പ്ലസ് വണ്‍ പ്രവേശനം:  അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 20 ലേക്ക് നീട്ടി
Education

പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 20 ലേക്ക് നീട്ടി

മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം

News Desk

News Desk

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശന അപേക്ഷ സമര്‍പ്പണം ആഗസ്റ്റ് 14ല്‍ നിന്ന് 20 വരെ നീട്ടി. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയ സാഹചര്യത്തിലാണ് തീയതി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം. പ്രവേശന ഷെഡ്യൂളിലും മാറ്റം വരുത്തിയിട്ടുണ്ട്. സെപ്റ്റംബര്‍ 7നാണ് ഒന്നാം അലോട്ട്‌മെന്റ്. ട്രയല്‍ അലോട്ട്‌മെന്റ് 24 ലേക്ക് നീട്ടിയിട്ടുണ്ട്. സെപ്റ്റംബര്‍ 29ന് മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റ് ഒക്‌ടോബര്‍ മൂന്നുമുതല്‍ 23 വരെയായിരിക്കും. ഒക്‌ടോബര്‍ 23ന് പ്രവേശനം അവസാനിപ്പിക്കും.

പുതിയ സംവരണത്തിനനുസൃതമായി പ്രവേശന പ്രോസ്‌പെക്ടസിലും ഭേദഗതി വരുത്തി. പ്രോസ്‌പെക്ടസിന്റെ അനുബന്ധം ഒന്ന് മാതൃകയിലുള്ള സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ അനുബന്ധം രണ്ട് മാതൃകയിലുള്ള ഇന്‍കം ആന്‍ഡ് അസറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫിസുകളില്‍നിന്ന് നേടുന്നവര്‍ക്കാകും സംവരണ അര്‍ഹത.

പ്രവേശന പോര്‍ട്ടലില്‍ Apply online-SWSഎന്ന ലിങ്കിലൂടെ അപേക്ഷ സമര്‍പ്പിച്ചശേഷം കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്തശേഷം അതിലെ Weaker section Details Entry എന്ന ലിങ്കിലൂടെ ഇ.ഡബ്ല്യു.എസ് സംവരണവിവരങ്ങള്‍ സമര്‍പ്പിക്കാം. വിശദനിര്‍ദേശങ്ങള്‍ www. hscap.kerala.gov.in ല്‍ ലഭ്യമാണ്. മുന്നാക്ക വിഭാഗങ്ങളില്‍നിന്ന് അപേക്ഷകരില്ലെങ്കില്‍ അവശേഷിക്കുന്ന ഇ.ഡബ്ല്യു.എസ് സീറ്റുകള്‍ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റില്‍ പൊതുമെറിറ്റ് സീറ്റുകളാക്കി മാറ്റി പ്രവേശനം നടത്തും. ബുധനാഴ്ച വൈകുന്നേരം വരെ 4,66,118 പേര്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചു.

Anweshanam
www.anweshanam.com