ഓണ്‍ലൈന്‍ അദ്ധ്യാപനവും അദ്ധ്യാപകരും

ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതികള്‍ വിദ്യാര്‍ത്ഥികളെ മാത്രമല്ല അദ്ധ്യാപകരെയും പരിഭ്രാന്തരാക്കുന്നു.
ഓണ്‍ലൈന്‍ അദ്ധ്യാപനവും അദ്ധ്യാപകരും

മനുഷ്യന്‍റെ നിലനില്‍പ്പിന് അത്യാവശ്യമായ ഒട്ടുമിക്ക ഘടകങ്ങളെയും അടിമുടി തളര്‍ത്തിയാണ് കോവിഡ് 19 കടന്നു പോകുന്നത്. പ്രതീക്ഷകള്‍ക്കും പ്രത്യാശകള്‍ക്കും വിലങ്ങു തടിയായി ചോദ്യചിഹ്നങ്ങളില്‍ അവസാനിക്കുന്ന ഈ കോവിഡ് ദിനങ്ങള്‍ മനുഷ്യരാശി കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രതിസന്ധിഘട്ടമാണ്. അതിജീവനമാണ് എല്ലായിടത്തും പ്രശ്നം. അപരിചിതമായ പാതയിലൂടെ സഞ്ചരിച്ച് ഈ കൊറോണക്കാലത്തെ അഭിമുഖീകരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയും.

വാട്‌സാപ്പും, സൂമും, ഗൂഗിള്‍ മീറ്റിനുമെല്ലാം ഔദ്യോഗികതയുടെ മേല്‍വിലാസമാകുമ്പോള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ നാളുകളില്‍ ഗുരുവും ശിഷ്യരും അരൂപികളായി സംവദിക്കുകയാണ്. ക്ലാസ്മുറിയില്‍ നിന്ന് മൊബൈല്‍ സ്ക്രീനുകളിലേക്ക് ഒതുങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അദ്ധ്യാപകര്‍ക്കും അഭൂതപൂർവമായ ദുരിതങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്. അദ്ധ്യാപനം അതിന്‍റെ അര്‍ത്ഥ തലങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ പുതിയ രീതിയോട് ഇണങ്ങാനുള്ള തത്രപ്പാടിലാണവര്‍.

പരിവര്‍ത്തനം സംഭവിക്കുന്ന അദ്ധ്യാപനം

അറിവിന്റെ വിനിമയത്തിനപ്പുറമുള്ള പുരോഗമനപരമായ പരിവർത്തനങ്ങളാണ് വിദ്യാഭ്യാസം ലക്ഷ്യമിടുന്നത്. എന്നാല്‍ ഒറ്റ രാത്രികൊണ്ട് വിദൂര പഠന സാധ്യതകളിലേക്ക് വഴിതിരിഞ്ഞപ്പോള്‍ മതിയായ ഡിജിറ്റല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനുള്ള സമയമോ സാവകാശമോ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചിട്ടില്ല. വിദൂര പഠനം ഫലപ്രദമായി തുടങ്ങിവെക്കാനാവശ്യമായ അടിസ്ഥാന വിവരങ്ങള്‍ പോലും നമ്മുടെ കൈവശമുണ്ടായിരുന്നില്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം. ഓണ്‍ലൈന്‍ വിദ്യാഭ്യാസം മാസങ്ങള്‍ പിന്നിടുമ്പോഴും ഈ അവസ്ഥയ്ക്ക് സാരമായ ഉന്നമനമില്ലെന്നത് മറ്റൊരു വസ്തുത.

