വാരിയം കുന്നന്‍ വിവാദമാകുമ്പോള്‍ സ്ട്രീമിങ് വാല്യു കുതിച്ചുയരുന്നു
Entertainment

വാരിയം കുന്നന്‍ വിവാദമാകുമ്പോള്‍ സ്ട്രീമിങ് വാല്യു കുതിച്ചുയരുന്നു

ഈ സിനിമയ്ക്കെതിരെയുള്ള നീക്കങ്ങള്‍ അതിന്‍റെ ഇനീഷ്യല്‍ വാല്യൂ ഉയര്‍ത്താനും, സിനിമ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കാനും ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

Harishma Vatakkinakath

Harishma Vatakkinakath

പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു ഒരുക്കുന്ന വാരിയം കുന്നന്‍ എന്ന സിനിമയുടെ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയാണ്. സംഘപരിവാര്‍ അനുകൂലികള്‍ ചിത്രത്തില്‍ കുഞ്ഞഹമ്മദ് ഹാജിയായി അഭിനയിക്കാനൊരുങ്ങുന്ന പൃഥിരാജിനു നേരെ സൈബര്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടായിരുന്നു വിവാദം സൃഷ്ടിച്ചത്. എന്നാല്‍, ഈ സിനിമയ്ക്കെതിരെയുള്ള നീക്കങ്ങള്‍ അതിന്‍റെ ഇനീഷ്യല്‍ വാല്യൂ ഉയര്‍ത്താനും, സിനിമ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാക്കാനും ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍.

കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് തിയറ്റര്‍ റിലീസുകള്‍ ഒഴിവാക്കി, സ്ട്രീമിങ് പ്ലാറ്റ് ഫോമുകളിലൂടെയുള്ള ഒടിടി റിലീസിങ്ങിലേക്കാണ് സിനിമ മേഖല ചുവടുമാറുന്നത്. കോവിഡ് 19 ലോകത്താകമാനം അനിശ്ചിതത്വം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ചലച്ചിത്ര ലോകത്തിന്‍റെ ഭാവി, സ്ട്രീമിങ് പ്ലാറ്റ് ഫോമുകളുടെ കയ്യിലായിരിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതായത്, കൂവിത്തോല്‍പ്പിച്ചും, തിയറ്ററുകള്‍ക്ക് നേരെ കല്ലെറിഞ്ഞും സിനിമയെ പരാജയപ്പെടുത്തുന്ന കാലം 2020 ഓടു കൂടി അവസാനിച്ചു എന്നു സാരം.

കഥയെയും കഥാപാത്രങ്ങളെയും ചൊല്ലി വാദങ്ങളം പ്രതിവാദങ്ങളും ഉയരുമ്പോള്‍ സിനിമ ചര്‍ച്ചയാവുകയും, അതിന്‍റെ സ്ട്രീമിങ് വാല്യു അല്ലെങ്കില്‍ ലൈസന്‍സിങ് വ്യൂ ഉയര്‍ന്ന് ഹിറ്റ് ലിസ്റ്റുകളില്‍ ഇടം പിടിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇനി ഉണ്ടാവുക. ചുരുക്കിപ്പറ‍ഞ്ഞാല്‍ വാരിയം കുന്നന്‍ എന്ന ചിത്രത്തിന് സംഘ പുത്രന്മാര്‍ ഫ്രീ പ്രൊമോഷന്‍ നല്‍കുകയാണിപ്പോള്‍.

ഒരു സിനിമയുടെ സ്ട്രീമിങ് വാല്യു ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്ന ഘടകമാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍. സൂസൻ ബിയർ സംവിധാനം ചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ ബേര്‍ഡ് ബോക്സ് എന്ന ഹോളിവുഡ് ചിത്രമാണ് ഇതിന് ഏറ്റവും വലിയ ഉദാഹരണം. സാന്‍ഡ്ര ബുള്ളോക്ക് എന്ന നടിയുടെ സാന്നിദ്ധ്യമൊഴിച്ചാല്‍ വലിയ മേന്മകള്‍ അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ബേര്‍ഡ് ബോക്സ്. എന്നാല്‍ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്ത ഈ ചിത്രം എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും ബേധിച്ചു. കാരണം സാമൂഹ്യ മാധ്യമങ്ങള്‍ തന്നെ.

ഈ സിനിമ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ, ഇതു സംബന്ധിച്ച മീമുകള്‍ ഇന്‍റര്‍നെറ്റില്‍ തരംഗമായിരുന്നു. കൂടാതെ മിക്ക യൂറ്റ്യൂബേര്‍സും ബേര്‍ഡ് ബോക്സ് ചലഞ്ചുകള്‍ നടത്തുകയും ടിക് ടോക്കില്‍ ബേര്‍ഡ് ബോക്സ് ബ്ലൈന്‍ഡ് ഫോള്‍ഡ് ഡാന്‍സുകള്‍ ജനപ്രിയമാവുകയും ചെയ്തിരുന്നു. ഇത് ചിത്രത്തിന്‍റെ സ്ട്രീമിങ് വ്യാല്യു വളരെയധികം ഉയരുന്നതിന് കാരണമായി.

വാരിയം കുന്നന്‍റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിക്കാനിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്ന് 24 മണിക്കൂറിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതുപോലെ തന്നെ ചിത്രത്തിന്‍റെ ഫാന്‍ മേഡ് പോസ്റ്ററുകളും, മീമുകളും, ട്രോളുകളും വൈറലാവുകയാണ്. വാരിയം കുന്നന്‍ എന്ന പേര് കൂടതലിടങ്ങളില്‍ പരാമര്‍ശിക്കുമ്പോള്‍ ചിത്രത്തിന്‍റെ സ്ട്രീമിങ് വാല്യുവാണ് യഥാര്‍ത്ഥത്തില്‍ ഉയരുന്നത്.

ഇത്തരം വിവാദങ്ങള്‍ മാത്രമല്ല സ്ട്രീമിങ് വാല്യുവിനെ സ്വാധീനിക്കുന്നത്. ഓരോ ഭാഷയിലും ഏറ്റവും കുടുതല്‍ ആളുകള്‍ കാണുന്ന വിഷയം, ചര്‍ച്ചായാകുന്ന സിനിമകള്‍, സംവിധായകര്‍, അഭിനേതാക്കള്‍ എന്നിവ സംബന്ധിച്ച വളരെ വിപുലമായ ഡാറ്റ ശേഖരം ആമസോണ്‍ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ് ഫോമുകള്‍ക്കുണ്ട്. അതായത്, ഒരു സ്ട്രീമിങ് സര്‍വ്വീസ് പുതിയ സബ്സ്ക്രൈബേര്‍സിനെ കൊണ്ടുവരാനും, നിലവിലുള്ളവരെ പിടിച്ചു നിര്‍ത്താനും സാധിക്കുന്ന ഏതൊരു സിനിമയും എന്ത് വിലകൊടുത്തും വാങ്ങാന്‍ തയ്യാറാണ്. ഇതിനാലാണ് വാരിയം കുന്നന്‍ എന്ന സിനിമ ഇതിനോടകം സൃഷ്ടിച്ചിട്ടുള്ള വിവാദങ്ങള്‍ സിനിമയുടെ വിജയത്തെ അനുകൂലമായി ബാധിക്കുമെന്ന് വിലയിരുത്താന്‍ സാധിക്കുന്നത്.

Anweshanam
www.anweshanam.com