സർവകലാശാല പരീക്ഷകൾ മേയ് 11 മുതൽ നടത്തണമെന്ന ഉത്തരവ് തിരുത്തി
Education

സർവകലാശാല പരീക്ഷകൾ മേയ് 11 മുതൽ നടത്തണമെന്ന ഉത്തരവ് തിരുത്തി

സർവകലാശാലകൾ പരീക്ഷാ തീയതി തീരുമാനിക്കുമെന്നാണു പുതിയ ഉത്തരവ്.

News Desk

News Desk

തിരുവനന്തപുരം: ലോക്ഡൗണിനു ശേഷം സർവകലാശാലാ പരീക്ഷകൾ മേയ് 11 മുതൽ നടത്തണമെന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് തിരുത്തി. സംസ്ഥാനത്തെ സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ചു സർവകലാശാലകൾ പരീക്ഷാ തീയതി തീരുമാനിക്കുമെന്നാണു പുതിയ ഉത്തരവിൽ പറയുന്നത്.

ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിച്ച് മേയ് 11 മുതൽ സർവകലാശാലാ പരീക്ഷകൾ നടത്താൻ ഒരുങ്ങണമെന്നു കഴിഞ്ഞ 18ന് ആണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. തുടർന്ന്,വിമാന,ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാതെ പരീക്ഷ നടത്തരുതെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ സർക്കാരിനു ലഭിച്ചിരുന്നു.

പരീക്ഷ നടത്തുന്നതിന് ഇതേവരെ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ചു പഠിക്കാൻ ഡോ. ബി ഇക്ബാൽ അധ്യക്ഷനായി കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിരുന്നു.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തെയും സർവകലാശാലാ പരിധിയിലെയും നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന് അനുസരിച്ചു സ്വന്തം നിലയിൽ സർവകലാശാലകൾക്കു ശേഷിക്കുന്ന പരീക്ഷകളുടെ തീയതി തീരുമാനിക്കാമെന്നാണു പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

പരീക്ഷകൾ നടത്തുന്നതു സർവകലാശാലകളുടെ സ്വയംഭരണാധികാരത്തിൽപ്പെട്ട കാര്യമാണെന്നും അതിൽ സർക്കാർ ഇടപെട്ടത് ശരിയല്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ പൊതുവായ നിർദേശം വേണമെന്നു സർവകലാശാലകൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ആദ്യത്തെ ഉത്തരവ് ഇറക്കിയതെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ നിലപാട്.

Anweshanam
www.anweshanam.com