സുരക്ഷ കണക്കിലെടുത്ത് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവൂ: 
ആരോഗ്യമന്ത്രാലയം
Education

സുരക്ഷ കണക്കിലെടുത്ത് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവൂ: ആരോഗ്യമന്ത്രാലയം

ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

News Desk

News Desk

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രവര്‍ത്തന അനുമതി നല്‍കാനുള്ള നീക്കത്തോട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വിയോജിപ്പ്. ഓഗസ്റ്റ് അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടക്കുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും എല്ലാ സുരക്ഷയും കണക്കിലെടുത്ത് മാത്രമേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാവു എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്.

അമേരിക്ക, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളിലെ പല മേഖലകളിലും ലോക്ഡൗണിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ സ്‌കൂളുകളും മറ്റും വീണ്ടും അടയ്ക്കേണ്ടി വന്നു.

പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്‌കൂളുകളും കോളേജുകളും എപ്പോള്‍ തുറക്കണമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിടണമെന്ന നിര്‍ദേശമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും തീരുമാനം എടുക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനുമതി നല്‍കാന്‍ ഇടയില്ല. എന്നാല്‍ കണ്‍ടെയ്ന്‍മെന്റ് സോണില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മറ്റ് പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ എത്തിയാല്‍ അത് വൈറസ് വ്യാപനത്തിന് കാരണമായേക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ ജൂണ്‍ മാസത്തില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിരുന്നു. അണ്‍ലോക്ക് 4-ന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രവര്‍ത്തന അനുമതി നല്‍കിയാല്‍ ഈ മാര്‍ഗരേഖ പ്രകാരമാകും തുടര്‍ നടപടികള്‍.

Anweshanam
www.anweshanam.com