യോദ്ധയുടെ ചിത്രീകരണ സമയത്ത് ലാലും ജഗതിയും സഹായിച്ചതിനെ കുറിച്ച് മധുബാല

ഇന്നും നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ റോജയിലെ രംഗങ്ങളാണ് പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക.
യോദ്ധയുടെ ചിത്രീകരണ സമയത്ത് ലാലും ജഗതിയും സഹായിച്ചതിനെ കുറിച്ച് മധുബാല

മണിരത്നം സംവിധാനം ചെയ്ത റോജ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് മധുബാല. ഇന്നും നടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ റോജയിലെ രംഗങ്ങളാണ് പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിലും താരം കൈനിറയെ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. 90 കളില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി മധുബാല മലയാളത്തിലെത്തിയിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് കേരളത്തില്‍ നിന്ന ലഭിച്ചത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം നടി വീണ്ടും മലയാളത്തിലേയ്ക്ക് തിരികെ എത്തുകയാണ്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന ചിത്രത്തിലാണ് നടി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. നസ്രിയയായിരുന്നു ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

1991 ല്‍ പുറത്തിറങ്ങിയ ഒറ്റയാള്‍ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് മധു ബാല മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയത്. പിന്നീട് മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നായികയായി തിളങ്ങി. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങളില്‍ മാത്രമെ മധുബാല അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകര്‍ക്ക് നടി പ്രിയങ്കരിയാണ്. തിരിച്ചും അങ്ങനെ തന്നെയാണ്. മലയാള സിനിമയോടും പ്രേക്ഷകരോടും ഒരു പ്രത്യേക അടുപ്പമാണ് മധു ബാലയ്ക്കുള്ളത്.

1992 ല്‍ പുറത്തിറങ്ങിയ ചിത്രം യോദ്ധ നടിക്ക് മലയാളത്തില്‍ ഒരുപാട് ആരാധകരെ നേടിക്കൊടുത്തു. സംഗീത് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, ജഗതിശ്രീകുമാര്‍, ഉര്‍വശി, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. അശ്വതി എന്ന് കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിച്ചത്. ഇന്നും പ്രേക്ഷകരുടെ ഇടയില്‍ തൈപ്പറമ്പില്‍ അശോകനും അരശുംമൂട്ടില്‍ അപ്പുക്കുട്ടനും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുന്നു.ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലും ജഗതിയും സഹായിച്ചതിനെ കുറിച്ച് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിക്ക് മലയാളം ഒട്ടും അറിയില്ലായിരുന്നുവെന്നും, ചിത്രത്തിനായി മോഹന്‍ലാല്‍ സാറും ജഗതി ശ്രീകുമാര്‍ ചേട്ടനുമൊക്കെ എനിക്ക് മലയാളം ഡയലോഗിന്റെ ഉച്ചാരണവുമൊക്ക പറഞ്ഞ് പഠിപ്പിച്ച് തന്നിട്ടുണ്ടെന്നും നടി പറഞ്ഞു. മോഹന്‍ലാലിന്റെയും ജഗതിയുടേയും കഥപാത്രത്തിന്റെ അമ്മാവന്റെ മകളായ അശ്വതിയായിരുന്നു മധു ബാലയുടെ കഥാപാത്രം. നേപ്പാളില്‍ ഒരു മാസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് അറിയുന്നത് പോലെ തന്നെ മോഹന്‍ലാല്‍ സാര്‍ വളരെ ജോളിയായ മനുഷ്യനാണ്. എപ്പോഴും റിലാക്സ്ഡായിരിക്കും. യോദ്ധയുടെ ചിത്രീകരണ സമയത്ത് മോഹന്‍ലാല്‍ സാറിനെ ഒരിക്കല്‍ പോലും ടെന്‍ഷനടിച്ച് കണ്ടിട്ടില്ലെന്നും താരം പറഞ്ഞു.

Related Stories

Anweshanam
www.anweshanam.com