ഐഎഫ്‌എഫ്‌കെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ

മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും
ഐഎഫ്‌എഫ്‌കെ രജിസ്‌ട്രേഷൻ ഇന്ന് മുതൽ

തിരുവനന്തപുരം: കേരളത്തിന്റെ ചലച്ചിത്ര പൂരത്തിൽ പങ്കെടുക്കാനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് തുടങ്ങും. കോവിഡ് പശ്ചാത്തലത്തിൽ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (ഐഎഫ്‌എഫ്‌കെ) നാലു മേഖലയിലായിട്ടാണ് സംഘടിപ്പിക്കുന്നത്. registration.iffk.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. മേളയുടെ ഉദ്ഘാടനം തിരുവനന്തപുരത്തും സമാപനം പാലക്കാടും ആയിരിക്കും.

തിരുവനന്തപുരത്ത് 10 മുതൽ 14 വരെയും കൊച്ചിയിൽ 17 മുതൽ 21 വരെയും തലശ്ശേരിയിൽ 23 മുതൽ 27 വരെയും പാലക്കാട് മാർച്ച് 1 മുതൽ 5 വരെയുമാണ്‌ മേള നടക്കുക. പ്രതിനിധികൾ സ്വദേശം ഉൾപ്പെടുന്ന മേഖലയിലെ മേളയിൽ രജിസ്‌റ്റർ ചെയ്യണം. തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട), കൊച്ചി (ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ), പാലക്കാട് (പാലക്കാട്, മലപ്പുറം, വയനാട്, തൃശൂർ), തലശ്ശേരി (കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട്‌) എന്നിങ്ങനെയാണ്‌ മേഖലകൾ.

ഒരാൾക്ക്‌ ഒരു മേഖലയിൽ മാത്രമേ രജിസ്‌റ്റർ ചെയ്യാനാകൂ. മറ്റ്‌ ജില്ലകളിൽ ജോലി ചെയ്യുന്നവർക്ക്‌ ആ മേഖലയിൽ രജിസ്‌റ്റർ ചെയ്യാം. ഡെലിഗേറ്റ് ഫീസ് പൊതുവിഭാഗത്തിന് 750 രൂപയും വിദ്യാർഥികൾക്ക് 400 രൂപയുമായി കുറച്ചതായി ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അറിയിച്ചു.

ഡെലിഗേറ്റ് പാസ് വാങ്ങുംമുമ്പ് സൗജന്യ കോവിഡ് ടെസ്റ്റ് നടത്താനുള്ള സജ്ജീകരണമുണ്ടാകും. ടെസ്റ്റ് നെഗറ്റീവ് ആയവർക്കു മാത്രമേ പാസ് നൽകൂ. 48 മണിക്കൂർ മുമ്പ്‌ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പാസ് നൽകും. തിയറ്ററിൽ സീറ്റുകളുടെ പകുതി എണ്ണത്തിൽ മാത്രമേ പ്രവേശനമുണ്ടാകൂ.

തിരുവനന്തപുരത്ത് കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി. കൊച്ചിയിൽ സരിത, സവിത, സംഗീത, ശ്രീധർ, കവിത, പദ്മ സ്‌ക്രീൻ-1. തലശ്ശേരിയിൽ മൂവി കോംപ്‌ളെക്‌സിലുള്ള അഞ്ച് തിയറ്ററുകൾ, ലിബർട്ടി മൂവി ഹൗസ്‌. പാലക്കാട് പ്രിയ, പ്രിയദർശിനി, പ്രിയതമ, സത്യ മൂവീസ്, ശ്രീദേവി ദുർഗ എന്നീ തിയേറ്ററുകലിലായിട്ടാകും ചലച്ചിത്ര മേള നടക്കുക.

വിവിധ വിഭാഗങ്ങളിലായി 50 ഓളം രാജ്യങ്ങളിൽനിന്നുള്ള 80 ചിത്രം പ്രദർശിപ്പിക്കും. എല്ലാ ഇടങ്ങളിലും ഒരേ സിനിമകൾ തന്നെയാണ് പ്രദർശിപ്പിക്കുക.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com