കോവിഡ് കാലത്തെ സ്വാശ്രയ ഫീസ് കൊള്ള

വിയോജിപ്പുകൾ പ്രകടിപ്പിക്കാനാകാതെ മാതാപിതാക്കൾ നട്ടം തിരിയുന്നു.
കോവിഡ് കാലത്തെ സ്വാശ്രയ ഫീസ് കൊള്ള

കോവിഡാണ്. സംസ്ഥാനത്തെ എല്ലാ കോളേജുകളും അടഞ്ഞു കിടക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളോ ലബോറട്ടറി സംവിധാനങ്ങളോ ഉപയോഗിക്കുന്നില്ല. കള്‍ച്ചറല്‍ പ്രോഗ്രാമുകളോ ഫെസ്റ്റിവലുകളോ നടക്കുന്നില്ല. സെമിനാറുകള്‍ മാറി വെബിനാറുകളായപ്പോള്‍ ഓഡിറ്റോറിയങ്ങളും ശൂന്യമാണ്. കളിക്കളങ്ങള്‍ ആരവമില്ലാതെ കിടക്കുന്നു. അദ്ധ്യാപനമാണെങ്കില്‍ ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞു. മാറ്റമില്ലാതെ ഒന്നുമാത്രം, സ്വകാര്യ സ്വാശ്രയ കോളേജുകളിലെ അനാവശ്യ ഫീസ്. ക്ലാസുകള്‍ രണ്ടോ മൂന്നോ മണിക്കൂറുകളായി ചുരുങ്ങിയെങ്കിലും ട്യൂഷന്‍ ഫീസ് നല്‍കുന്നതില്‍ രക്ഷിതാക്കള്‍ക്ക് വിയോജിപ്പില്ല. എന്നാല്‍ കള്‍ച്ചറല്‍ പ്രോഗ്രാം, സ്പോര്‍ട്സ് , ലാബ്, ലൈബ്രറി, ഹോസ്റ്റല്‍ എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കാത്തതോ പങ്കാളിത്തമില്ലാത്തതോ ആയ കാര്യങ്ങള്‍ക്ക് ഫീസ് വസൂലാക്കുന്ന സ്വാശ്രയ മനേജുമെന്‍റുകള്‍ക്കെതിരെ വ്യാപകമായി പരാതികള്‍ ഉയരുകയാണ്.

വിയോജിപ്പുകൾ പ്രകടിപ്പിക്കാനാകാതെ സെമസ്റ്റർ ഫീ സംഘടിപ്പിക്കുന്നതെങ്ങിനെയെന്നറിയാതെ മാതാപിതാക്കൾ നട്ടം തിരിയുന്നു. ഇതോടൊപ്പമാണ് സ്പെഷ്യൽ ഫീ അടക്കം ഈടാക്കുമെന്ന കണ്ണിൽ ചോരയില്ലാത്ത നടപടികളുമായി സ്വാശ്രയ വിദ്യാഭ്യാസ മാനേജ്മെൻ്റുകൾ മുന്നോട്ടു പോകുന്നത്. ഇവരോടാരും ചോദിക്കുവാനും പറയുവാനുമില്ലെന്നതാണ് ഖേദകരമായവസ്ഥ! ഇതു സംബന്ധിച്ച് എസ് എഫ് ഐ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന വാർത്തയുണ്ട്. പക്ഷേ കോടതിയിൽ സർക്കാർ, സ്വാശ്രയ മാനേജ്മെൻ്റിനൊപ്പം നിൽക്കില്ലെന്ന് എളുപ്പത്തിൽ വിശ്വസിക്കാനുമാകില്ല.

