എല്ലാ ദിനങ്ങളും മാതാപിതാക്കള്‍ക്കുള്ളതല്ലേ?എംഎ നിഷാദ് 

ഈ പിതൃദിനത്തില്‍ വെള്ളിത്തിരയിലെ ചില അച്ഛന്‍ കഥാപാത്രങ്ങളെ ഓര്‍ക്കുകയാണ് സംവിധായകന്‍ എം.എ നിഷാദ്
എല്ലാ ദിനങ്ങളും മാതാപിതാക്കള്‍ക്കുള്ളതല്ലേ?എംഎ നിഷാദ് 

ഈ പിതൃ ദിനത്തില്‍, മനസ്സിനെ സ്പര്‍ശിച്ച വെളളിത്തിരയിലെ ചില അച്ഛന്‍ കഥാപാത്രങ്ങളുടെ ഓര്‍മ്മ പുതുക്കി സംവിധായകന്‍ എം.എ നിഷാദ്. ഓടയിൽ നിന്നിലെ പപ്പു മുതൽ അമരത്തിലെ അച്ചൂവും,ഡംഗലിലെ മഹാവീർ സിംഗും, കിരീടത്തിലെ ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായരും, അദ്ദേഹം തന്നെ സംവിധാനം ചെയ്ത വൈരത്തിലെ ശിവരാജനും തുടങ്ങി പ്രേക്ഷക ഹൃദയത്തില്‍ ഇന്നും ജീവിക്കുന്ന അച്ഛന്‍ കഥാപാത്രങ്ങളെക്കുറിച്ചുള്ള കുറിപ്പാണ് നിഷാദ് ഫേസ്ബുക്കിലൂടെ പങ്കു വച്ചത്.

മാതാപിതാക്കളെ ഓമ്മിക്കാൻ വേണ്ടി ഒരു ദിനത്തിന്‍റെ ആവശ്യമുണ്ടോ? എല്ലാ ദിനവും അവർക്കുളളതല്ലേ...? ഇങ്ങനെയാണ് നിഷാദിന്‍റെ പോസ്റ്റിന്‍റെ തുടക്കം. "സിനിമ പലപ്പോഴും സമൂഹത്തിന്‍റെ പ്രതിഫലനം തന്നെയാണ്...കഥയും, കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നത് ജീവിതത്തിൽ നിന്ന് തന്നെയാണ്...ഏതൊരു കഥാകാരന്‍റെ മനസ്സിലും ഒരു കഥാപാത്രം രൂപപ്പെടുമ്പോൾ തന്നെ അയാൾ കണ്ടതോ കേട്ടതോ അല്ലെങ്കിൽ അയാൾക്ക് പരിചിതമായ ഏതെങ്കിലും സംഭവങ്ങളോ അറിയാതെ ഇടം പിടിച്ചിരിക്കും," നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചു.

ലോഹിതദാസിന്‍റെ തിരക്കഥയിൽ, ഭരതൻ സംവിധാനം ചെയ്ത അമരം എന്ന ചിത്രത്തിൽ, അച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളത്തിലെ മഹാ നടൻ മമ്മൂട്ടിയാണെങ്കിലും ഒരു സീനിൽ പോലും നമ്മുക്ക് മമ്മൂട്ടിയെ കാണാൻ കഴിയില്ല..കാരണം അദ്ദേഹം അച്ചൂട്ടി എന്ന കഥാപാത്രമായി ജീവിക്കുകയായിരുന്നു. മെതേഡ് ആക്റ്റിംഗിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി, അഭിനയ മോഹമുളളവർക്കും,സിനിമാ വിദ്യാർത്ഥികൾക്കും ഇതിനെ കാണാം. ഒരച്ഛന് മകളോടുളള അതിയായ സ്നേഹവും കരുതലും നാം കണ്ടു.

പെൺമക്കൾ ഉണ്ടായപ്പോഴും പതറാതെ,അവരെ ലോകം അറിയുന്ന ഗുസ്തിക്കാരാക്കണമെന്ന നിശ്ചയ ദാർഢ്യം, അതായിരുന്നു ഡംഗലിലെ മഹാവീർ സിംഗിന്റെ മുഖമുദ്ര. മിക്കവാറും നമ്മുടെയെല്ലാം പിതാക്കളിൽ ഒരു മഹാവീർ സിംഗ് ഒളിഞ്ഞിരിപ്പുണ്ടാകും...ആമിർ ഖാൻ എന്ന മികച്ച നടൻ മഹാവീർ സിംഗ് എന്ന കഥാപാത്രമാകാൻ എടുത്ത തയ്യാറെടുപ്പുകൾ ഇന്ത്യയില്‍ മറ്റേതെങ്കിലും നടൻ എടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.

പോലീസുകാരനാണെങ്കിലും പോലീസിന്റെ ഗൗരവമൊന്നുമില്ലാത്ത, വാത്സല്ല്യ നിധിയായ ഒരച്ഛനായിരുന്നു കിരീടത്തിലെ ഹെഡ് കോൺസ്റ്റബിൾ അച്ചുതൻ നായര്‍. ലോഹിതദാസിന്‍റെ കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ തിലകനെന്ന അതുല്യ പ്രതിഭയ്ക്ക് ഒരു പ്രത്യേക ഊർജ്ജമാണ്, അത് അഭ്രപാളിയിൽ നമ്മുക്ക് കാണാം. മകൻ ഗുണ്ടയായി മാറുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കുന്ന അച്ഛന്റെ വേദന, അത് അവതരിപ്പിച്ചത് തിലകനല്ല..ഏതോ ഒരു അച്ചുതൻ നായരാണെന്ന് നമ്മളെ വിശ്വസിപ്പിച്ച മഹാനടനാണ് തിലകൻ.

പെൺമക്കളുളള ആയിരകണക്കിന് മാതാപിതാക്കൾക്കുളള സന്ദേശമാണ് തന്‍റെ വൈരം എന്ന സിനിമയെന്നും നിഷാദ് കൂട്ടിച്ചേര്‍ത്തു. മഞ്ചേരിയിൽ നടന്ന കൃഷ്ണപ്രിയ വധക്കേസാണ് വൈരത്തിന്‍റെ പ്രമേയം. "ഈ കഥ രൂപപ്പെട്ടപ്പോൾ തന്നെ,അച്ഛനെ അവതരിപ്പിക്കാൻ ഞാനാദ്യം സമീപിച്ചത് അന്തരിച്ച പ്രിയ നടൻ ശ്രീ മുരളിയേയാണ്...അദ്ദേഹം ഒരു തമിഴ് സിനിമയുടെ തിരക്ക് കാരണം ഡേറ്റ് തരാൻ കഴിഞ്ഞില്ല...ആ സമയത്താണ് വസന്തബാലൻ സംവിധാനം ചെയ്ത വെയിലെന്ന തമിഴ് സിനിമ ഞാൻ കണ്ടത്, അതിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ച പശുപതി എന്ന നടന്‍റെ രൂപം എന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല...അന്ന് തന്നെ ഞാൻ തീരുമാനിച്ചു എന്റ്റെ കഥയിലെ നായകൻ പശുപതി തന്നെ," നിഷാദ് എഴുതി. ഇതുപോലെ ഒരുപാട് അച്ഛൻ കഥാപാത്രങ്ങൾ ഇനിയുമുണ്ടെന്നും ഈ പിതൃ ദിനം അവര്‍ക്കുള്ളതാണെന്നും പറഞ്ഞാണ് നിഷാദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com