അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാര്യമാക്കുന്നില്ല: പായല്‍ ഘോഷ്

"ഞാൻ പറയുന്നത് ശരിയാണെന്ന് എനിക്കറിയാം… സത്യം പുറത്തുവരട്ടെ..."
അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാര്യമാക്കുന്നില്ല: പായല്‍ ഘോഷ്

സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ പ്രചരിക്കുന്ന ട്രോളുകളും വാര്‍ത്തകളും പ്രശ്നമാക്കുന്നില്ലെന്ന് നടി പായല്‍ ഘോഷ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണം നടത്തിയാണ് തെലുങ്ക് -ഹിന്ദി നടി പായല്‍ ഘോഷ് വിവാദ നായികയാവുന്നത്.

"ബോളിവുഡിലുള്ളവര്‍ എന്നെ പിന്തുണച്ചെന്നുവരില്ല. പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല. ഞാൻ പറയുന്നത് ശരിയാണെന്ന് എനിക്കറിയാം… സത്യം പുറത്തുവരട്ടെ..."നടി പറഞ്ഞു. ഗള്‍ഫ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പായല്‍ ഇക്കാര്യം പരാമര്‍ശിച്ചത്.

തനിക്ക് സംഭവിച്ച കാര്യങ്ങള്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും. നീതി വേണമെന്നും പായല്‍ കൂട്ടിച്ചേര്‍ത്തു. ഈ സംഭവം തന്‍റെ ജീവിതത്തെ വല്ലാതെ തളര്‍ത്തിയെന്നും തന്‍റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ വന്ന ട്രോളുകളും വിമര്‍ശനങ്ങളും ധാര്‍മ്മികതയെ തന്നെ ചോദ്യം ചെയ്യുന്നവയാണെന്നും നടി വ്യക്തമാക്കി.

ഇപ്പോള്‍ പോരാടുന്നത് സമാന സാഹചര്യത്തില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകള്‍ക്ക് വേണ്ടിയാണെന്നും പായല്‍ പറഞ്ഞു. അനുരാഗ് കശ്യപിന്റെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന പരാമര്‍ശവുമായായിരുന്നു കഴിഞ്ഞ ദിവസം പായല്‍ രംഗത്തെത്തിയത്. ഇര്‍ഫാന്‍ തന്റെ നല്ല സുഹൃത്തായിരുന്നെന്നും ഈ വിഷയത്തിൽ സത്യം തുറന്നു പറയണമെന്നും പായല്‍ ട്വിറ്ററില്‍ കുറിച്ചു.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കശ്യപിനെതിരെ പായല്‍ ലൈംഗികാരോപണം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ ട്വീറ്റ്.

അനുരാഗ് കശ്യപ് തന്നോട് മോശമായി പെരുമാറിയെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്നുമായിരുന്നു പായല്‍ ആവശ്യപ്പെട്ടത്. ”ഈ സര്‍ഗ്ഗാത്മക വ്യക്തിയുടെ പിന്നിലുള്ള രാക്ഷസനെ രാജ്യത്തിന് കാട്ടിക്കൊടുക്കണം. ഇത് എന്നെ ദോഷകരമായി ബാധിക്കുമെന്ന് എനിക്കറിയാം, എന്റെ സുരക്ഷ അപകടത്തിലാണ്. എന്നെ സഹായിക്കണം,” എന്നായിരുന്നു പായലിന്‍റെ ട്വീറ്റ്.

എന്നാല്‍, തന്നെ നിശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ ആരോപണമെന്ന് അനുരാ​ഗ് കശ്യപ് നേരത്തെ ട്വിറ്ററിൽ കുറിച്ചിരുന്നു. തനിക്കെതിരെ ആരോപണങ്ങളുമായി നിരവധി സ്ത്രീകളെ വലിച്ചിഴക്കുകയാണെന്നും ഇതിന് ഒരു അതിര് വേണമെന്നും അദ്ദേഹം പറഞ്ഞു. പായല്‍ ഘോഷിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അനുരാ​ഗ് കശ്യപ് വ്യക്തമാക്കിയിരുന്നു.

Related Stories

Anweshanam
www.anweshanam.com