സുശാന്തിന് അവസരം നല്‍കിയിരുന്നു; ബന്‍സാലിയുടെ മൊഴി പുറത്ത്
Entertainment

സുശാന്തിന് അവസരം നല്‍കിയിരുന്നു; ബന്‍സാലിയുടെ മൊഴി പുറത്ത്

ബാന്ദ്രാ പോലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സഞ്ജയ് ലീല ബന്‍സാലി ഈ വിവരം വെളിപ്പെടുത്തിയത്

By News Desk

Published on :

മുംബൈ: മരണപ്പെട്ട ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന് തന്‍റെ നാല് സിനിമകളില്‍ അവസരം നല്‍കാന്‍ തീരുമാനിച്ചിരുന്നതായി സംവിധായകൻ സഞ്ജയ് ലീല ബൻസാലി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബാന്ദ്രാ പോലീസ് സ്റ്റേഷനില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ബന്‍സാലി ഈ വിവരം വെളിപ്പെടുത്തിയതെന്ന് ഡി.സി.പി അഭിഷേക് ത്രിമുഖെ വ്യക്തമാക്കി.

സുശാന്തിന് ഈ സിനിമകളില്‍ അഭിനയിക്കാനുള്ള സാവകാശം ഇല്ലാത്തതിനാലാണ് ആ റോളുകള്‍ മറ്റ് താരങ്ങളിലേക്ക് പോയതെന്നും ബന്‍സാലി വ്യക്തമാക്കിയതായി അഭിഷേക് ത്രിമുഖ് കൂട്ടിച്ചേര്‍ത്തു. സുശാന്തിന്റെ ആത്മഹത്യയ്ക്കുപിന്നിൽ ചലച്ചിത്ര മേഖലയിലെ കിടമത്സരങ്ങളാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ്, സിനിമാരംഗത്തെ പ്രമുഖരെ ചോദ്യം ചെയ്യുന്നത്.

അവസാനത്തെ സിനിമയിൽ സുശാന്തിന്റെ നായികയായി അഭിനയിച്ച സഞ്ജന സാംഘി, സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവർത്തി, സുഹൃത്ത് മുകേഷ് ഛബ്ര എന്നിവർ ഉള്‍പ്പെടെ 28 പേരുടെ മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രമുഖ നിർമാതക്കളായ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടറേയും ചോദ്യം ചെയ്തിട്ടുണ്ട്.

അതെസമയം, സുശാന്ത് താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്‍റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ കാത്തിരിക്കുകയാണെന്നും ഡി.സി.പി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. "ഈ കേസുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ട്. എസ്എസ്ആര്‍ (SSR) ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്ന് പ്രചരിച്ച ട്വീറ്റുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്," അഭിഷേക് ത്രിമുഖെ കൂട്ടിച്ചേര്‍ത്തു.

Anweshanam
www.anweshanam.com