വ്യത്യസ്ത ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വൻതോതിലുള്ള ഫീസാണ് സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങിക്കൊണ്ടിരിക്കുന്നത്. സ്ഥാപനങ്ങളുടെ അറ്റകുറ്റപണിക്കും ഭൗതിക സൗകര്യങ്ങൾക്കും ഭീമമായ തുക നിർബന്ധിതമായി ഈടാക്കുന്ന സ്ഥിതിയുമുണ്ട്. ഫീസടക്കുന്നതിനായി മതിയായ സാവകാശം നൽകാത്ത രീതിയും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വീകരിച്ചു വരുന്നു. ഫീസടക്കാൻ സാധിക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കാതെ പുറത്താക്കുക, രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുക തുടങ്ങി പ്രാകൃത നിയമ നടപടികളും ചില മാനേജുമെന്‍റുകള്‍ അവലംബിക്കുന്നു എന്നതാണ് ഖേദകരം. ഇവയെല്ലാം രക്ഷിതാക്കളിലും വിദ്യാർത്ഥികളിലും വലിയ മാനസിക സംഘര്‍ഷമാണുണ്ടാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദൈനം ദിന ചിലവുകള്‍, ജീവനക്കാരുടെ ശമ്പളം എന്നിവയാണ് ഫീസ് കൊള്ള ചോദ്യം ചെയ്യപ്പെടുമ്പോള്‍ അധികൃതര്‍ നിരത്തുന്ന വാദം. കോളേജുകൾ അടഞ്ഞു കിടക്കുന്നതിനാൽ വെള്ളമോ വൈദ്യുതിയോ വിദ്യാർത്ഥികൾ ഉപയോഗിക്കുന്നില്ല. എന്നാൽ ഇത്തരം ചിലവുകൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളിൽ നിന്ന് പണമീടാക്കുന്നത് എങ്ങനെ ശരിയാകും? ക്ലാസ്സുകൾ നടക്കാത്ത കോളേജുകളിൽ ഓഫീസ് കാര്യങ്ങൾക്ക് ചില സ്റ്റാഫുകൾ ഹാജരാകുന്നു എന്നല്ലാതെ മറ്റു ഫാക്കൽറ്റികളും ഇല്ല. അങ്ങനെ വരുമ്പോള്‍ ദൈനംദിന ആവശ്യങ്ങളും ചിലവുകളും മുൻനിർത്തിയുള്ള ഈ പണപ്പിരിവ് മുടന്തന്‍ ന്യായം മാത്രമാണ്. കൾച്ചറൽ പ്രോഗ്രാമുകൾ സ്പോർട്സ് എന്നീ പേരിലുള്ള പ്രഹസനങ്ങളാണ് മറ്റൊന്ന്. കലാകായിക പരിപാടികളോ പരിശീലനങ്ങളോ നടക്കാത്തിടത്തോളംകാലം ഇതിന്റെ പേരിലുള്ള അനാവശ്യ ഫീസുകൾ രക്ഷിതാക്കൾക്ക് വൻ ബാധ്യതയാവുകയാണ്.

ഈ പ്രതിസന്ധി ഘട്ടത്തിൽ തൊഴിലില്ലായ്മയും കടുത്ത സാമ്പത്തിക പിരിമുറുക്കങ്ങളും നേരിടുന്ന രക്ഷിതാക്കൾക്ക് മുന്നിലാണ് ഒരു നീണ്ട ലിസ്റ്റ് നിരത്തി പണമടക്കാൻ മാനേജ്മെന്റുകൾ ആവശ്യപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളിലും വിദ്യാഭ്യാസത്തിനു മുൻ‌തൂക്കം നൽകുന്ന ഒരു സമൂഹത്തെ ചൂഷണം ചെയ്യുന്ന നിലപാടാണ് സ്വാശ്രയ കോളേജ് മാനേജ്മെന്റുകൾ സ്വീകരിക്കുന്നത്. പേരിനു മാത്രം ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിച്ച് ഫീസ് വാങ്ങാനുള്ള തന്ത്രമാണ് ചില കോളേജുകൾ നടത്തുന്നതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അദ്ധ്യാപകരുടെ ശമ്പളം ചൂണ്ടിക്കാട്ടി ഫീസ് പിരിക്കുന്ന മാനേജ്മെന്റുകൾ തന്നെ സാധാരണ രീതിയിൽ ക്ലാസുകൾ നടക്കുന്നില്ലെന്ന് കാട്ടി ശമ്പളം വെട്ടിക്കുറക്കുന്നതായി അദ്ധ്യാപകരും പരാതിപ്പെടുന്നു. ഓൺലൈൻ ക്ലാസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത്തിനുള്ള ചില ചിലവുകളും മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരം അളക്കേണ്ട സാഹചര്യം എത്തിക്കഴിഞ്ഞു. ഡിജിറ്റല്‍ വിദ്യാഭ്യാസ രീതി ആരംഭിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ അനിവാര്യമായ ചില തിരുത്തലുകള്‍ അത്യാവശ്യമാണ്.

