ജെയിന്‍ യൂണിവേഴ്‌സിറ്റി വിവാദം; നടപടിക്കായി യുജിസിക്ക് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

കൊച്ചിയില്‍ ക്യാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് കത്തില്‍ പറയുന്നു. 
ജെയിന്‍ യൂണിവേഴ്‌സിറ്റി വിവാദം; നടപടിക്കായി യുജിസിക്ക് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊച്ചിയിലെ ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഓഫ് ക്യാമ്പസ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാന്‍ യുജിസിക്ക് കത്തയച്ചു. കൊച്ചിയില്‍ ക്യാമ്പസ് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ലെന്ന് കത്തില്‍ പറയുന്നു.

മാധ്യമങ്ങളില്‍ വന്‍ തോതില്‍ പരസ്യങ്ങളും പ്രചരണവും നടത്തി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഓഫ് ക്യാമ്പസ് എന്ന പേരില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കത്തില്‍ വിശദീകരിക്കുന്നു.

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം നേടി വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാവരുതെന്ന ഉദ്ദേശത്താടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലെന്നും ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് വ്യക്തമാക്കി.

ഇതിനിടെ വിഷയത്തില്‍ പ്രതികരണവുമായി കെ എസ് യു രംഗത്തെത്തി. സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് പിആര്‍ഡി ഉള്‍പ്പെടെ മുന്‍പ് സൂചിപ്പിക്കുകയും ഗവണ്‍മെന്റ് ഉദ്യോഗസ്ഥ തലത്തില്‍ നിന്നും യൂണിവേഴ്‌സിറ്റിക്കെതിരെ നിലപാട് എടുക്കുകയും ചെയ്തിരിക്കെ ഇതിനെയെല്ലാം അവഗണിച്ചു കൊണ്ട് മുന്നോട്ട് പോവാന്‍ സ്വകാര്യ യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് ധൈര്യം നല്‍കുന്നത് ആരാണെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഫേസ്ബുക്കിലൂടെ ചോദിച്ചു. വിദ്യാര്‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കയില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്നും കെഎം അഭിജിത്ത് ആവശ്യപ്പെട്ടു.

ജെയിന്‍ യൂണിവേഴ്‌സിറ്റിയിലെ കൊച്ചി ഓഫ് ക്യാമ്പസിലെ ബിരുദം സാധുവല്ലെന്ന് 2019 നവംബറില്‍ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ബെംഗുളൂരു ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് കൊച്ചിയില്‍ ഓഫ് ക്യാമ്പസ് തുടങ്ങാന്‍ യുജിസി അനുമതി നല്‍കിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാവരുതെന്നുമായിരുന്നു അന്നിറങ്ങിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്.

Related Stories

Anweshanam
www.anweshanam.com