ഹിന്ദു മതവികാരം വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ കേസ്

മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ അഭിമന്യു പവാറിന്‍റെ പരാതിയിലാണ് കേസ്
ഹിന്ദു മതവികാരം വ്രണപ്പെടുത്തി; അമിതാഭ് ബച്ചനെതിരെ കേസ്

ന്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ കേസ്. അദ്ദേഹം അവതാരകനായെത്തുന്ന 'കോൻ ബനേഗ ക്രോർപതി'എന്ന ടിവി ഷോയില്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച്‌ ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് താരത്തിനും പരിപാടിയുടെ നിർമ്മാതാക്കൾക്കുമെതിരെ ലഖ്നൗവിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ അഭിമന്യു പവാറിന്‍റെ പരാതിയിലാണ് കേസ്. കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകനാണ് ബച്ചന്‍.

ഒക്ടോബര്‍ 30ന് സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് പരാതിക്ക് കാരണമായ ചോദ്യം. സോഷ്യൽ ആക്ടിവിസ്റ്റ് ബേസ്വാദ വിൽസൺ, അഭിനേതാവ് അനൂപ് സോണി എന്നിവരായിരുന്നു അന്നത്തെ എപ്പിസോഡിലെ മത്സാർഥികൾ. 1927 ഡിസംബർ 25ന് ഡോ.ബി.ആർ അംബേദ്കറും അദ്ദേഹത്തിന്‍റെ അനുയായികളും ചേർന്ന് ഏത് രചനയുടെ കോപ്പികളാണ് കത്തിച്ചതെന്നായിരുന്നു ചോദ്യം. ഉത്തരങ്ങളായി വിഷ്ണു പുരാണ, ഭഗവദ് ഗീത, ഋഗ്വേദ്, മനുസ്മൃതി തുടങ്ങിയ ഓപ്ഷനുകളും നല്‍കി. മത്സരാർഥികൾ 'മനുസ്മൃതി' എന്ന് ശരിയായ ഉത്തരവും നല്‍കി. ഉത്തരം ശരിയാണെന്ന് അറിയിച്ച അവതാരകൻ അമിതാഭ് ബച്ചൻ, പുരാണ ഹൈന്ദവ കൃതിയായ മനുസ്മൃതിയെ അംബേദ്കർ എതിർത്തിരുന്നുവെന്നും അതിന്‍റെ കോപ്പികൾ കത്തിച്ചിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്തു.

ഹിന്ദു മതവികാരം വ്രണപ്പെടുത്തുകയായിരുന്നു ചോദ്യത്തിന്‍റെ ലക്ഷ്യമെന്ന് അഭിമന്യു പവാര്‍ പരാതിയില്‍ പറയുന്നു. ഉത്തരമായി നല്‍കിയ നാല് ഓപ്ഷനുകളും ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളെ അവഹേളിക്കാനും ഹിന്ദുക്കളെയും ബുദ്ധമതക്കാരെയും തമ്മിലടിപ്പിക്കാനും ശ്രമം നടക്കുന്നതായി എം.എല്‍.എ ആരോപിച്ചു.

Related Stories

Anweshanam
www.anweshanam.com