പരമാവധി രണ്ടു മണിക്കൂര്‍, ഏറി വന്നാല്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്കാണ് അധ്യാപകര്‍ ഓണ്‍ലൈനില്‍ ക്ലാസെടുക്കുന്നത്. മിക്ക സ്ഥാപനങ്ങളും ഇതിനും മുതിരാറില്ല. വാട്‌സാപ്പ് വഴി പാഠഭാഗങ്ങളും വീഡിയോകളും അയച്ചു കൊടുക്കുകയാണ് ഇവരുടെ രീതി. പരീക്ഷകളുടെയും മൂല്യനിര്‍ണ്ണയത്തിന്‍റെയും കാര്യം വളരെ ദയനീയമാണ്. സമയ ദൈര്‍ഘ്യമോ ചോദ്യങ്ങളുടെ എണ്ണമോ പരിഗണിക്കാതെയാണ് ചിലര്‍ പരീക്ഷകള്‍ നടത്തുന്നത്. പ്രൊഫഷണല്‍ കോഴ്സുകളുടെ കാര്യം പിന്നെ പറയുകയും വേണ്ട.

സര്‍ക്കാര്‍ കോളേജുകളെ അപേക്ഷിച്ച് സ്വകാര്യ സ്വാശ്രയ കോളേജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം ശക്തമല്ലെന്നതാണ് അപകടകരമായ ചില നടപടികള്‍ തിരസ്കരിക്കപ്പെടാനും മുഖ്യധാരയിലെത്താതിരിക്കാനുമുള്ള കാരണം. നിലവിലുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ മാനേജ്മെന്‍റുകള്‍ക്ക് വിധേയപ്പെട്ട് നില്‍ക്കുന്നതും ചര്‍ച്ചാവിഷയമാണ്. കോവിഡ് കാലത്തെ ഈ സ്വാശ്രയ കൊള്ളയ്ക്ക് പ്രശ്ന പരിഹാരം ആവശ്യപ്പെട്ട് എസ്എഫ്ഐക്ക് പുറമെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ തീരുമാനം വ്യാപകമായ പരാതികള്‍ കണക്കിലെടുത്താണ്.

ഒരു തരത്തില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസത്തെ കച്ചവട മനോഭാവത്തോടെ സമീപിക്കുക എന്നതു തന്നെയാണ് സ്വാശ്രയ സ്ഥാപനങ്ങളുടെ അടിസ്ഥാനം. എന്നാല്‍ നിലവിലുള്ള പ്രതിസന്ധി കണക്കിലെടുത്ത് ചില അയവുകള്‍ വരുത്തുന്നത് മനുഷ്യത്വപരമായ നീക്കമായിരിക്കും. സര്‍വ്വധനാല്‍ പ്രധാനമായ വിദ്യാഭ്യാസം പണത്തിലധിഷ്ടിതമാകുമ്പോള്‍ കോവിഡാനന്തര സമൂഹത്തില്‍ കരുത്താകേണ്ട തലമുറയാണ് ഇല്ലാതാകുന്നതെന്ന് മാത്രം ഓര്‍ത്താല്‍ മതി.

Related Stories

Anweshanam
www.anweshanam.com