'ആ ലേലം മോഹന്‍ലാല്‍ അറിയാത്തത് നന്നായി'

എന്നാല്‍ പിന്നെ ഇപ്പൊ ശരിയാക്കിതെരാം.. മൊയ്ദീനേ.. ആ ചെറിേേേേേേയേ സ്‌ക്രൂഡ്രൈവറിങ്ങെടുക്ക്... ഈ ഡയലോഗ് ഇപ്പോഴും ആരും മറക്കാന്‍ വഴിയില്ല.
'ആ ലേലം മോഹന്‍ലാല്‍ അറിയാത്തത് നന്നായി'

എന്നാല്‍ പിന്നെ ഇപ്പൊ ശരിയാക്കിതെരാം.. മൊയ്ദീനേ.. ആ ചെറിേേേേേേയേ സ്‌ക്രൂഡ്രൈവറിങ്ങെടുക്ക്... ഈ ഡയലോഗ് ഇപ്പോഴും ആരും മറക്കാന്‍ വഴിയില്ല. 1988 ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ വെള്ളാനകളുടെ നാട് എന്ന സിനിമയിലെ ഡയലോഗാണിത്. ചിത്രം അന്ന് വന്‍ വിജയമായിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹലാലിനൊപ്പം ശോഭന, ശ്രീനിവാസന്‍, മണിയന്‍പിള്ള രാജു, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ജഗദീഷ്, കരമന ജനാര്‍ദ്ദനന്‍ നായര്‍, എം.ജി. സോമന്‍, കുതിരവട്ടം പപ്പു, സുകുമാരി, കെ.പി.എ.സി. ലളിത, ലിസി, ശങ്കരാടി, കുഞ്ചന്‍ എന്നിങ്ങനെ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു.

നടന്‍ ശ്രീനിവാസനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. താരങ്ങളെപോലെ ചിത്രത്തില്‍ റോഡ് റോളറും പ്രധാന കഥാപാത്രമായി എത്തുന്നു. സിനിമാ ചരിത്രത്തില്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന വെറെയൊരു റോഡ് റോളറും ഉണ്ടാവില്ല. കഴിഞ്ഞ ദിവസം അതുപോലൊരു റോഡ് റോളര്‍ ലേലം ചെയ്തിരുന്നു. ഈ സംഭവം മോഹന്‍ലാല്‍ അറിയാതിരുന്നത് നന്നായി എന്നാണ് നടനും നിര്‍മ്മാതാവുമായ മണിയന്‍ പിളള രാജു പറയുന്നത്. റേഡിയോ മാംഗോയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ ആ പഴയ റോഡ് റോളറുമായി ബന്ധപ്പെട്ട രസകരമായ കഥകളും താരം പങ്കുവെച്ചു.

ആ പഴയ റോഡ് റോളര്‍ ലേലം ചെയ്തത് മോഹന്‍ലാല്‍ അറിയാഞ്ഞത് നന്നായി എന്നാണ് മണിയന്‍ പിള്ള രാജു പറയുന്നത്. കാരണമെന്നെന്തോ ? പഴയ കിണ്ടിയും മൊന്തയുമൊക്കെ പൊന്നും വിലയ്ക്ക് വാങ്ങുന്ന ആളാണ് മോഹന്‍ലാല്‍. ലേലം അറിഞ്ഞിരുന്നെങ്കില്‍ അതും ലാല്‍ ഓടിച്ചെന്ന് വാങ്ങിച്ചേനെ. എന്‍.എന്‍.സാലിഹ് എന്ന കരാറുകാരനാണ് രണ്ടു ലക്ഷം രൂപയ്ക്ക് ലേലത്തിനെടുത്തത്. 'വെള്ളാനകളുടെ നാട്' എന്ന സിനിമയില്‍ ഇതേ ത്രീവീല്‍ഡ് സ്റ്റാറ്റിക് റോളറാണ് ഉപയോഗിച്ചതെന്ന് ജീവനക്കാരില്‍ പലരും പറയാറുണ്ടെന്ന് പിഡബ്ല്യൂഡി സൗത്ത് സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ. പ്രസാദ് റേഡിയോ മാംഗോയില്‍ പറഞ്ഞിരുന്നു. വെള്ളനകളുടെ നാട് എന്ന ചിത്രത്തിലെ രസകരമായ സംഭവവും രാജു റേഡിയോ മാംഗോയില്‍ പങ്കുവെച്ചു.

ഷൂട്ടിങ്ങിന് നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍കെ മാറ്റി എഴുതേണ്ടി വന്ന കഥയാണ് വെളളാനകളുടെ നാടിന്റേതെന്ന് മണിയന്‍ പിള്ളരാജു പറഞ്ഞു. ആദ്യത്തെ കഥ അത്ര പോരെ പുതിയ കഥ വേണമെന്ന് പ്രിയനോട് ശ്രീനി പറയുകയായിരുന്നു.. ആ ദിവസം എല്ലാ താരങ്ങളും സാങ്കേതിക വിദഗ്ധരും കോഴിക്കോട് മഹാറാണി ഹോട്ടലില്‍ എത്തിയിരുന്നു. തുടര്‍ന്ന് മാല്‍ഗുഡി ഡേയ്‌സ് എന്ന നോവലില്‍ ജപ്തി ചെയ്ത റോഡ് റോളര്‍ ആന വലിച്ച് കൊണ്ട് പോകുന്ന രംഗമുണ്ട്. അതിനെ അടിസ്ഥാനമാക്കി ഒരു കഥ വികസിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ ആ സമയം ശ്രീനിവാസന്‍ പൊന്‍മുട്ടയിടുന്ന താറാവ് എന്ന സിനിമയുടെ തിരക്കുമായി ഗുരുവായൂരിലായിരുന്നു.

തുടര്‍ന്ന് ഓരോ ദിവസവും ചിത്രീകരിക്കേണ്ട സീനുകള്‍ മഹാറാണിയിലേയ്ക്ക് ഫോണ്‍ വഴി വിളിച്ച് പറഞ്ഞ് കൊടുക്കുമായിരുന്നു. ചിലപ്പോള്‍ ഗുരുവായൂര്‍ ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന ലോറികളില്‍ സീനുകളെഴുതിയ കടലാസ് കൊടുത്ത് അയച്ചിട്ടുണ്ട്. ലൊക്കേഷനിലെ ജനറേറ്റര്‍ സ്റ്റാര്‍ട്ട് ചെയ്താലെ ശ്രീനിവാസന് എഴുത്ത് വരുകയുള്ളൂ എന്നും മണിയന്‍ പിള്ള രാജു അഭിമുഖത്തില്‍ പറഞ്ഞു. വെറും 20 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സിനിമയ്ക്ക് വേണ്ടി ദിവസവും 1000 രൂപ വാടക നല്‍കിയാണ് അന്ന് പിഡബ്ല്യൂഡിയില്‍ നിന്ന് റോഡ് റോളര്‍ വാങ്ങിയത്.

Related Stories

Anweshanam
www.anweshanam.com