ക്ലാസ്റൂമില്‍ ജൈവികമായി നടന്നുകൊണ്ടിരുന്ന ഒരു പ്രവൃത്തിയെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് പറിച്ചു നട്ടപ്പോള്‍ പരമ്പരാഗത ക്ലാസ് മുറികള്‍ അനിശ്ചിതകാലത്തേക്ക് ഓര്‍മ്മകള്‍ മാത്രമാകുമെന്ന കാര്യം ഏറെ പ്രയാസകരം തന്നെയാണ്. അദ്ധ്യാപകന്‍റെ കൃത്യമായ ഇടപെടലുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും വിദ്യാര്‍ത്ഥികളുടെ ഭാവി നിശ്ചയിക്കുന്ന മര്‍മ്മ പ്രധാനമായ ഘടകങ്ങളാണ്. ഡിജിറ്റലിടങ്ങളില്‍ എത്ര തന്നെ സൂം ചെയ്ത് പരസ്പരം കണ്ടാലും ഇതിന്‍റെ അഭാവം കുട്ടികളുടെ വ്യക്തിത്വ വികസനത്തെ പ്രതികൂലമായി ബാധിക്കും.

നേരത്തെ നിശ്ചിത സമയക്രമത്തില്‍ വ്യക്തമായ അവധികളടക്കം ആരെയും കൊതിപ്പിക്കുന്ന തൊഴില്‍ മേഖലയായിരുന്നു അദ്ധ്യാപനം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയതോടെ ഇരുപത്തി നാല് മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു. രണ്ടോ മുന്നോ മണിക്കൂര്‍ ക്ലാസെടുക്കുന്നതിന് ഒരാഴ്ചത്തേക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കണം എന്നതു തന്നെയാണ് കാരണം. വീഡിയോ, ഓഡിയോ, ഗൂഗിള്‍ ഡോക്, യൂട്യൂബ് ലിങ്ക്, അസൈന്‍മെന്‍റുകള്‍ തുടങ്ങി ക്ലാസുകള്‍ക്ക് സമാന്തരമായി വാട്സാപ്പ്, ടെലഗ്രാം ഗ്രൂപ്പുകളിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതടക്കം തലവേദന തന്നെ. കുട്ടികളുടെ സംശയ ദുരീകരണമാണ് മറ്റൊന്ന്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ അഞ്ചു മിനുട്ടുകൊണ്ട് കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനാകും. എന്നാൽ അഞ്ചുദിവസമെടുത്താലും അവര്‍ക്ക് അത് ശരിയായി ബോധ്യപ്പെടണമെന്നില്ല.

അനിവാര്യമാകുന്ന സാങ്കേതിക ജ്ഞാനം

ടെക്സ്റ്റ് ബുക്കുകള്‍ക്ക് പകരം സ്മാര്‍ട്ട് ഫോണും ആപ്ലിക്കേഷനുകളും പഠനത്തില്‍ പ്രധാനപ്പെട്ട ഘടകങ്ങളാകുമ്പോള്‍ മാറുന്ന ലോകത്തിലെ ഡിജിറ്റല്‍ സാധ്യതകള്‍ ആവശ്യാനുസരണം ഉപയോഗിക്കുക എന്നതാണ് അദ്ധ്യാപകരെ സംബന്ധിച്ച് മറ്റൊരു വെല്ലുവിളി. പാഠ ഭാഗങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സാങ്കേതിക വിദ്യയില്‍ തികഞ്ഞ പ്രാവീണ്യമുള്ള അദ്ധ്യാപകര്‍ക്ക് എളുപ്പം സാധിക്കും. അല്ലാത്തവര്‍ അത് പഠിച്ചെടുത്ത് വേണം ഉപയോഗപ്പെടുത്താന്‍. മാറിവന്ന വിദ്യാഭ്യാസ രീതികള്‍ അതിനുള്ള സാവകാശം ഒട്ടും തന്നെ നല്‍കിയിട്ടില്ല.

പഠന കാര്യങ്ങള്‍ക്ക് മാത്രമല്ല, ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍, സാങ്കേതിക വിദ്യയില്‍ അപൂര്‍വ്വ പരിജ്ഞാനം അത്യാവശ്യമാണ്. ഹാജര്‍ രേഖപ്പെടുത്താനും നേരില്‍ കാണാനും ഇടപഴകാനും പരിമിതികളുള്ള സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളെ മറയാക്കി മറ്റ് കാര്യങ്ങളില്‍ വ്യാപൃതരാകാനുള്ള സാധ്യതകള്‍ ഏറെയാണ്.

