പ്രതിയായ രതീഷ് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് ഗുണ്ടാനിയമപ്രകരമുള്ള പൊലീസ് നടപടി
'മിന്നല്‍ മുരളി'യുടെ സെറ്റ് തകര്‍ത്ത കേസ്; ഒന്നാം പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കാലടിയിൽ 'മിന്നൽ മുരളി'യുടെ സെറ്റ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി കാര രതീഷിനെ കാപ്പ ചുമത്തി ജയിലിലടച്ചു. നിരവധി കേസുകളില്‍ പ്രതിയായ രതീഷ് ജാമ്യത്തിലിറങ്ങി കുറ്റകൃത്യങ്ങള്‍ തുടര്‍ന്നതോടെയാണ് ഗുണ്ടാനിയമപ്രകരമുള്ള പൊലീസ് നടപടി. കാലടി മണപ്പുറത്ത് മിന്നല്‍ മുരളി സിനിമയുടെ ഷൂട്ടിങ്ങിനായി നിര്‍മിച്ച സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഒന്നാംപ്രതിയാണ് മലയാറ്റൂര്‍ കാടപ്പാറ സ്വദേശിയായ കാര രതീഷ്. രതീഷ് മലയാറ്റൂര്‍ എന്ന പേരിലും അറിയപ്പെടുന്ന ഇയാള്‍ 'രാഷ്ട്രീയ ബജ്‌റംഗ് ദള്‍' എറണാകുളം വിഭാഗം പ്രസിഡന്റുമാണ്.

അങ്കമാലിയില്‍ നടന്ന വധശ്രമക്കേസില്‍ 2017 ല്‍ പറവൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ 10 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. ഈ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാണ് പ്രതി സിനിമ സെറ്റ് തകര്‍ത്തത്. തുടര്‍ന്ന് വീണ്ടും ഗുണ്ടാനിയമപ്രകാരം പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് നല്‍കിയ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി.

മുന്‍പും രണ്ടു തവണ രതീഷിനെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. 2016 ല്‍ കാലടിയില്‍ സനല്‍ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് കാര രതീഷ്. വധശ്രമം, മതസ്പര്‍ദ്ധ വളര്‍ത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ എറണാകുളം റൂറല്‍, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലായി ഒട്ടേറെ കേസുകളുണ്ട്. രതീഷിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ പൊലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ടൊവിനോ തോമസ് നായകനായ 'മിന്നല്‍ മുരളി' എന്ന സിനിമയ്ക്കായി മണപ്പുറത്തെ ശിവക്ഷേത്രത്തിനു സമീപം ക്രിസ്തീയ ദേവാലയത്തിന്‍റെ മാതൃകയിലായിരുന്നു സെറ്റ് സ്ഥാപിച്ചത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ(എ.എച്ച്‌.പി) യുവജന വിഭാഗമായ രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായിരുന്നു ആക്രമണത്തിനു പിന്നില്‍.രതീഷ് മലയാറ്റൂരിന്‍റെ നേതൃത്വത്തില്‍ ആയുധങ്ങളുമായെത്തിയ സംഘം സെറ്റ് പൊളിച്ച്‌ കേടുവരുത്തുകയായിരുന്നു.

Related Stories

Anweshanam
www.anweshanam.com