ഒടുവിലെ യാത്ര കണ്ണുകൾ ദാനം ചെയ്‌ത്‌, സച്ചിയുടെ സംസ്‌കാരം ഇന്ന്
Entertainment

ഒടുവിലെ യാത്ര കണ്ണുകൾ ദാനം ചെയ്‌ത്‌, സച്ചിയുടെ സംസ്‌കാരം ഇന്ന്

മൃതദേഹം ഹൈക്കോടതി പരിസരത്ത്​ പൊതുദര്‍ശനത്തിന്​ വെച്ചശേഷം വീട്ടിലേക്ക്​ കൊണ്ടുപോകും

By Thasneem

Published on :

തൃശൂര്‍: ഹിറ്റുകളുടെ നടുവിൽ നിന്ന് മലയാളം സിനിമക്ക് അപ്രതീക്ഷിത ദുഃഖം സമ്മാനിച്ച് വിടവാങ്ങിയ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്​തു. സച്ചിയുടെ മൃതദേഹം കൊച്ചിയിലേക്ക്​ കൊണ്ടുപോയി. മൃതദേഹം ഹൈക്കോടതി പരിസരത്ത്​ പൊതുദര്‍ശനത്തിന്​ വെച്ചശേഷം വീട്ടിലേക്ക്​ കൊണ്ടുപോകും. മൃതദേഹം വൈകിട്ട്​ മൂന്നിന്​ കൊച്ചി രവിപുരം ശ്​മശാനത്തില്‍ സംസ്​കരിക്കും.

വ്യാഴാഴ്​ച രാത്രിയാണ്​ സച്ചി അന്തരിച്ചത്​. തിങ്കളാഴ്​ച സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ്​ മാറ്റിവെക്കല്‍ ശസ്​ത്രക്രിയക്ക്​ ശേഷമുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ്​ ഇദ്ദേഹത്തി​​െന്‍റ നില ഗുരുതരമായത്​. തുടര്‍ന്ന്​ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക്​ മാറ്റി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന്​ തീവ്രപരിചരണ വിഭാഗത്തിലേക്ക്​ മാറ്റി. തുടര്‍ന്ന്​ ഇന്നലെ രാത്രി വീണ്ടും ഹൃദയഘാതം സംഭവിക്കുകയായിരുന്നു.

എന്നാൽ, സച്ചിയുടെ ഇടുപ്പ്​ മാറ്റ ശാസ്​ത്രക്രിയയില്‍ പിഴവുണ്ടായിട്ടില്ലെന്ന് സച്ചിയെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്​ടര്‍ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്​ഥാന രഹിതമാണ്​. ശസ്​ത്രക്രിയക്ക്​ ശേഷം സച്ചി ആരോഗ്യവാനായിരുന്നുവെന്നും​ ഡോക്ടർ പറഞ്ഞു.

2007ല്‍ ചോക്കളേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പമാണ് സച്ചി തിരക്കഥാകൃത്തായി രംഗപ്രവേശനം ചെയ്തത്. റോബിന്‍ഹുഡ്​, മേക്കപ്​മാന്‍, സീനിയേഴ്​സ്​, ഡബിള്‍സ്​ എന്നീ സിനിമകള്‍ക്ക് സച്ചി-സേതു കൂട്ടുകെട്ട് തിരക്കഥയൊരുക്കി. 2012ല്‍ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിലൂടെയാണ് സച്ചി സ്വതന്ത്ര തിരക്കഥാകൃത്തായത്. ചേട്ടായീസ്​, ഷെര്‍ലക്​ ടോംസ്​, രാമലീല എന്നീ ചിത്രങ്ങള്‍ക്കും തിരക്കഥയൊരുക്കി.

2015ല്‍ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് സച്ചി സംവിധാനം ചെയ്ത ആദ്യ ചിത്രം. അതിനു ശേഷം സംവിധാനം ചെയ്തത് പൃഥ്വിരാജ്, ബിജുമേനോൻ എന്നിവ മുഖ്യകഥാപാത്രമായ അയ്യപ്പനും കോശിയുമായിരുന്നു. സിനിമയുടെ തിരക്കഥയും സച്ചിയുടേതാണ്. സച്ചിയുടെ പ്രതിഭ തീ പടർത്തുന്ന കൂടുതൽ സിനിമകൾ സിനിമാ ലോകം പ്രതീക്ഷിച്ചിരിക്കവെയാണ് അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിടവാങ്ങൽ.

Anweshanam
www.anweshanam.com