മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് ജന്മദിനം

41ാം പിറന്നാള്‍ ആഘോഷിക്കുന്ന മഞ്ജുവിന്റെ തരംഗം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് ജന്മദിനം

മലയാളീ പ്രേക്ഷകര്‍ ഏറെ സ്‌നേഹിക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ഒറ്റ ചിത്രം കൊണ്ട് മഞ്ജു മലയാള സിനിമയില്‍ തരംഗം സൃഷ്ടിച്ചു. 1995 മുതല്‍ 1999 വരെയുള്ള കാലഘട്ടത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു മഞ്ജു പ്രേക്ഷകര്‍ക്കായി നല്‍കിയത്. പുതുതലമുറയില്‍ പോലും മഞ്ജുവിന് ആരാധകരുണ്ട്. സിനിമയിലൂടെ നടി സൃഷ്ടിച്ച ശക്തമായ കഥാപാത്രങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കുന്നു. രണ്ടാം വരവിലും ഗംഭീര പ്രേക്ഷക സ്വീകാര്യതയായിരുന്നു മഞ്ജുവിന് ലഭിച്ചത്. 41ാം പിറന്നാള്‍ ആഘോഷിക്കുന്ന മഞ്ജുവിന്റെ തരംഗം സൃഷ്ടിച്ച കഥാപാത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ലോഹിതദാസ് തിരക്കഥ എഴുതി സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. സംവിധായകന്‍ സുന്ദര്‍ദാസിന്റേയും ആദ്യ ചിത്രമായിരുന്നു ഇത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ദിലീപ്, മനോജ് കെ. ജയന്‍, കലാഭവന്‍ മണി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാള അരവിന്ദ്, എന്‍എഫ് വര്‍ഗീസ് തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യര്‍ മാറിയത്. അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കത്തുന്ന അനുഭവങ്ങളായി താരം സെല്ലുലോയിഡില്‍ തിളങ്ങുകയാണ്. മികച്ച നര്‍ത്തകി കൂടിയാണ് താരം. സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവര്‍ണങ്ങളിലെ ആരതി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖര്‍, ആമി, ദയ, സൈറാ ബാനു... തുടങ്ങിയ കഥാപാത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസില്‍ ഇടം നേടി. 14 വര്‍ഷങ്ങള്‍ നീണ്ട ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മലയാള സിനിമ മഞ്ജുവിനെ ചേര്‍ത്ത് പിടിച്ചു.

സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം, മോഹന്‍ലാലിനൊപ്പം മരക്കാര്‍, മമ്മൂട്ടിക്കൊപ്പം ദ പ്രിസ്റ്റ്, സന്തോഷ് ശിവന്‍ ജാക്ക് ആന്‍ഡ് ജില്‍, സഹോദരനായ മധു വാര്യരുടെ ലളിതം സുന്ദരം എന്നീ സിനിമകളാണ് മഞ്ജുവിന്റെതായി പുറത്തിറങ്ങാനുള്ളത്.

Related Stories

Anweshanam
www.anweshanam.com