ചലച്ചിത്ര നടന്‍ പി.ബാലചന്ദ്രന്‍ അതീവ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
Entertainment

ചലച്ചിത്ര നടന്‍ പി.ബാലചന്ദ്രന്‍ അതീവ ​ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

Ruhasina J R

കോട്ടയം: നടനും തിരക്കഥാകൃത്തും നാടകകൃത്തുമായ പി ബാലചന്ദ്രൻ അതീവ ഗുരുതരാവസ്ഥയിൽ. പ്രമേഹം അനിയന്ത്രിതമായതിനെ തുടർന്നാണ് അബോധാവസ്ഥയിൽ ആയത്. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇപ്പോൾ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാലചന്ദ്രൻ അധ്യാപന രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. നടൻ, തിരക്കഥാകൃത്ത്, നാടക സംവിധായകൻ, രചയിതാവ്, സിനിമ സംവിധായകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രനെ കേരള സംഗീതനാടക അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ചലച്ചിത്ര അക്കാദമി അവാർ‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തിയിരുന്നു.

ഉള്ളടക്കം, പവിത്രം, അഗ്നിദേവൻ, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ബാലചന്ദ്രൻ ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2012 ൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്കാരം ‘ ഇവൻ മേഘരൂപൻ’ നേടിയിരുന്നു.

അഗ്നിദേവൻ, ജലമർമ്മരം, വക്കാലത്ത് നാരായണൻകുട്ടി, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, പോപ്പിൻസ്, അന്നയും റസൂലും, ഇമ്മാനുവൽ, നടൻ, ചാർലി, കമ്മട്ടിപാടം, പുത്തൻ പണം, അതിരൻ, ഈട, സഖാവ് തുടങ്ങിയ നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ടി കെ രാജീവ്‌കുമാർ സംവിധാനം ചെയ്ത കോളാമ്പിയിലായിരുന്നു അവസാനമായി അഭിനയിച്ചത്.

Anweshanam
www.anweshanam.com