തൊഴില്‍ സാധ്യതകളുമായി വൊക്കേഷണൽ ഹയർസെക്കൻഡറി

പുതിയ അധ്യയന വർഷം 389 സ്കൂളുകളിൽ വിവിധ തരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു.
തൊഴില്‍ സാധ്യതകളുമായി വൊക്കേഷണൽ ഹയർസെക്കൻഡറി

തിരുവനന്തപുരം: ലോകത്തെവിടെയും തൊഴിൽ സാധ്യതയുമായി സംസ്ഥാനത്ത്‌ വൊക്കേഷണൽ ഹയർ സെക്കൻഡറി പഠനം പുതിയ പാതയിൽ. മുഴുവൻ വൊക്കേഷണൽ ഹയർ സെക്കൻഡറികളിലും നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക്‌ (എൻഎസ്‌ക്യുഎഫ്‌) പദ്ധതി നടപ്പാക്കിയതോടെയാണ്‌ ഈ നേട്ടം കേരളം സാധ്യമാക്കിയതെന്ന്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ അറിയിച്ചു. 2018 അധ്യയനവർഷമാണ് 66 സ്കൂളുകളിൽ ഹയർസെക്കൻഡറി തലത്തിൽ ദേശീയ തൊഴിൽ നൈപുണി വിദ്യാഭ്യാസ പദ്ധതി (എൻഎസ്‌ ക്യുഎഫ്‌ ) എന്ന തൊഴിൽ അധിഷ്‌ഠിത വൊക്കേഷണൽ കോഴ്സുകൾ ആരംഭിച്ചത്.

ദേശീയ അംഗീകാരമുള്ള ഈ സർട്ടിഫിക്കറ്റുമായി എൻഎസ്‌ക്യുഎഫ്‌ ആദ്യ ബാച്ച് പുറത്തിറങ്ങിക്കഴിഞ്ഞു. സർക്കാർ, അർധ സർക്കാർ, സ്വകാര്യ ജോലികൾക്ക് എൻഎസ്‌ക്യുഎഫ്‌ സർട്ടിഫിക്കറ്റുകൾ പരിഗണിക്കണമെന്ന കേന്ദ്ര നിർദേശം ഈ കുട്ടികൾക്ക് പ്രയോജനകരമാണ്. കൂടാതെ, ഹയർസെക്കൻഡറി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാൽ അതത് വിഷയങ്ങളുമായി ബന്ധപ്പെട്ട തുടർ പഠനസാധ്യതകൾ എല്ലാം നിലനിൽക്കുന്നു.

ഗുണമേൻമയുള്ള നൈപുണിപരിശീലനം ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ പ്രശസ്ത തൊഴിൽശാലകളുടെ പരിശീലന പങ്കാളിത്തത്തോടുകൂടിയാണ് പരിശീലിപ്പിക്കുന്നത്. ഇത് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കും. എൻഎപിഎസ്‌ സ്കീം വഴി സ്‌റ്റൈപ്പന്റോടുകൂടി ഇവർക്ക് വ്യത്യസ്ത തൊഴിൽശാലകളിൽ അപ്രന്റിസ് ട്രെയിനിങ് ലഭിക്കുന്നതിനുള്ള അവസരവും ഉണ്ട്‌.

പുതിയ അധ്യയന വർഷം സംസ്ഥാന സർക്കാർ 389 സ്കൂളുകളിൽ ഹയർസെക്കൻഡറി തലത്തിൽ 1101 ബാച്ചുകളിലായി എൻഎസ്‌ക്യുഎഫ്‌ അധിഷ്ഠിതമായതോ നൈപുണി പരിശീലനത്തിലധിഷ്ഠിതമായതോ ആയ വിവിധ തരത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നു. ആഗോള തൊഴിൽ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉൾപ്പെടുന്ന സിലബസാണ്‌. തുടർ പഠനത്തിന്‌ കേരളത്തിലെ പ്രൊഫഷണൽ/ പോളിടെക്നിക് കോഴ്സുകൾക്ക് റിസർവേഷനും ഉണ്ട്‌.

അഗ്രികൾച്ചർ, ഇലക്ട്രോണിക്സ് & ഹാർഡ്‌വെയർ, മീഡിയ & എന്റർടൈൻമെന്റ്, ഐടി അധിഷ്ഠിത സർവീസുകൾ, പവർസെക്ടർ, ഓട്ടോമോട്ടീവ്, കൺസ്ട്രക്ഷൻ, ടെക്സ്റ്റൈൽസ് & ഹാൻഡ്‌ലൂം, അപ്പാരൽ, കെമിക്കൽ ആൻഡ്‌ പെട്രോകെമിക്കൽ, ടെലികോം, ഇന്ത്യൻ പ്ലംബിങ്‌ അസോസിയേഷൻ, ഹെൽത്ത് കെയർ, ബ്യൂട്ടി ആൻഡ്‌ വെൽനെസ്, ഫുഡ് ഇൻറസി കപ്പാസിറ്റി & സ്കിൽ ഇനിഷിയേറ്റിവ്, സ്പോർട്സ്, ബാങ്കിങ്‌ ഫിനാൻഷ്യൽ സർവീസസ് & ഇൻഷൂറൻസ്, ഓഫീസ് അഡ്മിനിസ്ട്രേഷൻ ആൻഡ്‌ ഫെസിലിറ്റി മാനേജ്മെന്റ് എന്നിവയാണ് പതിയ കോഴ്സുകള്‍. അപേക്ഷ നൽകേണ്ട വെബ്‌സൈറ്റ്‌ : www.vhscap.kerala.gov.in

Related Stories

Anweshanam അന്വേഷണം
www.anweshanam.com