പ്രതിസന്ധിയില്‍ വലഞ്ഞ് അദ്ധ്യാപകര്‍

സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടെ അവസ്ഥയാണ് കൂടുതല്‍ പരിതാപകരം. മാനേജുമെന്റിൽ നിന്നും മാതാപിതാക്കളിൽ നിന്നുമുള്ള ആവശ്യങ്ങൾ മുഖവിലയ്‌ക്കെടുക്കേണ്ടതിനാല്‍ സര്‍ക്കാര്‍ അദ്ധ്യാപകരെക്കാള്‍ ദുരിതം അനുഭവിക്കുന്നത് ഇവരാണ്. ഓഡിയോ ക്വാളിറ്റി, വീഡിയോ ക്വാളിറ്റി, ക്ലാസെടുക്കുന്ന പശ്ചാത്തലം തുടങ്ങി പലതാണ് മാനദണ്ഡങ്ങള്‍. മാതാപിതാക്കളെ സംതൃപ്തരാക്കി ഫീസ് ഈടാക്കാന്‍ മാനേജ്മെന്‍റ് ശ്രമിക്കുമ്പോള്‍ നല്‍കുന്ന ഫീസിന് തക്കതായ ക്ലാസുകള്‍ കുട്ടികള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന വേവലാതിയാണ് രക്ഷിതാക്കള്‍ക്ക്.

ക്ലാസുകളുടെ ദൈര്‍ഘ്യം കുറഞ്ഞെന്നു കാട്ടി അദ്ധ്യാപകരുടെ ശമ്പളം വെട്ടികുറക്കുന്ന മാനേജ്മെന്‍റുകളും, കോവിഡ് പ്രതിസന്ധി കാട്ടി ശമ്പളമേ നല്‍കാത്ത മാനേജ്മെന്‍റുകളും ഉണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നിട്ടും സ്പോര്‍ട്സ്, കള്‍ച്ചറല്‍ പ്രോഗ്രാം, ലബോറട്ടറി, ഹോസ്റ്റല്‍ എന്നീ ഇനങ്ങളില്‍ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് രക്ഷിതാക്കള്‍ മാനേജ്മെന്‍റുകള്‍ക്കെതിരെ മുറവിളി കൂട്ടുന്നതിനിടയിലാണ് ഇതെന്നത് തികച്ചും വിരോധാഭാസം. താല്‍ക്കാലിക ജീവനക്കാരാണ് എല്ലാ അര്‍ത്ഥത്തിലും ദുരിതത്തിലായത്.

ആശങ്കകളുടെ ഈ മഹാമാരിക്കാലത്തും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെയാണ് നമ്മുടെ അദ്ധ്യാപക സമൂഹം നിലകൊള്ളുന്നത്. ഡിജിറ്റല്‍ ഉപകരണങ്ങള്‍ പെട്ടെന്ന് സ്വന്തമാക്കാനും സായത്വമാക്കാനും സാഹചര്യമില്ലാത്തവര്‍ ഈ കൂട്ടത്തിലുണ്ട്, പിഞ്ചു കുഞ്ഞുങ്ങളെയും വീട്ടു ജോലിയും സമയ ക്രമീകരണമില്ലാത്ത ഓണ്‍ലൈന്‍ ക്ലാസുകളും ഒരുപോലെ കൊണ്ടുപോകുന്നവരുണ്ട്, മാസങ്ങളോളം ശമ്പളമില്ലാത്തവരുണ്ട്, ക്ലാസ് റൂമുകള്‍ ഇന്നല്ലെങ്കില്‍ നാളെ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്, കോവിഡ് പ്രതിസന്ധിയില്‍ കുട്ടികള്‍ക്ക് മാനസിക പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നവരുണ്ട്. അങ്ങനെ പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയായ ഇത്തവണത്തെ അദ്ധ്യാപക ദിനം അര്‍ത്ഥവത്താവുകയാണ്.

Related Stories

Anweshanam
www.anweshanam.com